കത്തുന്ന അടുപ്പുമായി നടന്നുകൊണ്ടാണ് ഇദ്ദേഹം സമൂസ തയ്യാറാക്കുന്നത്. നടന്നുതന്നെ വില്‍പനയും ചെയ്യുന്നു. നാല് സമൂസയ്ക്ക് പത്ത് രൂപ എന്ന നിരക്കിലാണ് വില
ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനോ തമാശയ്‌ക്കോ വേണ്ടിയുള്ളതാണെങ്കില്‍, ചില വീഡിയോകള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതും ഓര്‍മ്മപ്പെടുത്തുന്നതും ആയിരിക്കും.
നാം അറിയാത്ത, അനുഭവിക്കാത്ത തരം ജീവതങ്ങളെ അടുത്ത് മനസിലാക്കാനും അതുവഴി ലോകത്തെ തന്നെ കൂടുതല്‍ അറിയാനുമെല്ലാം ഉപകരിക്കുന്ന തരം വീഡിയോകളെ കുറിച്ചാണ് സൂചിപ്പിച്ചത്. പലപ്പോഴും വെറുതെ സ്‌ക്രോള്‍ ചെയ്തുകളയുന്ന ഇത്തരം വീഡിയോകള്‍ നമ്മുടെ ജീവിതത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. അതൊരുപക്ഷേ നമ്മള്‍ തിരിച്ചറിയണമെന്ന് തന്നെയില്ല.
അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'യൂട്യൂബ് സ്വാദ് ഒഫീഷ്യല്‍' ആണ് ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്. യുപിയിലെ ലക്‌നൗവില്‍ തെരുവില്‍ സമൂസ വില്‍ക്കുന്നൊരു കൗമാരക്കാരനാണ് വീഡിയോയിലുള്ളത്.
കത്തുന്ന അടുപ്പുമായി നടന്നുകൊണ്ടാണ് ഇദ്ദേഹം സമൂസ തയ്യാറാക്കുന്നത്. നടന്നുതന്നെ വില്‍പനയും ചെയ്യുന്നു. നാല് സമൂസയ്ക്ക് പത്ത് രൂപ എന്ന നിരക്കിലാണ് വില. ഒരു കയ്യില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്റ്റൗവും മറുകയ്യില്‍ തയ്യാറാക്കിയ സമൂസകളും മറ്റും വച്ചിരിക്കുന്ന പാത്രവും കൊണ്ടാണ് നടപ്പ്. അടുപ്പിന് മുകളില്‍ സദാസമയവും തിളയ്ക്കുന്ന എണ്ണയും കാണാം.
വളരെയധികം അപകടം പിടിച്ച രീതിയിലാണ് ചെറുപ്പക്കാരന്‍ കച്ചവടം നടത്തുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്റായി രേഖപ്പെടുത്തുന്നത്. എങ്കിലും ചെറുപ്രായത്തില്‍ തന്നെ ഈ രീതിയില്‍ അധ്വാനിക്കാന്‍ കാണിക്കുന്ന മനസിന് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും ഏവരും പറയുന്നു.
ഇതുവരെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്തായാലും വൈറലായ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ഇഡ്ഡലിക്ക് രണ്ടര രൂപ, ദോശയ്ക്ക് അഞ്ച്; വൈറലായി ഈ അമ്മയുടെ വീഡിയോ