സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. എന്താണ് വിവാഹം എന്നാണ് ചോദ്യം
സ്കൂളുകളിലും ക്ലാസ്മുറികളിലുമെല്ലാം നടക്കുന്ന രസകരമായ സംഭവവികാസങ്ങള്‍ ഇന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി വരാറുണ്ട്. കുട്ടികളുടെ കുസൃതികളോ കലാപരമായ കഴിവുകളോ അല്ലെങ്കില്‍ അവരുടെ ചെറിയ അബദ്ധങ്ങളോ മുതല്‍ മുതിര്‍ന്നവരെ അമ്പരപ്പിക്കുന്ന അവരുടെ ചിന്തകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്.
സമാനമായൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്.
എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും 'മണ്ടത്തരം' എന്നര്‍ത്ഥം വരുന്ന രീതിയില്‍ 'നോണ്‍സെൻസ്' എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്.
വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമതാണ്.
'പെണ്‍മക്കള്‍ 'വലുത്' ആയി സ്ത്രീ ആയി മാറുമ്പോള്‍ അവളോട് അച്ഛനും അമ്മയും പറയും- ഇനിയും ഞങ്ങള്‍ക്ക് നിനക്ക് ഭക്ഷണം തരാൻ സാധിക്കില്ല, നീ നിനക്ക് ഭക്ഷണം തരാൻ സാധിക്കുന്ന വേറെ ആരെയെങ്കിലും കണ്ടെത്തുന്നതാണ് നല്ലത്. പെണ്‍കുട്ടിയാണെങ്കില്‍ അച്ഛനമമ്മമാര്‍ പോയി വിവാഹം കഴിക്ക് എന്ന് ബഹളം വച്ചിരിക്കുന്ന ഒരാളെ കണ്ടെത്തും. ഇയാളോട് ഇയാളുടെ മാതാപിതാക്കള്‍ താൻ വലുതായിരിക്കുന്നു എന്ന് പറയും. അങ്ങനെ രണ്ട് പേരും പരസ്പരം 'ടെസ്റ്റ്' ചെയ്ച് സന്തോഷമായാല്‍ വിവാഹം കഴിക്കും. പിന്നെ ഓരോ മണ്ടത്തരങ്ങള്‍ ഒരുമിച്ച് ചെയ്ത്....'- ഇങ്ങനെ പോകുന്നു രസകരമായ ഉത്തരം. ഇത്രയുമാണ് വൈറലായ ഫോട്ടോയിലുള്ളത്.
സംഗതി ടീച്ചര്‍ ചീട്ട് കീറിയെങ്കിലും വിദ്യാര്‍ത്ഥിയുടെ ഉത്തരത്തിന് നാട്ടില്‍ നിറയെ കയ്യടി കിട്ടിയെന്ന് പറയാം. കുട്ടി സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും വിവാഹത്തെ കുറിച്ച് ഇത്രയും ആത്മാര്‍ത്ഥമായ ഒരുത്തരം മറ്റാരും നല്‍കുന്നത് കണ്ടിട്ടില്ലെന്നുമെല്ലാമാണ് മിക്കവരുടെയും കമന്‍റുകള്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയെന്ന് ചുരുക്കം.
What is marriage? 😂 pic.twitter.com/tM8XDNd12P
— Velu (@srpdaa)