Russia Culture : ചിരിക്കാന്‍ പിശുക്കുന്ന റഷ്യക്കാര്‍; കൗതുകകരമായ ചില വസ്തുതകള്‍

By Web Team  |  First Published Feb 25, 2022, 6:45 AM IST

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനും ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. പുടിന്റെ മുഖത്ത് എല്ലായ്‌പോഴും കാണുന്ന നിഗൂഢമായ ചിരിയെ പറ്റി മുമ്പ് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രസകരമായ പല നിരീക്ഷണങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു


ചിരിക്കാത്ത മനുഷ്യരുണ്ടാകുമോ എന്നൊരു ചോദ്യം ( Smiling Faces )ചോദിച്ചാല്‍ ഒട്ടും ചിന്തിക്കാതെ തന്നെ എല്ലാവരും ഉത്തരം നല്‍കും. ചിരിക്കാത്ത മനുഷ്യരില്ല എന്നുതന്നെ ആയിരിക്കും ഉത്തരം. ഒരു ദിവസം ( Daily Activites )  തന്നെ എത്ര തവണയാണ് നമ്മള്‍ ചിരിക്കുന്നത്. ഇതില്‍ എത്ര തരം ചിരി ഉള്‍പ്പെടുന്നു. 

എന്നാല്‍ ചിരിയുടെ കാര്യത്തില്‍ ഗൗരവമായും പിശുക്ക് കാണിക്കുന്ന ചില വിഭാഗക്കാരുണ്ട്. പൊതുവിലുള്ള ജീവിതനിലവാരം, സംസ്‌കാരം, വിശ്വാസം എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇത്തരത്തില്‍ ചിരിക്ക് പിശുക്ക് കാണിക്കുന്നത്. 

Latest Videos

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പോളണ്ടില്‍ നിന്നുള്ള ഒരു മനശാസ്ത്ര വിദഗ്ധന്‍ 44 രാജ്യങ്ങളിലെ ചിരി വൈവിധ്യങ്ങളെ കുറിച്ച് പഠിക്കുകയുണ്ടായി. കുബ ക്രിസ് എന്നായിരുന്നു ഈ മനശാസ്ത്ര വിദഗ്ധന്റെ പേര്. ഏറ്റവും കുറവ് ചിരിക്കുന്ന ചില രാജ്യക്കാരെ ക്രിസ് തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തി. ഇന്ന് വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന റഷ്യയാണ് കൂട്ടത്തിലൊരു രാജ്യം. 

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനും ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. പുടിന്റെ മുഖത്ത് എല്ലായ്‌പോഴും കാണുന്ന നിഗൂഢമായ ചിരിയെ പറ്റി മുമ്പ് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രസകരമായ പല നിരീക്ഷണങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാമ്പ്രദായികമായി തന്നെ റഷ്യക്കാര്‍ക്ക് ചിരിയില്‍ അല്‍പം പിശുക്ക് ഉണ്ടെന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. 

ഓരോ ചിരിക്കും ഓരോ അര്‍ത്ഥതലവും, ചിരിക്കേണ്ടുന്ന സന്ദര്‍ഭങ്ങളും ചിരിക്കരുതാത്ത സന്ദര്‍ഭങ്ങളുമെല്ലാം റഷ്യക്കാര്‍ക്കുണ്ട്. ഇത്തരത്തില്‍ പത്തോളം ചിരിയെ കുറിച്ച് ലോസിഫ് സ്റ്റെര്‍നിന്‍ എന്നൊരു റഷ്യന്‍ പ്രൊഫസറുടെ വിശദമായ വിശകലനം വന്നിട്ടുണ്ട്. വളരെയധികം കൗതുകം തോന്നിക്കുന്ന വിവരങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. 

റഷ്യയില്‍ ഏറ്റവുമധികം പേര്‍ ഏറ്റവും സാധാരണമായി ചിരിക്കുന്നത് ചുണ്ടുകള്‍ ചേര്‍ത്തുവച്ചുള്ളതാണത്രേ. ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണേ്രത പല്ല് വെളിയില്‍ കാണിച്ച് ചിരിക്കുക. മുകള്‍നിരയിലെയും താഴെ നിരയിലെയും പല്ലുകള്‍ കാണും വിധം ചിരിക്കുന്നത് മോശമായാണ് ഇവിടെ കരുതപ്പെടുന്നതെന്നും പ്രൊഫസര്‍ സ്റ്റെര്‍നിന്റെ വിശകലനത്തില്‍ പറയുന്നു. 

വിനയത്തിന്റെ പ്രതിഫനമായി ചിരിക്കരുത്. അങ്ങനെ ചിരിച്ചാല്‍ തന്നെ അത് ആത്മാര്‍ത്ഥത ഇല്ലായ്മയുടെ അടയാളമായേ കണക്കാക്കൂ. അപരിചിതര്‍ തമ്മില്‍ പരസ്പരം ചിരിക്കേണ്ടതില്ല. അഥവാ ചിരിച്ചാല്‍ അവര്‍ തമ്മില്‍ അറിയുവാനോ അടുക്കുവാനോ ആഗ്രഹിക്കുന്നു എന്നാണത്രേ അര്‍ത്ഥം. അതുപോലെ പരിചയപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അത് സൂചിപ്പിക്കാന്‍ ചെറുതായി ചിരിക്കാം. 

ചില ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും ആളുകള്‍ ചിരിച്ചുകൂട എന്നുണ്ടത്രേ. കസ്റ്റംസ് ഏജന്റുകളെ പോലെയുള്ള ഗൗരവമേറിയ ജോലിക്കാരെയാണ് ഇതിനുദാഹരണമായി പ്രൊഫസര്‍ സ്റ്റെര്‍നിന്‍ ചൂണ്ടിക്കാട്ടുന്നത്. 

ക്ലാസ്മുറിയിലിരുന്ന് വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും അത്ര നല്ല പെരുമാറ്റമായി എടുക്കുന്നില്ല. 'എന്താ ഇത്ര ചിരിക്കാന്‍...' - എന്ന വാചകം റഷ്യയില്‍ ശരിക്കും വഴക്കുപറയാനുപോഗിക്കുന്ന വാചകമാണെന്ന് തന്നെ പറയാം, അല്ലേ? 

ക്ലാസ്മുറി മാത്രമല്ല, ആരെങ്കിലും കാര്യമായി സംസാരിക്കുന്ന ഇടം, പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സമയം, ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അവസരം - ഇവിടെയൊന്നും ചിരിക്ക് സ്ഥാനമില്ല. 

ചിരിക്കുമ്പോള്‍ അത് ഹൃദയം തുറന്നായിരിക്കണമെന്നും, ആത്മാര്‍ത്ഥമായിരിക്കണമെന്നുമാണ് റഷ്യയിലെ തത്വം. ആരെങ്കിലും പെട്ടെന്ന് ഒരു സംഘം ആളുകള്‍ക്ക് മുന്നില്‍ ചിരിക്കുകയാണെങ്കില്‍, അയാള്‍ക്ക് എന്തോ നല്ലത് സംഭവിച്ചിട്ടുണ്ടെന്നാണ് സംഘം കണക്കാക്കേണ്ടതത്രേ. അടുത്തതായി അത് എന്താണെന്ന് അയാള്‍ സംഘത്തോട് അറിയിക്കുകയും ചെയ്യാം. അതും ഒരു നാട്ടുനടപ്പ്. അറിയിക്കാതിരുന്നാല്‍ റഷ്യക്കാര്‍ അത് എന്തായിരിക്കുമെന്ന് ആലോചിച്ച് ഉറക്കം വരെ നഷ്ടപ്പെടുത്തുമെന്നും പ്രൊഫസറുടെ വിശകലനം രസകരമായി പറഞ്ഞുവയ്ക്കുന്നു.

Also Read:- ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില 'അസാധാരണ' ഘടകങ്ങള്‍...

click me!