കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ

By Web Team  |  First Published Jun 13, 2024, 9:26 AM IST

സ്കൂളിനോടുള്ള ഭയം കാരണം പല കുട്ടികളും സ്കൂളിൽ പോകാൻ മടി കാണിക്കാറുണ്ട്. സ്കൂളിൽ എത്തിക്കഴിഞ്ഞാൽ ടീച്ചേഴ്സ് അവരെക്കൊണ്ട് വായിപ്പിക്കുകയോ എഴുതിക്കുകയോ കണക്ക് ചെയ്യിക്കുമ്പോഴോ തെറ്റുകൾ സംഭവിക്കുമ്പോൾ കുട്ടികൾക്ക് സങ്കടവും ദേഷ്യവും ഉണ്ടാകും. അതിന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം സ്കൂളിൽ പോവുകയും പിന്നീട് പോകാതിരക്കും. പതിയെ പതിയെ തീർത്തും പോകാൻ മടി കാണിക്കുകയും ചെയ്യും.


സ്കൂൾ തുറന്നല്ലോ. മിക്ക കുട്ടികളും സ്കൂളിൽ പോകാൻ മടിയായിരിക്കും. കുട്ടികൾ സ്കൂളിൽ പോകാൻ മടി കാണിക്കുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

പുതിയ ക്ലാസ് മുറിയും പുതുപുത്തൻ യൂണിഫോമും ബാഗും പുസ്തകങ്ങളും നോട്ടുബുക്കുകളും പേനയും പെൻസിലും ഉണ്ടായിട്ടും നിങ്ങളുടെ കുട്ടി സ്കൂളിൽ പോകാൻ മടി കാണിക്കുന്നുണ്ടോ? മക്കളിലെ ഈ പ്രവണത എങ്ങനെ മാറ്റിയെടുക്കാം?

Latest Videos

പലപ്പോഴും കുട്ടികൾ പറയുന്നത് എനിക്ക് ഈ സ്കൂളിൽ പഠിക്കേണ്ട മുൻപ് പഠിച്ച സ്കൂൾ മതി , അല്ലെങ്കിൽ  എനിക്ക് വീട്ടിലിരുന്ന് പഠിച്ചാൽ മതി, എനിക്ക് ടീച്ചറെ പേടിയാ ഇങ്ങനെ സ്കൂളിൽ പോകാതിരിക്കാൻ നിരവധി  കാരണങ്ങൾ പറയുകയും മടി കാണിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതര സന്ദർഭത്തിൽ എന്തുചെയ്യണമെന്നറിയാതെ ഭൂരിഭാഗം മാതാപിതാക്കളും ധർമ്മസങ്കടത്തിലാകാറുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ  ചില കാരണങ്ങളും പരിഹാരങ്ങളുമുണ്ട്. 

കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ

1) സെപ്രേഷൻ ആംഗ്സൈറ്റി ഡിസോർഡർ (Seperation Anxiety Disorder)

മാതാപിതാക്കളെ പിരിഞ്ഞിരിക്കുമ്പോൾ ചില കുട്ടികൾക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. സ്കൂളിൽ എത്തിച്ച എന്നെ എപ്പോഴാണവർ കൊണ്ടുപോകാൻ വരുന്നത്?'..അവർ എന്നെ ഉപേക്ഷിച്ചു പോയതാണോ?..... ഇനി വരില്ലേ.?.. ഇത്തരം ചിന്തകളിൽ നിന്നുമുണ്ടാകുന്ന ആംഗ്സൈറ്റി കാരണം സ്കൂൾ വിട്ട് വീട്ടിലെത്തിയാലും ഇടക്കിടെയുള്ള കരച്ചിൽ, ഭക്ഷണം കഴിക്കാൻ താൽപര്യ കുറവ്, ഉറക്കത്തിൽ സ്കൂളിൻ്റെ പേര് പറഞ്ഞു ഞെട്ടിയുണർന്നുള്ള കരച്ചിൽ, ക്ലാസിൽ പോകുന്നിലെന്നു പറഞ്ഞു യൂണിഫോം ധരിക്കാതിരിക്കുക എന്നിവയെല്ലാം സെപ്രേഷൻ ആംഗ്സൈറ്റി ഡിസോർഡറിൻ്റെ ലക്ഷണങ്ങളാണ്.

2) സോഷ്യൽ ഫോബിയ (Social Phobia)

ചില കുട്ടികൾ വീട്ടിൽ വളരെ നന്നായി സംസാരിക്കും. പക്ഷേ പുറത്തിറങ്ങിയാൽ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒരക്ഷരം പോലും മിണ്ടില്ല. കുടുംബത്തോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുകയാണെങ്കിൽ മാതാപിതാക്കളോടൊപ്പം ചേർന്ന് നടക്കുവാനാണ് അവർ ഇഷ്ടപ്പെടുന്നത്.  സമപ്രായക്കാരായ കുട്ടികളുമൊത്ത് കൂട്ടുകൂടാതിരിക്കുക, മുഖത്തു നോക്കി സംസാരിക്കാതിരിക്കുക, ബന്ധു വീടുകളിൽ ഒരു ദിവസം പോലും മാറി നിൽക്കാതിരിക്കുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. 

Read more 'എഡിഎച്ച്ഡി അത്ര ഭീകരനല്ല, എഡിഎച്ച്ഡിയുള്ള കുട്ടികൾ പ്രത്യേക കഴിവുള്ളവർ...';

3) സ്കൂൾ ഫോബിയ (School Phobia)

സ്കൂളിനോടുള്ള ഭയം കാരണം പല കുട്ടികളും സ്കൂളിൽ പോകാൻ മടി കാണിക്കാറുണ്ട്. സ്കൂളിൽ എത്തിക്കഴിഞ്ഞാൽ ടീച്ചേഴ്സ് അവരെക്കൊണ്ട് വായിപ്പിക്കുകയോ എഴുതിക്കുകയോ കണക്ക് ചെയ്യിക്കുമ്പോഴോ തെറ്റുകൾ സംഭവിക്കുമ്പോൾ കുട്ടികൾക്ക് സങ്കടവും ദേഷ്യവും ഉണ്ടാകും. അതിന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം സ്കൂളിൽ പോവുകയും പിന്നീട് പോകാതിരക്കും. പതിയെ പതിയെ തീർത്തും പോകാൻ മടി കാണിക്കുകയും ചെയ്യും . ഏറെ പരിചിതമായ വീട് വിട്ട് പരിചിതമല്ലാത്ത സ്കൂളിൽ എത്തുമ്പോൾ , അവിടെ ആദ്യമായി  ഒത്തിരി കുട്ടികളേയും  അധ്യാപകരേയും കാണുമ്പോൾ അപരിചിത്വം അവരിൽ   സ്വാഭാവിക ഭയം ഉണ്ടാക്കുന്നു .  ഇതുമൂലം അപരിചിതമായ സ്കൂൾ എന്ന ഇടത്തോട് താൽപര്യ കുറവു ഉണ്ടാകുന്നു.

4) സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാനുള്ള ബുദ്ധിമുട്ട് (Adjustment Problems)

വീടെന്ന വിശാലമായ ഇടത്തു നിന്നും ക്ലാസ്റൂം എന്ന ചെറിയ ഇടത്തേക്ക് ഒതുങ്ങേണ്ടി വരുമ്പോൾ കുട്ടികളിൽ അസ്വസ്ഥത ഉണ്ടാകും. കുട്ടികൾ ഇത്തരം സാഹചര്യങ്ങളിൽ എത്തപ്പെടാനുള്ള മുഖ്യകാരണം മാതാപിതാക്കൾ തന്നെയാണ്. കുട്ടികൾ മുതിർന്നു വരുമ്പോഴും മാതാപിതാക്കൾ എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു കൊടുക്കുന്നത് . ഉദാഹരത്തിന് കുളിപ്പിക്കുക വസ്ത്രം ധരിപ്പിച്ചു കൊടുക്കുക , ഭക്ഷണം വാരി കൊടുക്കുക എന്നിവ. എന്നാൽ സ്കൂളിൽ വെച്ച് ഇവയെല്ലാം സ്വയം ചെയ്യാൻ കഴിയാതെ വരുമ്പോൾ കുട്ടികൾ സ്കൂളിലേക്ക് പോകാൻ മടി കാണിക്കും.

5) ഗാഡ്ജെറ്റുകളോടുള്ള അഡിക്ഷൻ

രണ്ടുമാസത്തെ വേനൽ അവധി കഴിഞ്ഞാൽ  സ്കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടികളുമുണ്ട്. അവധിക്കാല ദിവസങ്ങൾ പൂർണ്ണമായും വിനോദത്തിന് മാത്രമായി ചിലവഴിച്ച കുട്ടികളിലാണ്  ഇത്തരത്തിലുള്ള മടി കാണുന്നത്. മൊബൈൽ, ലാപ്പ് ടോപ്പ്, ടാബ്‌ലറ്റ്  എന്നിവ ഉപയോഗിച്ച് ഗെയിമുകളും വീഡിയോസും കാണുകയും അമിതമായ ഉപയോഗം അവരെ ഇൻറർനെറ്റ് അടിമത്വത്തിലേക്ക് എത്തിക്കുന്നു. സ്കൂളിൽ പോകുന്നതു മൂലം  ഗാഡ്ജറ്റുകൾ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ സ്വാഭാവികമായും കളിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ട് യഥാർത്ഥ കാരണം മറച്ചുവെച്ച് ശാരീരിക രോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞു സ്കൂളിൽ പോകാതിരിക്കാൻ ശ്രമിക്കും.  പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന സമയങ്ങളിൽ ഉണ്ടാകുന്ന വയറുവേദന, തലവേദന, ഛർദി. ഇതെല്ലാം മടിയുടെ ലക്ഷണങ്ങളാണ്.  സ്കൂൾ ടൈം കഴിഞ്ഞാൽ ഇത്തരത്തിൽ യാതൊരു പ്രശ്നവും ഇല്ലാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.  

6) അമിത വികൃതി അഥവാ ഹൈപ്പർ ആക്ടിവിറ്റി (ADHD)

സാധാരണ മൂന്നു വയസ്സിനും ഏഴു വയസ്സിനും ഇടയിലുള്ള കുട്ടികളിൽ  അമിതമായ പിരിപിരിപ്പും ശ്രദ്ധക്കുറവും കണ്ടുവരുന്നത്. ഇത്തരം കുട്ടികൾ അധികനേരം ഒരിടത്തും അടങ്ങിയിരിക്കില്ല. അങ്ങനെ അധികനേരം അടങ്ങി ഒതുങ്ങി ഇരിക്കാൻ കഴിയാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം സ്കൂളിൽ ചെല്ലുമ്പോൾ അവർക്ക് ഒരു പീരിയഡ് മുഴുവനായോ  ആ ഒരു ദിവസം മുഴുവനാേ  ഇരിക്കാൻ കഴിയില്ല.  കുറച്ചു ദിവസം വളരെയധികം കഷ്ടപ്പെട്ട് ഇരിക്കുമെങ്കിലും പതിയെ  ഡിസ്ട്രാക്ഷൻസ് കാണിച്ചു തുടങ്ങും. അങ്ങനെ ടീച്ചർ ക്ലാസ് എടുക്കുമ്പോൾ ഡിസ്ട്രാക്ഷൻ  കാണിച്ചാൽ ടീച്ചേഴ്സ് അവരോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെടും.  അതോടെ കുട്ടിക്ക്  ടീച്ചേഴ്സിനോടും ക്ലാസിനോടും സ്കൂളിനോടും ദേഷ്യവും താല്പര്യക്കുറവും വെറുപ്പും ഉണ്ടാവുകയും   സ്കൂളിൽ  പോകാൻ  മടി കാണിക്കുകയും ചെയ്യും.

നിങ്ങളുടെ കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒരിക്കലും അവരെ സ്കൂളിൽ പോകാൻ പറഞ്ഞു  ഫോഴ്സ് ചെയ്യരുത്. അങ്ങനെ ചെയ്തത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകില്ല.   അതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം അവരെ കേൾക്കുക പിന്നീട് കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ആയിട്ടുള്ള മനശാസ്ത്ര വിദഗ്ധരെ കാണിക്കുക. യഥാർത്ഥത്തിൽ  എന്തുകൊണ്ടാണ് അവർക്ക് സ്കൂളിൽ പോകാൻ മടിയും  താല്പര്യക്കുറവും വന്നതെന്ന് മനശാസ്ത്ര വിദഗ്ധൻ കണ്ടെത്തുകയും അതിനായുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.അവർ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്താൽ വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ കുട്ടികളെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മാറ്റിനിർത്തി സ്കൂളിലേക്ക് പറഞ്ഞയക്കാൻ കഴിയും. 

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം സ്കൂളിൽ പോകാൻ മടി കാണിക്കുന്നു എന്ന കാര്യം പറഞ്ഞ് കുട്ടികളോട് ദേഷ്യപ്പെടാനോ അവർക്ക് പണിഷ്മെന്റ് നൽകാനും മറ്റു കുട്ടികളുമായി കമ്പയർ ചെയ്യാനും ശ്രമിക്കരുത്. പരമാവധി അവരെ കെയർ ചെയ്യാനും ചേർത്തു നിർത്തി സ്നേഹിക്കാനും ശ്രമിക്കുക.   ഇങ്ങനെ  ചെയ്താൽ നിങ്ങൾക്ക് അവരെ നല്ല രീതിയിൽ മാനേജ് ചെയ്തു കൊണ്ടു പോകാൻ കഴിയും .  

ചെറുപ്പത്തിലെ തന്നെ കുട്ടികളെ കൊണ്ട് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. നിങ്ങളുടെ കുട്ടികൾക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയല്ല വേണ്ടത് അവരെ അവരുടെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.

Read more കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

click me!