സുഹാനയ്ക്കും ഒരു ഡ്യൂപുണ്ട് സോഷ്യൽ മീഡിയയിൽ. പാക്കിസ്ഥാൻ സ്വദേശിയായ ബരീഹയാണ് കക്ഷി. ബരീഹയോട് നിരവധി പേർ സുഹാനയെ പോലിരിക്കുന്നു എന്ന് പറയാറുണ്ടത്രേ.
ഒരാളെ പോലെ ഒമ്പത് പേരുണ്ടാകും എന്ന് പഴയ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ? ഈ ചൊല്ലിൽ സത്യമുണ്ടോ എന്ന വാദം അവിടെ നിക്കട്ടെ. ഒരാളെ പോലെ മറ്റ് പലരെയും കാണാൻ സാധിക്കുമെന്നത് ഒരു സത്യം തന്നെയാണ്. ഇത്തരത്തിൽ നമുക്ക് പരിചയമുള്ളവരുടെയോ നമ്മുടെ സുഹൃത്തുക്കളുടെയോ എല്ലാം മുഖഛായയിൽ മറ്റ് പലരെയും നാം കാണാറില്ലേ?
ഇനി, സെലിബ്രിറ്റികളാകുമ്പോൾ അവരുമായി മുഖസാദൃശ്യമുള്ളരെ കണെത്താനും ശ്രദ്ധ നേടാനുമെല്ലാം കുറെക്കൂടി എളുപ്പമാണ്. ഇത്തരത്തിൽ പ്രശസ്തരായവർ ഏറെയാണ്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് എന്ന് തുടങ്ങി നമ്മുടെ മലയാളി താരങ്ങളുടെ വരെ ഡ്യൂപുകൾ ഇത്തരത്തിൽ പ്രശസ്തരായിട്ടുണ്ട്.
അക്കൂട്ടത്തിലേക്കിതാ ഒരാളെ കൂടി പരിചയപ്പെടുത്തുകയാണ്. ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാന്‍റ മകൾ സുഹാന ഖാനെ എല്ലാവർക്കും അറിയാം. ഷാരൂഖ് ഖാന്‍റെ മകൾ എന്ന നിലയിൽ തന്നെയാണ് സുഹാന പ്രശസ്തയായിട്ടുള്ളത്, എന്നാലിപ്പോൾ സിനിമയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുത്തിരിക്കുകയാണ് സുഹാന.
സുഹാനയ്ക്കും ഒരു ഡ്യൂപുണ്ട് സോഷ്യൽ മീഡിയയിൽ. പാക്കിസ്ഥാൻ സ്വദേശിയായ ബരീഹയാണ് കക്ഷി. ബരീഹയോട് നിരവധി പേർ സുഹാനയെ പോലിരിക്കുന്നു എന്ന് പറയാറുണ്ടത്രേ. ബരിഹ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ചിത്രങ്ങൾ കാണുമ്പോൾ സുഹാനയുമായി സാമ്യത തോന്നുന്നതിൽ കുറ്റം പറയാൻ പറ്റില്ല.
ഇപ്പോഴിതാ ദുബായ് ട്രിപ്പിനിടെ സാക്ഷാൽ സുഹാനയെ നേരിൽ കണ്ടിരിക്കുകയാണ് ബരീഹ. സുഹാനയ്ക്കൊപ്പം ഫോട്ടോയുമെടുത്തു ഇവർ. ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണിപ്പോൾ ബരീഹ. തനിക്ക് സുഹാനയുടെ ചിത്രങ്ങൾ അയച്ചുതരുന്നവർക്ക് ഒറ്റയടിക്ക് തന്നെ താരതമ്യപ്പെടുത്താനിതാ ഒരുമിച്ചുള്ള ചിത്രമെന്ന അടിക്കുറിപ്പുമായി ബരീഹ പങ്കുവച്ച ഫോട്ടോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാൽ ബരീഹയെ കാണാൻ സുഹാനയെ പോലെ ഇല്ലെന്ന അഭിപ്രായവും ഏറെ പേർ പങ്കുവയ്ക്കുന്നുണ്ട്. ചിലർ സുഹാനയെ പോലെ തന്നെയിരിക്കുന്നുവെന്നും പറയുന്നു. മറ്റ് ചിലരാകട്ടെ, സുഹാനയെക്കാൾ സുന്ദരി ബരീഹയാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ഫോട്ടോ ഒന്ന് കണ്ടുനോക്കൂ...
Also Read:- മകന്‍റെ ഫോട്ടോയ്ക്ക് താഴെ ഷാരൂഖ് ഖാന്‍റെ കിടിലൻ കമന്‍റ് ; മറുപടിയുമായി ആര്യനും