കുട്ടികൾ മിക്കവാറും ദേഷ്യം പ്രകടമാക്കുന്നത് സങ്കടം, പേടി, ഭാവിയെ കുറിച്ചുള്ള ആശങ്ക, പിരിമുറുക്കം, മറ്റുള്ള ആളുകളുടെ മുന്നിൽ വെച്ച് കുറ്റപ്പെടുത്തുമ്പോൾ, ചെയ്യാത്ത തെറ്റിന് വഴക്ക് പറയുമ്പോൾ, നാണക്കേട് തോന്നുമ്പോൾ, അസൂയ തോന്നുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിലാണ്.
ഓരോ വ്യക്തിയും അവരുടെ ദേഷ്യം കാണിക്കുന്നത് പലരീതിയിലായിരിക്കും. അതുപോലെ തന്നെയാണ് കുട്ടികളും. കുട്ടികൾ അവരുടെ ദേഷ്യം കാണിക്കുന്നത് ചിലപ്പോൾ നെറ്റി ചുളിച്ചാവും. അല്ലെങ്കിൽ ഒച്ചത്തിൽ ശബ്ദമുണ്ടാക്കിയും പ്രകടിപ്പിക്കാം. കുട്ടികളിലെ അമിത ദേഷ്യം നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസിലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം.
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അമിതമായ ദേഷ്യം പല മാതാപിതാക്കളെയും അലട്ടുന്ന ഒന്നാണ്. എങ്ങനെ അവരിലെ ദേഷ്യം നിയന്ത്രിക്കണമെന്ന് പലർക്കും അറിയില്ല. എന്നാൽ ഇതുവരെ ശ്രദ്ധിക്കാത്ത ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മക്കളിലെ അമിത ദേഷ്യം നിയന്ത്രിക്കാനാകും.
മുതിർന്നവരുടെ ദേഷ്യവും കുട്ടികളുടെ ദേഷ്യവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സാധാരണയായി മുതിർന്ന ആളുകൾ ദേഷ്യപ്പെടുന്നത് രണ്ട് സാഹചര്യങ്ങൾ കൊണ്ടാണ്. മറ്റുള്ളവരിൽ നിന്നും അവർക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള പെരുമാറ്റമോ പ്രവർത്തിയോ ഉണ്ടാകുമ്പോൾ എനിക്കത് ഇഷ്ടമായില്ല എന്ന് പ്രകടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വികാരങ്ങളിൽ ഒന്നാണ് ദേഷ്യം. അതുകൂടാതെ ഡിപ്രഷൻ, ആങ്സൈറ്റി തുടങ്ങി വിവിധ മനോരോഗങ്ങൾ കൊണ്ടും അമിതമായ ദേഷ്യം പ്രകടിപ്പിക്കാറുണ്ട്.
കുട്ടികൾ മിക്കവാറും ദേഷ്യം പ്രകടമാക്കുന്നത് സങ്കടം, പേടി, ഭാവിയെ കുറിച്ചുള്ള ആശങ്ക, പിരിമുറുക്കം, മറ്റുള്ള ആളുകളുടെ മുന്നിൽ വെച്ച് കുറ്റപ്പെടുത്തുമ്പോൾ, ചെയ്യാത്ത തെറ്റിന് വഴക്ക് പറയുമ്പോൾ, നാണക്കേട് തോന്നുമ്പോൾ, അസൂയ തോന്നുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിലാണ്.
Read more കുട്ടികളിൽ ഈ ആറ് കഴിവുകൾ ഉണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ
ചില കുട്ടികളിൽ ദേഷ്യം പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് അപസ്മാരം. ഇതുകൂടാതെ ടെൻഷൻ , നിരാശ, ഹൈപ്പർ ആക്ടിവിറ്റി, പേടി, സ്വഭാവംവൈകല്യങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയുള്ള കുട്ടികളിലും അമിതമായ ദേഷ്യം കണ്ടു വരാറുണ്ട്.
പാരമ്പര്യമായി പകർന്നു നൽകപ്പെടുന്ന ഒരു വികാരം കൂടിയാണ് ദേഷ്യം. കുട്ടികളുടെ പേരന്റ്സിന് ആർക്കെങ്കിലും അല്ലെങ്കിൽ പേരൻസിന്റെ സഹോദരി സഹോദരന്മാർക്ക് ആർക്കെങ്കിലും അമിത ദേഷ്യം ഉണ്ടെങ്കിലും അത് കുട്ടികൾക്കും കിട്ടിയേക്കാം.
പൊതുവേ കുട്ടികൾക്ക് അമിതമായ ദേഷ്യം ഉണ്ടാകുന്നത് എങ്ങനെ? കുട്ടികളിലെ ദേഷ്യം എങ്ങനെ പരിഹരിക്കാം?
അമിതമായി ദേഷ്യപ്പെടുന്ന കുട്ടികളുടെ പ്രശ്നം ചെറിയ പ്രായത്തിൽ തന്നെ പരിഹരിച്ചില്ലെങ്കിൽ അവരുടെ ജീവിതത്തിലെ വഴിത്താരയിൽ പല മേഖലയെയും മോശമായ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. ദേഷ്യക്കാരായ കുട്ടികൾക്ക് ഫ്രണ്ട്സ് വളരെ കുറവായിരിക്കും സുഹൃത്തുക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് സൗഹൃദത്തിന്റെ എണ്ണം കുറയ്ക്കുന്നത്. സുഹൃത്തുക്കൾ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ അവരിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾ ഷെയർ ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യത്തിൽ മറ്റുള്ളവരോട് പ്രത്യേകിച്ച് പേരൻസിനോട് അമിതമായി ദേഷ്യപ്പെടാൻ തുടങ്ങും തനിക്ക് ആരും ഇല്ലെന്ന് തോന്നൽ ഒരു പക്ഷേ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കും.
പഠനത്തെ തുടർന്ന് ജോലിക്ക് കയറുകയാണെങ്കിൽ ഇഷ്ടപ്പെടാത്ത രീതിയിലുള്ള പ്രവർത്തിയും പെരുമാറ്റവും സൂപ്പർവൈസർ, കോ- വർക്കേഴ്സ് എന്നിവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെങ്കിൽ ദേഷ്യപ്പെടുകയും ജോലി റിസൈൻ ചെയ്തു പോരുകയും അങ്ങനെ ജോലിയിൽ അസ്ഥിരത ഉണ്ടാക്കാനും കാരണമാകും.
വിവാഹശേഷം അവർ ഇഷ്ടപ്പെടാത്ത രീതിയിലുള്ള പെരുമാറ്റം പങ്കാളിയിൽ നിന്നും മക്കളുടെ ഭാഗത്തു നിന്നാൽ നിന്നും ഉണ്ടായാൽ പോലും അവർ അത് ദേഷ്യത്തിലൂടെ പ്രകടിപ്പിക്കുകയും പൊട്ടിത്തെറിക്കുകയും കയ്യിൽ കിട്ടുന്ന സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യും
അങ്ങനെ അമിതമായ ദേഷ്യം വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ജോലിയിലും കുടുംബ ജീവിതത്തിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. തുടക്കത്തിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിത ദേശവും അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങളും വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്നതാണ്.
1) കുട്ടികൾക്ക് അഗ്രഷനും ആങ്കറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കി കൊടുക്കുക:
ദേഷ്യം എന്നത് നോർമലായ ഒരു വികാരമാണ് പൊതുവേ ദേഷ്യപ്പെടുമ്പോൾ എല്ലാവരും രണ്ട് രീതിയിലാണ് പ്രകടിപ്പിക്കുന്നത്. ചിലർ വാക്കുകൾ ഉപയോഗിച്ചും മറ്റു ചിലർ ശരീരം ഉപയോഗിച്ചും. വാക്കുകൾ ഉപയോഗിച്ച് ദേഷ്യപ്പെടുമ്പോൾ മോശം വാക്കുകളും നല്ല വാക്കുകളും ഉപയോഗിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യത്തിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് തെറ്റാണെന്നും നല്ല വാക്കുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ആക്രമണ സ്വഭാവം ഉള്ളവർ ദേഷ്യം വരുമ്പോൾ കയ്യിൽ കിട്ടുന്നത് എന്തും വലിച്ചെറിയുകയും നശിപ്പിക്കുകയും വീട്ടിലുള്ളവരെയും അടുത്തു നിൽക്കുന്നവരെയും ഉപദ്രവിക്കുകയും ചെയ്യും. ഇത് തീർത്തും തെറ്റായ ഒന്നാണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അവർ പ്രകടിപ്പിക്കുന്ന അതേ വികാരം തന്നെ തിരിച്ചു ഉപയോഗിക്കരുത് ശാന്തമായി ശബ്ദം താഴ്ത്തി വേണം കാര്യങ്ങൾ അവരോട് സംസാരിക്കേണ്ടത്.
2) വീട്ടിൽ ഒരു ആങ്കർ റൂൾസ് ഉണ്ടാക്കിയെടുക്കണം:
പൊതുവേ എല്ലായിടത്തും നമ്മൾക്ക് നിയമങ്ങൾ ഉള്ളതുപോലെ ദേഷ്യം പ്രകടിപ്പിക്കുന്ന സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം.
ദേഷ്യപ്പെടാം പക്ഷേ കയ്യിൽ കിട്ടുന്ന വസ്തുക്കൾ എടുത്ത് നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കാൻ പറഞ്ഞു കൊടുക്കണം. സുഹൃത്തുക്കളെയും മറ്റുള്ളവരെയും ഉപദ്രവിക്കാൻ പാടില്ല, സ്വയം ഉപദ്രവിക്കരുത്, ഭക്ഷണം കഴിക്കാതിരിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്, വളർത്തു മൃഗങ്ങളെ ഉപദ്രവിക്കരുത്. കുട്ടികൾ ഏതെല്ലാം സാഹചര്യത്തിലാണ് ദേഷ്യപ്പെടുന്നത് എന്ന് നിങ്ങൾ സ്വയം മനസ്സിലാക്കുകയും അതിലെ ചീത്ത വശം നിങ്ങൾ മനസ്സിലാക്കുകയും കൃത്യമായി എഴുതിവെച്ച് ഒരു ആങ്കർ റൂൾ തയ്യാറാക്കി വീടുകളിൽ ഫോളോ ചെയ്യാൻ ശ്രമിക്കുക.
കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3) മക്കൾക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ഒരുക്കുക
സാധാരണ മനസ്സിൽ കെട്ടിക്കിടക്കുന്ന സങ്കടങ്ങളും നിരാശകളുമാണ് പലപ്പോഴും ദേഷ്യത്തിന്റെ രൂപത്തിൽ പുറത്തുവരുന്നത്. അതുകൊണ്ട് കുട്ടികൾക്ക് എന്ത് വിഷമം വന്നാലും അമ്മയോടോ അച്ഛനോടോ മറ്റു കുടുംബാംഗങ്ങളോട് തുറന്നു പറയുവാനുള്ള സാഹചര്യം വീടുകളിൽ ഒരുക്കുക. നിങ്ങളെ ആരും വഴക്കു പറയില്ല എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
4) കുട്ടികൾ ദേഷ്യപ്പെടുമ്പോൾ നിങ്ങൾ ശാന്തരായിരിക്കുക:
കുട്ടികൾ ദേഷ്യപ്പെടുമ്പോൾ അതിന്റെ ഇരട്ടി ശബ്ദത്തിൽ ദേഷ്യപ്പെട്ട് അവരെ അടിച്ചമർത്താൻ മാതാപിതാക്കൾ ശ്രമിക്കരുത്. ഇത്തരം പെരുമാറ്റങ്ങൾ കുട്ടികളുടെ ദേഷ്യം ഇരട്ടിയാക്കുകയും അവർ നമ്മൾ ഉണ്ടാക്കുന്നതിലും ശബ്ദത്തിൽ സംസാരിക്കുകയും ഉപദ്രവിക്കുകയും കയ്യിൽ കിട്ടുന്ന വസ്തുക്കൾ എടുത്തു നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് വളരെ പക്വതയോടു കൂടി വേണം ഇത്തരം സാഹചര്യങ്ങൾ പേരൻസ് കൈകാര്യം ചെയ്യേണ്ടത്.
മാതാപിതാക്കൾ ദേഷ്യപ്പെട്ടാൽ അവർ അവരുടെ ഇമോഷനുകൾ സപ്രസ് ചെയ്തു വയ്ക്കും. അങ്ങനെ വരുമ്പോൾ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ കഴിയാതെ വരികയും വലിയ നഷ്ടങ്ങളിലേക്ക് എത്തുകയും ചെയ്യും. ഇത്തരം നഷ്ടങ്ങൾ നിങ്ങളുടെ കുടുംബത്തിൽ ഇല്ലാതിരിക്കാൻ വേണ്ടി കുഞ്ഞുങ്ങൾ ദേഷ്യപ്പെടുമ്പോൾ അവരുടെ വികാരങ്ങളെ പുറന്തള്ളാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും വളരെ ക്ഷമയോടുകൂടി അവർക്ക് പറയാനുള്ള കാര്യങ്ങൾ കേട്ടിരിക്കുകയും ചെയ്യുന്നത് നല്ലതാണ്. അവരുടെ സങ്കടം മാറിയതിനുശേഷം അവരോട് സ്നേഹത്തോട് സംസാരിക്കുക ചേർത്തു പിടിക്കുകയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
5) ദേഷ്യം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കുക അതു കുട്ടികൾക്ക് പ്രവർത്തിച്ച് കാണിക്കുക
കുട്ടികളുടെ റോൾ മോഡൽസ് എപ്പോഴും പേരൻസ് തന്നെയാണ്. അതുകൊണ്ട് പേരൻസ് എപ്പോഴും ദേഷ്യപ്പെടാതെയും അല്ലെങ്കിൽ ദേഷ്യം വരുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഉദാഹരണസഹിതം അല്ലെങ്കിൽ റോൾ പ്ലേ നടത്തിയും കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുക. ജീവിതത്തിൽ ഓരോ സാഹചര്യങ്ങളിൽ എങ്ങനെയാണോ ദേഷ്യം നിങ്ങൾ കൺട്രോൾ ചെയ്തത് എന്ന് വൺ ബൈ വൺ ആയി അവരെ പറഞ്ഞു മനസ്സിലാക്കുക.
പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുക. ദേഷ്യത്തെ തുടർന്ന് ഉണ്ടാകുന്ന കൊലപാതകവും സംഘർഷങ്ങളും മറ്റും എന്തുകൊണ്ട് ഉണ്ടാകുന്നു, ദേഷ്യം കണ്ട്രോൾ ചെയ്താൽ ഒഴിവാക്കാമായിരുന്നില്ലേ അതുമൂലം എന്തെല്ലാം നഷ്ടമാണ് അവർക്കുണ്ടായത് എന്നതുകൂടി കുട്ടികളെ ബോധ്യപ്പെടുത്തുക. ഇത്തരം ടിപ്സുകൾ ഉപയോഗിച്ചിട്ടും നിങ്ങൾക്ക് കുട്ടികളുടെ ദേഷ്യം ഒഴിവാക്കാൻ സാധിക്കുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് പരിചയസമ്പന്നരായ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യേണ്ടതുമാണ്. അങ്ങനെ ചെയ്താൽ നമ്മുടെ കുട്ടികളുടെ ദേഷ്യത്തെ ഒരു സാധാരണ വികാരമാക്കി മാറ്റുവാനും കഴിയുന്നതാണ്.
അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം