നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2022. ജനുവരിയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മുതല്‍ നവംബറില്‍ നടി ആലിയ കപൂര്‍ വരെ അമ്മയായി.
2022-ന് വിട പറയാന്‍ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പല സെലിബ്രിറ്റികള്‍ക്കും ഈ വര്‍ഷം ഏറെ പ്രിയപ്പെട്ടതാണ്. കാരണം നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2022. ജനുവരിയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മുതല്‍ നവംബറില്‍ നടി ആലിയ കപൂര്‍ വരെ അമ്മയായി.
2022-ല്‍ ജനിച്ച കുട്ടി സെലിബ്രിറ്റികളെ അറിയാം...
മാള്‍ട്ടി മേരി ചോപ്ര ജൊനാസ്...
2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്ര വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. 2018- ൽ ആണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
നീല്‍ കിച്‌ലു...
ഏപ്രില്‍ 19-നാണ് തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍റെ മുഖം വ്യക്തമാകുന്ന ചിത്രം അടുത്തിടെയാണ് താരം പങ്കുവച്ചത്. 'നീല്‍ കിച്‌ലു-എന്റെ ജീവിതത്തിലെ സ്‌നേഹവും എന്റെ ഹൃദയത്തുടിപ്പും'- എന്നാണ് അന്ന് കാജല്‍ കുറിച്ചത്. നേരത്തെ ലോക മാതൃദിനത്തിലാണ് മകന്‍റെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ പങ്കുവച്ചത്. എന്നാല്‍ കുട്ടിയുടെ മുഖം ഒട്ടും വ്യക്തമാവാത്ത രീതിയിലായിരുന്നു ആ ചിത്രം. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് കാജല്‍.
വായു...
2022 ഓഗസ്റ്റ് 20-നാണ് ബോളിവുഡ് നടി സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും മകന്‍ ജനിച്ചത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. അടുത്തിടെ മകന്‍ വായുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
നയന്‍സിന്‍റെ ഇരട്ടക്കുട്ടികള്‍...
തമിഴകത്തിന്‍റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വാര്‍ത്തയാണ് ഈ വര്‍ഷം എല്ലാവരെയും ഞെട്ടിച്ചത്. 2022 ഒക്ടോബര്‍ ഒമ്പതിന് വിഘ്നേഷ് ശിവനാണ് തങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വാടകഗർഭധാരണത്തിലൂടെ ആണ് നയന്‍താര അമ്മയായത്. "നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം"- എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. ജൂണ്‍ 9-ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്.
റാഹ...
നവംബര്‍ ആറിനാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ഒരു മകള്‍ പിറന്നത്. ആലിയ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'റാഹ' എന്നാണ് മകളുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ആലിയ പേര് വെളിപ്പെടുത്തിയത്. കുഞ്ഞിന്‍റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം.
ദേവി ബസു സിംഗ് ഗ്രോവര്‍...
നവംബര്‍ 12-നാണ് ബോളിവുഡ് നടി ബിപാഷ ബസു അമ്മയായത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു. 2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്.
Also Read: വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ സെലിബ്രിറ്റി ദമ്പതികൾ ഇവരാണ്