സുബിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ഇവരുടെ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമൊപ്പം ഇവരുടെ ജീവിതശൈലിയും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. സുബി തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് ഇതിന് കാരണമായിരിക്കുന്നത്.
നടിയും അവതാരകയും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന സുബി സുരേഷിന്‍റെ വിയോഗവാര്‍ത്തയാണ് ഇന്ന് മലയാള ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുന്നത്. നാല്‍പത്തിയൊന്നാം വയസില്‍ കരള്‍രോഗത്തെ തുടര്‍ന്നാണ് സുബി വിടവാങ്ങിയിരിക്കുന്നത്. ഇത്രയും ചെറുപ്രായത്തില്‍ അരങ്ങില്‍ നിന്നും ജീവിതത്തില്‍ നിന്നും പ്രിയതാരം മടങ്ങിയതിന്‍റെ വേദനയിലാണ് അവരുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍.
മിനിസ്ക്രീനിലൂടെ അത്രമാത്രം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു സുബി. അതിനാല്‍ തന്നെ മരണശേഷം സുബിയെ ഓര്‍മ്മിക്കാനും സുബിക്ക് ആദരാഞ്ജലികളര്‍പ്പിക്കാനും വലിയ തിരക്കാണ് കാണുന്നത്. സോഷ്യല്‍ മീഡിയ നോക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാകും.
എന്നാലിപ്പോള്‍ സുബിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ഇവരുടെ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമൊപ്പം ഇവരുടെ ജീവിതശൈലിയും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. സുബി തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് ഇതിന് കാരണമായിരിക്കുന്നത്.
ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് പെടുന്നനെ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്നും തുടര്‍ന്ന് പത്ത് ദിവസത്തോളം ആശുപത്രിയിലായിരുന്നു, വിവിധ പരിശോധനകള്‍ നടത്തി, എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നുമെല്ലാം സുബി വീഡിയോയിലൂടെ പങ്കുവച്ചത്.
പ്രധാനമായും തന്‍റെ ഒരു ദുശ്ശീലത്തെ കുറിച്ചാണ് സുബി വീഡിയോയില്‍ എടുത്തുപറഞ്ഞിരുന്നത്. ഇത് മറ്റൊന്നുമല്ല- സമയത്തിന് ഭക്ഷണം കഴിക്കില്ല എന്നതാണ്. ഇങ്ങനെ ഭക്ഷണകാര്യത്തിലും മരുന്നുകള്‍ കഴിക്കുന്ന കാര്യത്തിലുമെല്ലാം ഏറെ പിറകിലായതിനാല്‍ ആണ് ഇങ്ങനെയൊരു അവസ്ഥ വന്നിരിക്കുന്നതെന്ന് തനിക്ക് ഉത്തമബോധ്യമുണ്ടെന്നും ആരും ഇതുപോലെ ആകരുതെന്നും സുബി സ്നേഹപൂര്‍വം വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു.
'എന്തുകൊണ്ടാണ് വീഡിയോകള്‍ വൈകിയത് എന്ന് നിങ്ങളോട് പറയണമല്ലോ. വേറൊന്നുമല്ല ഞാനൊന്ന് വര്‍ക്‍ഷോപ്പില്‍ കയറിയിരുന്നു. എന്‍റെ ഭാഷയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍. നമ്മടെ കയ്യിലിരുപ്പ് കൂടി നന്നാകണമല്ലോ. കയ്യിലിരുപ്പ് നല്ലതല്ല എന്നുവച്ചാല്‍ വേറൊന്നുമല്ല, സമയത്തിന് ആഹാരം കഴിക്കുക, സമയത്തിന് മരുന്ന് കഴിക്കുക തുടങ്ങിയ നല്ല ശീലങ്ങളൊന്നുമില്ലാത്തതിനാല്‍ എല്ലാം കൂടി ഒരുമിച്ചങ്ങ് വന്ന് ഒരു ഷൂട്ടിന് തലേന്ന് ഒട്ടും വയ്യാതായി- ബോഡി പെയിൻ, ചെസ്റ്റ് പെയിൻ, ഭയങ്കര ഗ്യാസ്ട്രിക് പ്രോബ്ലം...
...എന്നുവച്ചാ തലേദിവസം ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഭയങ്കര വൊമിറ്റിംഗായിരുന്നു. ഒരു കരിക്കിൻ വെള്ളം കുടിച്ചാല്‍ പോലും ഭയങ്കരമായിട്ട് വൊമിറ്റ് ചെയ്യുമായിരുന്നു. ആഹാരമൊന്നും കഴിക്കാൻ പറ്റിയില്ല. രണ്ട് ദിവസം ആഹാരം കഴിച്ചില്ലെന്ന് പറയുമ്പോള്‍ എന്‍റെയീ ശരീരത്തിന് താങ്ങാൻ പറ്റത്തില്ലല്ലോ. അപ്പോ അങ്ങനെ ഒത്തിരി ടയേഡായിട്ട്, ഗ്യാസ്ട്രോ പ്രോബ്ലം വന്നിട്ട് നെഞ്ചും പുറവുമെല്ലാം ഭയങ്കര വേദന. അപ്പോ എനിക്ക് ടെൻഷൻ വന്നിട്ട് പോയിട്ട് ഇസിജിയൊക്കെ എടുത്തുനോക്കി. പറയാൻ പറ്റില്ലല്ലോ മനുഷ്രുടെ കാര്യമല്ലോ എന്നാലോചിച്ചു. പക്ഷേ പേടിക്കാനൊന്നുമുണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു....'- സുബി വീഡിയോയില്‍ പറയുന്നു.
തുടര്‍ന്നും പക്ഷേ സമയത്തിന് മരുന്ന് കഴിക്കാതെയും അലസമായും ജോലിയും യാത്രകളുമൊക്കെയായി ഒന്നും ശ്രദ്ധിക്കാതെ അങ്ങനെ പോയി എന്നും ആഹാരം കഴിക്കാനുള്ള ഒരു തോന്നലേ ഇല്ലായിരുന്നു, തുടര്‍ന്ന് ഗ്യാസ്ട്രിക് പ്രോബ്ലം കാര്യമായി വന്നു, ഛര്‍ദ്ദിയും വന്നുവെന്നും സുബി പറയുന്നു. പിത്താശയത്തില്‍ ഒരു കല്ല് കണ്ടെത്തിയതാണ് സുബി പിന്നീട് വീഡിയോയില്‍ പറയുന്ന മറ്റൊരു പ്രശ്നം. എന്നാലത് പേടിക്കാനുള്ള അവസ്ഥയില്‍ അല്ലെന്നും സുബി സൂചിപ്പിച്ചിരുന്നു. പിത്താശയത്തിലെ കല്ല് അപകടകരമായി വന്നാല്‍ കീഹോള്‍ സര്‍ജറിയിലൂടെ അത് നീക്കാവുന്നതേയുള്ളൂവെന്നും സുബി സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതായും ഫുള്‍ ബോഡി ചെക്കപ്പ് നടത്തിയതായും സുബി പറയുന്നുണ്ട്. അപകടമുള്ള ഒരു പ്രശ്നവും കണ്ടെത്തിയില്ല എന്നാണ് ഈ വീഡിയോയില്‍ സുബി ആവര്‍ത്തിച്ച് പറയുന്നത്. ആഹാരം ശരിയാം വിധം കഴിക്കാത്തതാണ് തന്നെ ഏറെയും ബാധിച്ചിരിക്കുന്നതെന്നും ഇവര്‍ എടുത്തുപറയുന്നുണ്ട്. ഇതിന്‍റെ പരിണിതഫലങ്ങളെ കുറിച്ചും അതുണ്ടാക്കിയ പ്രയാസങ്ങളെ കുറിച്ചുമെല്ലാം സുബി വിശദീകരിക്കുന്നു.
ഒന്നും ശ്രദ്ധിക്കാതെ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഓടിനടക്കുന്നത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് പരിപാടികളൊന്നുമില്ലാതെ വീട്ടില്‍ തന്നെയിരിക്കുന്നത് ഇഷ്ടമല്ല, ജോലിയോട് അത്രയും ആവേശമായതിനാലാണെന്നും സുബി കൂട്ടിച്ചേര്‍ക്കുന്നു.
ആഹാരം, വിശ്രമം, ഉറക്കം, വ്യായാമം എന്നിവയ്ക്ക് ജീവിതത്തില്‍ എത്ര പ്രാധാന്യമുണ്ടെന്നും ഇവയില്‍ വരുന്ന അശ്രദ്ധകള്‍ എത്രമാത്രം മനുഷ്യനെ ബാധിക്കുമെന്നും ഓര്‍മ്മപ്പെടുത്തുന്നതാണ് സുബിയുടെ വീഡിയോ. ഏതാനും ദിവസങ്ങളായി സുബിയുടെ ആരോഗ്യനില പ്രശ്നത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെയെല്ലാം വാക്കുകളിലൂടെ മനസിലാക്കാനാവുന്നത്. കരളിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ കരള്‍മാറ്റിവയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു.
സുബിയുടെ വീഡിയോ...
Also Read:- ഫാറ്റി ലിവർ രോഗം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...