ഇതുവരെ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള,ഒരുപാട് ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്ന വീഡിയോ ആണിതെന്നും യുദ്ധത്തിനെതിരായ സന്ദേശമാണിത് നല്‍കുന്നതെന്നും മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നു
യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ ( Russia Ukraine War ) തുടര്‍ന്ന് മനസിനെ അസ്വസ്ഥതപ്പെടുത്തുന്ന വാര്‍ത്തകളാണ് ദിവസവും നാമിപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും. യുദ്ധത്തില്‍ പക്ഷം ചേരുന്നവരും, യുദ്ധത്തിനെ ന്യായീകരിക്കുന്നവരും ( Against War ) ഉണ്ടെങ്കിലും ഏറെ പേരും യുദ്ധം വേണ്ട എന്ന അഭിപ്രായക്കാര്‍ തന്നെയാണ്.
ഫെബ്രുവരി 24നാണ് റഷ്യ- യുക്രൈയ്ന്‍ അധിനിവേശം സ്ഥിരീകരിച്ചത്. ഇതിന് ശേഷം കുട്ടികളടക്കം ആയിരങ്ങളാണ് യുക്രൈയ്‌നില്‍ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ മറ്റിടങ്ങളിലേക്ക് പലയാനം ചെയ്തു. ഇപ്പോഴും പലായനം തുടരുകയാണ്.
തങ്ങളാല്‍ ആകുംവിധം റഷ്യന്‍ സേനയെ പ്രതിരോധിക്കുകയാണ് യുക്രൈയ്ന്‍. ഇതിനിടെ ഭക്ഷണടമക്കമുള്ള ആവശ്യങ്ങള്‍ക്ക് മാര്‍ഗമില്ലാതെ യുക്രൈയ്‌നില്‍ പലയിടങ്ങളിലും റഷ്യന്‍ പട്ടാളക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുക്രൈയ്‌നിന്റെ പിടിയിലകപ്പെട്ട പട്ടാളക്കാരുമുണ്ട് ഇക്കൂട്ടത്തില്‍.
അത്തരത്തില്‍ യുക്രൈയ്‌നിന്റെ പിടിയിലായ ഒരു റഷ്യന്‍ പട്ടാളക്കാരന് ഭക്ഷണം നല്‍കുന്ന യുക്രൈയ്‌നികളുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. അരക്ഷിതാവസ്ഥയില്‍ തകര്‍ന്നുനില്‍ക്കുന്ന പട്ടാളക്കാരന് ചൂടുള്ള ചായയും കേക്കും നല്‍കി അയാളെ സാന്ത്വനിപ്പിക്കുന്നവരെയാണ് വീഡിയോയില്‍ കാണുന്നത്.
തുടര്‍ന്ന് പട്ടാളക്കാരന്റെ അമ്മയെ വീഡിയോ കോള്‍ ചെയ്ത് മകന്‍ സുരക്ഷിതനാണെന്ന് അവര്‍ അറിയിക്കുകയും ചെയ്യുന്നു. വീഡിയോകോളില്‍ അമ്മയെ കണ്ടതോടെ സംസാരിക്കാന്‍ പോലുമാകാതെ വിതുമ്പുകയാണ് പട്ടാളക്കാരന്‍. ഈ സമയത്ത് സമീപത്ത് നില്‍ക്കുന്നവര്‍ അദ്ദേഹത്തെയും അമ്മയെയും ഒരുപോലെ സമാധാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.
റഷ്യയുടെ മനോഭാവമല്ല, തങ്ങള്‍ക്കെന്നും യുദ്ധത്തിനിടയിലും വറ്റാത്ത കരുണയുണ്ടെന്നും കാണിക്കുകയാണ് യുക്രൈയ്‌നികള്‍. യുദ്ധക്കെടുതികളുടെയും, മരണങ്ങളുടെയും, പലായനങ്ങളുടെയും, സംഘര്‍ഷങ്ങളുടെയും വാര്‍ത്തകള്‍ക്കിടയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്തരം വാര്‍ത്തകള്‍.
ഇതുവരെ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള,ഒരുപാട് ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്ന വീഡിയോ ആണിതെന്നും യുദ്ധത്തിനെതിരായ സന്ദേശമാണിത് നല്‍കുന്നതെന്നും മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി, പുറത്തുവിടുന്നത് ശരിയല്ലെന്നും ഇതില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും വീഡിയോ അതിര്‍ത്തികളെല്ലാം ഭേദിച്ച് ലോകമൊട്ടാകെയും പ്രചരിക്കുന്ന സാഹചര്യമുണ്ടായി എന്നതാണ് സത്യം.
Remarkable video circulating on Telegram. Ukrainians gave a captured Russian soldier food and tea and called his mother to tell her he’s ok. He breaks down in tears. Compare the compassion shown here to Putin’s brutality. pic.twitter.com/KtbHad8XLm
— Christopher Miller (@ChristopherJM)
യുദ്ധമുഖത്ത് ഭക്ഷണമോ, ഇന്ധനമോ കിട്ടാതെ റഷ്യന്‍ സേന തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഒരു ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു. സൈനികര്‍ മേലധികാരികളോട് ഭക്ഷണവും ഇന്ധനവും വികരണം ചെയ്യണമെന്നാവശ്യപ്പെടുന്ന റേഡിയോ സന്ദേശങ്ങള്‍ രഹസ്യാന്വഷണ ഏജന്‍സി പിടിച്ചെടുക്കുകയായിരുന്നുവത്രേ. ചില സൈനികർ കരഞ്ഞുകൊണ്ടാണ് മേലധികാരികളോട് സംസാരിക്കുന്നതെന്നും ചിലരാകട്ടെ, അവരോട് കയർത്താണ് സംസാരിക്കുന്നതെന്നും ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Also Read:- ചിരിക്കാന്‍ പിശുക്കുന്ന റഷ്യക്കാര്‍; കൗതുകകരമായ ചില വസ്തുതകള്‍