പ്രിന്‍ററിനകത്ത് ഒളിച്ചിരുന്ന് വിഷപ്പാമ്പ്; വീഡിയോ

By Web Team  |  First Published Jan 16, 2023, 7:37 PM IST

ഓഫീസിലെ അധികൃതര്‍ വൈകാതെ തന്നെ പാമ്പിനെ പിടികൂടുന്ന സംഘത്തെ വിവരമറിയിക്കുകയും അവര്‍ വന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ കാര്യമായ ശ്രദ്ധ നേടുന്നത്. 


വീട്ടിനകത്തോ കെട്ടിടങ്ങള്‍ക്കകത്തോ പാമ്പുകള്‍ കയറിക്കൂടിയാല്‍ അത് തീര്‍ച്ചയായും പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം തന്നെയാണ്. കാരണം പുറത്ത് പാമ്പിനെ കാണുന്നത് പോലെയല്ല അകത്ത് കാണുന്നത്. പാമ്പ് എവിടെയാണ് ഒളിച്ചിരിക്കുകയെന്നോ എപ്പോഴാണ് അപകടം സംഭവിക്കുകയെന്നോ പറയുക സാധ്യമല്ല. 

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പ്രൊഫഷണലായി പാമ്പുകളെ പിടികൂടുന്ന സംഘങ്ങളെയോ പൊലീസിനെയോ തന്നെ വിവരമറിയിക്കുന്നതാണ് ഉചിതം. അല്ലാതെ സ്വന്തമായി കൈകാര്യം ചെയ്യാനോ, നിസാരമായി തള്ളിക്കളയാനോ നില്‍ക്കരുത്. 

Latest Videos

ഇപ്പോഴിതാ ഫേസ്ബുക്കില്‍ ഇത്തരത്തിലൊരു വീഡിയോ ആണ് കാര്യമായ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഓഫീസിനകത്ത് പാമ്പ് കയറിക്കൂടി ഒളിച്ചിരുന്നതാണ് സംഭവം. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇത് നടന്നിരിക്കുന്നത്. 

റിസപ്ഷനില്‍ ജോലി ചെയ്യുന്ന യുവതിയാണ് പ്രിന്‍ററിനകത്ത് ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയത്. പ്രിന്‍ററില്‍ പേപ്പര്‍ തീര്‍ന്നുപോയതോടെ പേപ്പര്‍ നിറയ്ക്കാനൊരുങ്ങുകയായിരുന്നുവത്രേ ഇവര്‍. അപ്പോഴാണ് അതിനകത്ത് പാമ്പിനെ കണ്ടത്. ഉടൻ തന്നെ ആ ഭാഗം അടച്ചുവച്ച് എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു.

ഓഫീസിലെ അധികൃതര്‍ വൈകാതെ തന്നെ പാമ്പിനെ പിടികൂടുന്ന സംഘത്തെ വിവരമറിയിക്കുകയും അവര്‍ വന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ കാര്യമായ ശ്രദ്ധ നേടുന്നത്. 

സംഭവം വീര്യമേറിയ വിഷമുള്ള പാമ്പ് തന്നെയായിരുന്നു ഇത്. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ തന്നെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പായ 'ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കാ'യിരുന്നു ഇത്. കടിയേറ്റാല്‍ അധികം വൈകാതെ തന്നെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയെല്ലാം പ്രശ്നത്തിലാവുകയും ശ്വാസം മുട്ടലോടെ കടിയേറ്റയാള്‍ മരിക്കുകയുമാണ് ചെയ്യുക. 

ഓസ്ട്രേലിയയില്‍ വളരെ സാധാരണയായി കാണപ്പെടുന്ന പാമ്പാണിത്. എന്നാല്‍ അധികവും കൃഷിയും മറ്റുമുള്ള സ്ഥലങ്ങളിലാണ് ഇവയെ കാണപ്പെടുക. ഇവിടെ എലി പോലുള്ള ചെറുജീവികളെ ഭക്ഷിച്ച് കഴിഞ്ഞുകൂടുന്നതാണ് ഇവയുടെ രീതി. എന്തായാലും പാമ്പിനെ കണ്ട ഉടൻ തന്നെ ധൈര്യപൂര്‍വം പെരുമാറിയ റിസപ്ഷനിസ്റ്റിനും സമയബന്ധിതമായി പാമ്പുപിടുത്തക്കാരെ എത്തിച്ച ഓഫീസ് അധികൃതര്‍ക്കുമെല്ലാം അഭിനന്ദനം അറിയിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം. 

വീഡിയോ...

 

Also Read:- സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ്; ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ ആശുപത്രിയില്‍

tags
click me!