68ാം നിലയില്‍ നിന്ന് മരണത്തിലേക്ക് പതിച്ച റെമി എനിഗ്മയെന്ന സാഹസികൻ ആര്?

By Web Team  |  First Published Aug 3, 2023, 9:21 PM IST

സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടയ്ക്കെങ്കിലും നിങ്ങള്‍ കണ്ടിരിക്കും. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൈവരികളിലൂടെയും, സണ്‍ഷെയ്ഡിലൂടെയുമെല്ലാം ഓടിയും ചാടിയും അതിസാഹസികത കാണിക്കുന്നവരെ.


ആകാശം മുട്ടുംവിധത്തിലുള്ള കെട്ടിടങ്ങളുടെ ഏറ്റവും മുകളില്‍,  നമ്മെ ഭയപ്പെടുത്തുന്ന ഉയരത്തില്‍ ഏറ്റവും ശാന്തനായി നില്‍ക്കുന്ന റെമി. താഴെ നഗരം ഒരുറുമ്പിൻ കൂട് പോലെ ചെറുതാകുമ്പോള്‍ റൂഫ് ടോപ്പിലെ കൈവരിയിലൂടെ ആ കാഴ്ചയും കണ്ട് സാവധാനം നടന്നും, പിന്നെ ഓടിയും അടുത്ത കെട്ടിടത്തിന്‍റെ കൈവരിയിലേക്ക് ചാടിക്കയറിയും എല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിച്ച റെമി. 

ഫ്രഞ്ച് ഫോട്ടോഗ്രാഫറായ റെമി എനിഗ്മ അഥവാ റെമി ലുസീഡി എന്ന മുപ്പതുകാരനെ കുറിച്ച് ലോകമെമ്പാടുമുള്ള ധാരാളം പേര്‍ ഇപ്പോള്‍ അന്വേഷിക്കുകയാണ്. മരണത്തോടെയാണ് റെമി ഈവിധം പ്രശസ്തിയുടെ ഉന്നതിയിലേക്ക് എത്തിയിരിക്കുന്നത് എന്ന് പറയാം. 

Latest Videos

undefined

സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടയ്ക്കെങ്കിലും നിങ്ങള്‍ കണ്ടിരിക്കും. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൈവരികളിലൂടെയും, സണ്‍ഷെയ്ഡിലൂടെയുമെല്ലാം ഓടിയും ചാടിയും അതിസാഹസികത കാണിക്കുന്നവരെ. ഇതൊക്കെ കണ്ടിരിക്കാൻ പോലും നല്ല മനക്കട്ടി വേണമെന്നുള്ളതിനാല്‍ പലരും ഇങ്ങനെയുള്ള വീഡിയോകളൊന്നും കാണാനേ മെനക്കെടാറില്ലെന്നതാണ് സത്യം.

അതേസമയം സാഹസികതയെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെയുള്ള വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിക്കും. കൂട്ടത്തില്‍ റെമിയെയും. കാരണം ഈ മേഖലയില്‍ അതിപ്രശസ്തനായിരുന്നു റെമിയും. എന്നാല്‍ ഹോങ്കോങ്ങില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കൂറ്റനൊരു കെട്ടിടത്തിന്‍റെ അറുപത്തിയെട്ടാം നിലയില്‍ നിന്ന് താഴെ വീണ് മരിക്കും വരെ റെമിയുടെ പ്രശസ്തി, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുള്ളില്‍ മാത്രമുള്ളതായിരുന്നുവെങ്കില്‍ ഇന്ന് അത് അങ്ങനെയല്ല.

 

 

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ റെമിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണ്. ആരായിരുന്നു ഇദ്ദേഹം, എന്തുകൊണ്ടാണ് ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ളൊരു കായികവിനോദം അദ്ദേഹം തെരഞ്ഞെടുത്തത്, എന്നുതുടങ്ങി പലതും റെമിയെ കുറിച്ച് അന്വേഷിക്കുകയാണ് ഇവര്‍. 

പ്രൊഫഷണലി ഫോട്ടോഗ്രാഫര്‍ ആണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ചെറുപ്പം മുതല്‍ക്ക് തന്നെ സാഹസികതയോട് പ്രിയമുണ്ടായിരുന്നു. അങ്ങനെ സാന്ദര്‍ഭികമായി ഉയരമുള്ള കെട്ടിടങ്ങള്‍ കീഴടക്കുകയെന്ന സ്വപ്നങ്ങളിലേക്ക് കടന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല രാജ്യങ്ങളിലും ചെന്ന് അവിടെയെല്ലാമുള്ള ഉയരം കൂടിയ കെട്ടിടങ്ങള്‍ കീഴടക്കി. 

സ്വന്തം രാജ്യമായ ഫ്രാൻസിന് പുറമെ ബള്‍ഗേറിയ, പോര്‍ച്ചുഗല്‍, ഉക്രൈൻ, ദുബയ് എന്നിവിടങ്ങളിലെല്ലാം ഇതുപോലെ റെമി എത്തി. മുൻകൂറായി ഏവരെയും അറിയിച്ച് പോകുന്നതിന് പകരം തന്‍റേതായ രീതിയില്‍ ആയിരുന്നു റെമിയുടെ സ്റ്റണ്ട്. ഹോങ്കോങ്ങിലെ അവധിയാഘോഷത്തിനിടയിലും ഇതേ ലക്ഷ്യവുമായാണ് ട്രിഗണ്ടര്‍ ടവറിലും എത്തിയത്. 

ഒരു സുഹൃത്തിനെ കാണാനാണ് എന്ന് പറഞ്ഞാണ് റെമി കെട്ടിടത്തിനകത്തേക്ക് കയറിയത്. സംശയം തോന്നിയ സെക്യൂരിറ്റി റെമി പറഞ്ഞയാളെ ബന്ധപ്പെട്ടുനോക്കി. അങ്ങനെയൊരാള്‍ അവിടെ താമസിച്ചിരുന്നുവെങ്കിലും അയാള്‍ക്ക് റെമിയെ അറിയുമായിരുന്നില്ല. 

ശേഷം റെമിയെ കെട്ടിടത്തിനകത്ത് ഇവര്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. അവസാനമായി റെമിയെ കണ്ടത് അറുപത്തിയെട്ടാം നിലയിലെ ജോലിക്കാരിയാണത്രേ. ജനാലയില്‍ തട്ടി, റെമി സഹായമഭ്യര്‍ത്ഥിച്ചുവത്രേ. ജോലിക്കാരി പൊലീസില്‍ വിളിച്ച് വിവരമറിയിച്ചപ്പോഴേക്ക് ബാലൻസ് തെറ്റി റെമി താഴേക്ക് പതിച്ചിരുന്നു. 

 

 

എന്തായാലും അകാലത്തില്‍ പൊലിഞ്ഞ താരത്തിന് ആരാധകരെല്ലാം കണ്ണീരോടെ യാത്ര നല്‍കിയിരിക്കുകയാണ്. ഇതുവരെ റെമിയെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരാകട്ടെ, മരണശേഷം അദ്ദേഹത്തിന്‍റെ സാഹസികതകളിലൂടെ പേടിയോടെയും എന്നാല്‍ അതിശയത്തോടെയും കണ്ണോടിക്കുകയാണ്. പക്ഷേ എത്ര കൗതുകമാണെങ്കിലും എങ്ങനെയാണ് ജീവൻ ഇങ്ങനെ അമ്മാനമാടുന്നത് എന്ന സംശയം ആളുകളില്‍ ബാക്കി നില്‍ക്കുകയാണ്. റെമിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്‍റുകളിലെല്ലാം ഈ സംശയം കാണാം. സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാതെ എന്തിനാണിത് ചെയ്യുന്നതെന്നും, ഇത്തരം സാഹസികതകള്‍ അനുവദിച്ചുകൂടെന്നുമെല്ലാം പലരും പറയുന്നു. 

ഇതിനിടെ റെമിയുടെ മരണത്തിലേക്കും ജീവിതത്തിലേക്കും ആഴത്തില്‍ ഇറങ്ങിപ്പോവുകയാണ് പലരും. അദ്ദേഹം മനപൂര്‍വം സ്വയം അവസാനിപ്പിച്ചതാണോ, അതോ അപകടം തന്നെയോ, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടല്ലേ ഈ സാഹസികതകളെല്ലാം- അങ്ങനെയെങ്കില്‍ മരണത്തിലേക്ക് കടന്നപ്പോള്‍ റെമി ഭയന്നിട്ടുണ്ടായിരിക്കുമോ? ഒടുവില്‍ അപരിചിതയായ ഒരു സ്ത്രീയോട് സഹായം ചോദിക്കുമ്പോള്‍ എന്തായിരിക്കും റെമിയുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാവുക... ഉത്തരമില്ലാത്ത, അല്‍പം നോവിക്കുന്ന ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കി മരണത്തിന്‍റെ താഴ്ചയിലേക്കോ ഉയര്‍ച്ചയിലേക്കോ... നമുക്ക് അപ്രാപ്യമായ ഏതോ ഒരിടത്തേക്ക് റെമി പോയ് മറഞ്ഞിരിക്കുന്നു. 

Also Read:- പച്ചയ്ക്ക് സസ്യാഹാരം മാത്രം കഴിച്ച് ഡയറ്റ്; ഫുഡ‍് ഇൻഫ്ളുവൻസര്‍ക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!