ഡെങ്കിപ്പനി, മലേരിയ പോലുള്ള ഗൗരവമേറിയ അസുഖങ്ങള്‍ കൊതുകുകള്‍ വഴിയാണ് പരക്കുന്നതെന്ന് നമുക്കറിയാം. സൂക്ഷിച്ചില്ലെങ്കില്‍ ഈ അസുഖങ്ങളെല്ലാം തന്നെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഈ ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ കൊതുകുകളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്
മഴക്കാലമായാല്‍ കൊതുകുകള്‍ പെരുകുന്നതും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് വലിയൊരു പ്രതിസന്ധി. ഡെങ്കിപ്പനി, മലേരിയ പോലുള്ള ഗൗരവമേറിയ അസുഖങ്ങള്‍ കൊതുകുകള്‍ വഴിയാണ് പരക്കുന്നതെന്ന് നമുക്കറിയാം.
സൂക്ഷിച്ചില്ലെങ്കില്‍ ഈ അസുഖങ്ങളെല്ലാം തന്നെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഈ ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ കൊതുകുകളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. പരിപൂര്‍ണമായില്ലെങ്കില്‍ പോലും ഒരു പരിധി വരെ ഇതിന് സഹായകമാകുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കൊതുകുനിവാരണത്തിന് പ്രധാനമായും ചെയ്യേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അടക്കം നല്‍കാറുള്ളൊരു നിര്‍ദേശം തന്നെയാണ് ഇക്കൂട്ടത്തില്‍ ആദ്യമായി പങ്കുവയ്ക്കാനുള്ളത്. വീട്ടിലോ സമീപത്തോ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് ഈ നിര്‍ദേശം.
പഴയ പാത്രങ്ങള്‍, ചിരട്ടകള്‍, ചെറിയ കുഴികള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകളെല്ലാം പരിപൂര്‍ണമായി ഇല്ലാതാക്കുക. ഒപ്പം തന്നെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക. ഇതുവഴി കൊതുകുകള്‍ക്ക് പെറ്റുപെരുകാനും നിലനില്‍ക്കാനുമുള്ള സാഹചര്യം ഇല്ലാതാകുന്നു.
രണ്ട്...
കൊതുകുകടി ഒഴിവാക്കാനായി മൊസ്‌കിറ്റോ റിപലന്റ് ക്രീമുകള്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നത് ദോഷകരമാണെന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആദ്യം ചര്‍മ്മത്തില്‍ അപ്ലൈ ചെയ്ത് പരിശോധിച്ച ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല എന്നുറപ്പായാല്‍ തീര്‍ച്ചയായും ഇത് ഉപയോഗിക്കാവുന്നതാണ്. കിടക്കുന്നതിന് മുമ്പായി തേക്കാം. അതുപോലെ പകല്‍സമയങ്ങളില്‍ പോലും ഇതുപയോഗിക്കാവുന്നതാണ്.
മൂന്ന്...
വിവിധ എസന്‍ഷ്യല്‍ ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുകുകളെ അകറ്റിനിര്‍ത്താന്‍ സഹായകമാണ്. ലെമണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ (വെളിച്ചെണ്ണ ഉപയോഗിച്ച് നേര്‍പ്പിച്ച ശേഷം മാത്രം), പെപ്പര്‍മിന്റ് ഓയില്‍ (വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് യോജിപ്പിച്ച ശേഷം), ലാവണ്ടര്‍ ഓയില്‍, തൈം എസന്‍,്‌യല്‍ ഓയില്‍, സിട്രോണല്ല സ്‌പ്രേ, നീം ഓയില്‍ (വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് മാത്രം) എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്.
ഇവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. നേര്‍പ്പിച്ചുപയോഗിക്കേണ്ടവ അങ്ങനെ തന്നെ ഉപയോഗിക്കണം. അതുപോലെ സ്‌കിന്‍ അലര്‍ജിയുണ്ടോയെന്ന് ആദ്യം പരിശോധിച്ചുറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. മുറിവുകളിലോ പരിക്കുകളിലോ ഓയിലുകള്‍ പ്രയോഗിക്കാതിരിക്കുക
Also Read:- ഡെങ്കിപ്പനി മരണത്തിലേക്ക് വരെ നയിക്കുന്നത് എപ്പോള്‍? അറിയാം ലക്ഷണങ്ങള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona