മുംബൈയിലെ സാന്‍റാക്രൂസ് ഈസ്റ്റ് ഏരിയയില്‍ ശരീരം പാതി തളര്‍ന്ന നിലയിലാണ് വിജയ് ജഗ്തപ് എന്നയാളെ ഒരു സന്നദ്ധ സംഘടനയിലെ അംഗങ്ങള്‍ കണ്ടെത്തിയത്. ഓര്‍മ്മ നഷ്ടപ്പെട്ട വിജയ് ജഗ്പതിന് സ്വന്തം നാടിനെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ഒന്നും പങ്കുവയ്ക്കാൻ സാധിച്ചിരുന്നില്ല.
ടാറ്റൂ ചെയ്യുന്നത് ഇന്ന് വലിയ ട്രെൻഡാണ്. പ്രധാനമായും യുവാക്കളാണ് ടാറ്റൂവിനോട് ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ചിലര്‍ അത്ര പ്രാധാന്യമൊന്നും ഇതിന് നല്‍കാറില്ലെങ്കിലും മിക്കവരും ടാറ്റൂവിന്‍റെ ഗൗരവം മനസിലാക്കിത്തന്നെയാണ് ഇത് ചെയ്യാറുള്ളത്.
നിലവില്‍ യുവാക്കളാണ് ടാറ്റൂ ആരാധകരെങ്കിലും ഇത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രചാരത്തിലുള്ള സംഗതിയാണ്. പല സമുദായങ്ങളും അവരുടെ ആചാരങ്ങളുടെയോ വിശ്വാസത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ ഭാഗമായി തന്നെ ടാറ്റൂ ചെയ്യാറുണ്ട്.
ടാറ്റൂ, വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന അത്രയും പ്രത്യേകമായി തന്നെയുള്ള കാര്യമാണ്. പലപ്പോഴും കുറ്റകൃത്യങ്ങളിലോ അല്ലെങ്കില്‍ അപകടങ്ങളിലോ എല്ലാം വ്യക്തികളെ തിരിച്ചറിയാനും മറ്റുമായി അവരുടെ ശരീരത്തിലെ ടാറ്റൂ ഡിസൈനുകള്‍ സഹായിക്കാറുണ്ട്.
ഇപ്പോഴിതാ ഒരു എഴുപത്തിയഞ്ചുകാരന് ജീവിതത്തിലേക്കുള്ള രണ്ടാം വരവിന് വഴിയൊരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂ ഡിസൈൻ. മുംബൈയിലെ സാന്‍റാക്രൂസ് ഈസ്റ്റ് ഏരിയയില്‍ ശരീരം പാതി തളര്‍ന്ന നിലയിലാണ് വിജയ് ജഗ്തപ് എന്നയാളെ ഒരു സന്നദ്ധ സംഘടനയിലെ അംഗങ്ങള്‍ കണ്ടെത്തിയത്.
ഓര്‍മ്മ നഷ്ടപ്പെട്ട വിജയ് ജഗ്പതിന് സ്വന്തം നാടിനെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ഒന്നും പങ്കുവയ്ക്കാൻ സാധിച്ചിരുന്നില്ല. എങ്ങനെയാണ് അവിടെയെത്തിയത് എന്നും അദ്ദേഹത്തിന് ഓര്‍ത്തെടുക്കാൻ സാധിച്ചില്ല. എങ്കിലും ഇദ്ദേഹത്തെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ സാമൂഹ്യപ്രവര്‍ത്തകര്‍ പിന്നീടാണ് ഇദ്ദേഹത്തിന്‍റെ കയ്യിലെ ടാറ്റൂ ഡിസൈൻ ശ്രദ്ധിച്ചത്.
ഒരു സ്ഥലപ്പേരായിരുന്നു ഇദ്ദേഹത്തിന്‍റെ കയ്യില്‍ ടാറ്റൂ ചെയ്തിരുന്നത്. ജാര്‍ഖണ്ഡിലെ ജഗല്‍പൂര്‍ എന്ന സ്ഥലപ്പേരായിരുന്നു ടാറ്റൂ. അങ്ങനെ ഇതാകാം ഇദ്ദേഹത്തിന്‍റെ സ്വദേശം എന്ന നിഗമനത്തില്‍ സന്നദ്ധ സംഘടനാപ്രവര്‍ത്തകരെത്തി. തുടര്‍ന്ന് ഈ സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി.
ഒടുവില്‍ വിജയ് ജഗ്തപിന്‍റെ വീട്ടുകാരെ ഇവര്‍ കണ്ടെത്തുക തന്നെ ചെയ്തു. അദ്ദേഹത്തിന്‍റെ മകളും കുടുംബവും ഇപ്പോഴും നാട്ടിലുണ്ട്. ഇവരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ താല്‍ക്കാലിക അവശതകള്‍ മാറിയാല്‍ വിജയ് ജഗ്തപിനെ നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരുപക്ഷെ തിരിച്ചറിയാൻ കഴിയാതെ തെരുവില്‍ തന്നെയോ അല്ലെങ്കില്‍ ഏതെങ്കിലും ഷെല്‍ട്ടര്‍ ഹോമിലോ കഴിയേണ്ടി വരുമായിരുന്ന ഇദ്ദേഹത്തിന് കയ്യിലെ ടാറ്റൂ അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്മം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ചിത്രം : പ്രതീകാത്മകം
Also Read:- കണ്‍പോള തുളച്ച് 'റിംഗ്'; വേദനയില്ലേ എന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടി