വാലന്റൈൻസ് ഡേ, ക്രിസ്മസ് മെഗാ വില്പനകൾക്ക് ശേഷം കാലിയായ തങ്ങളുടെ വെയർഹൗസുകൾ വീണ്ടും സെക്സ് ടോയ് സ്റ്റോക്കുകൊണ്ട് നിറയ്‌ക്കേണ്ട സമയം അതിക്രമിച്ചു എന്ന് കമ്പനി പ്രതികരിച്ചു
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ഇളകിത്തുടങ്ങി എന്നും, ബ്ലോക്ക് മാറിത്തുടങ്ങുന്നു എന്നുമൊക്കെയുള്ള വാർത്തകളാണ് ദിവസങ്ങൾ നീണ്ട പ്രതിസന്ധിക്കു ശേഷം ഇപ്പോൾ പുറത്തുവന്നത്. കനാലിൽ എവർഗിവൺ എന്ന ഭീമൻ ചരക്കുകപ്പൽ മണൽതിട്ടയിൽ ഇടിച്ചു കയറിയതിന്റെ പേരിലുണ്ടായ ബ്ലോക്കിൽ കന്നുകാലികളും, പലവിധത്തിലുള്ള ചരക്കുസാമഗ്രികളും കയറ്റിയ 150 -ലധികം കാർഗോ കപ്പലുകൾ ഉണ്ടായിരുന്നു എങ്കിലും അതിന്റെ പേരിൽ മുടങ്ങാൻ പോകുന്നത് നെതർലാൻഡ്സിലെ വലിയൊരു വിഭാഗം ആളുകളുടെ ആനന്ദാന്വേഷണങ്ങൾ കൂടിയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
കഴിഞ്ഞ ദിവസം തങ്ങൾക്കു സംഭവിക്കാൻ പോകുന്ന കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരനഷ്ടത്തെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ട് രംഗത്തുവന്നത് ഇഡിസി റീട്ടെയിൽ എന്നൊരു കമ്പനിയായിരുന്നു. ഈ കമ്പനി നെതർലാൻഡ്സിലെ ഏറ്റവും വലിയ ഓൺലൈൻ സെക്സ് ടോയ്‌സ് നിർമാണ കമ്പനിയാണ്. വാലന്റൈൻസ് ഡേ, ക്രിസ്മസ് മെഗാ വില്പനകൾക്ക് ശേഷം കാലിയായ തങ്ങളുടെ വെയർഹൗസുകൾ വീണ്ടും സെക്സ് ടോയ് സ്റ്റോക്കുകൊണ്ട് നിറയ്‌ക്കേണ്ട സമയം അതിക്രമിച്ചു എന്നും സൂയസ് കനാലിലെ ഈ ട്രാഫിക് ബ്ലോക്ക് കാരണം അതിനു നേരിടുന്ന ഈ കാലതാമസം ഏറെ അരോചകമാണ് എന്നും കമ്പനി പ്രതികരിച്ചു. ഇരുപത് കണ്ടെയ്‌നർ നിറയെ ഡിൽഡോകളും, വൈബ്രേറ്ററുകളും, പുരുഷന്മാർക്കുള്ള സെക്സ് ടോയ്‌സുമാണ് ഇങ്ങനെ സൂയസ് കനാലിൽ പെട്ടുകിടക്കുന്ന കപ്പലിൽ ഉള്ളത്.
അതേസമയം, സൂയസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ ചലിച്ച് തുടങ്ങിഎന്നും, തടസ്സം നീങ്ങിയെന്നുമൊക്കെ കപ്പൽ കമ്പനി അധികൃതർ അവകാശപ്പെടുന്നുണ്ട്. രക്ഷാ ദൗത്യവുമായി കൂടുതൽ ടഗ് ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ നീക്കാൻ തുടങ്ങിയത്. 400 മീറ്റർ നീളമുള്ള എവർ ഗിവൺ കനാലിൽ ഗുരുതര ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചത് വ്യാഴാഴ്ചയാണ്. മണലിൽ ഉറച്ച കപ്പലിന് അടിയിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റ് ചെയർമാൻ സാമ റാബി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. നിയന്ത്രണം നഷ്ടമായ കണ്ടെയ്നർ കപ്പൽ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂർണമായും അടഞ്ഞത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയിൽ രജിസ്റ്റർ ചെയ്ത 'എവർ ഗിവൺ' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതർലാൻഡിലെ റോട്ടർഡാമിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പൽ. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പൽ കനാലിൽ കുടുങ്ങിയത്. തായ്‍വാനിലെ ഒരു കമ്പനിയായ എവർ ഗ്രീൻ മറൈനാണ് ഈ കപ്പലിൻറെ ചുമതലയിലുള്ളത്.