ഇന്നുള്ളതില്‍ വച്ചേറ്റവും ട്രെന്‍ഡിയായും പരീക്ഷണാത്മകമായും ഔട്ട്ഫിറ്റുകള്‍ തെരഞ്ഞെടുക്കുന്ന താരമാണ് രണ്‍വീര്‍. പലപ്പോഴും രണ്‍വീറിന്റെ വസ്ത്രധാരണം സമൂഹമാധ്യങ്ങളില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കാറുണ്ട്
ഫാഷന്റെ കാര്യത്തില്‍ ഒരുപാട് ( Fashion Trends ) മുന്നിലാണ് ബോളിവുഡ് താരങ്ങളെന്ന് ( Bollywood Stars) നമുക്കറിയാം. ഇപ്പോള്‍ മാത്രമല്ല, മുമ്പ് തന്നെ ബോളിവുഡ് താരങ്ങളാണ് മാറിവരുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ നമ്മെ പരിചയപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തില്‍ ലിംഗ-പ്രായവ്യത്യാസങ്ങളൊന്നും തന്നെയില്ല.
ഇപ്പോഴാണെങ്കില്‍ ഫാഷന്‍ സങ്കല്‍പങ്ങളും അഭിരുചികളും പ്രകടിപ്പിക്കുവാനും പരീക്ഷിക്കുവാനുള്ള സാഹചര്യങ്ങളും കൂടിവരികയാണ്. അതുകൊണ്ട് തന്നെ ബോളിവുഡില്‍ മാത്രമല്ല മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലുള്ളവരും എന്തിനധികം സാധാരണക്കാര്‍ വരെ സ്വന്തമായ ഫാഷന്‍ സിഗ്നേച്ചര്‍ സൃഷ്ടിക്കുകയാണ്.
എങ്കിലും ഫാഷനുമായി ബന്ധപ്പെട്ട് ഇനിയും പൊളിഞ്ഞുപോകാത്ത, അല്ലെങ്കില്‍ മാറാത്ത സങ്കല്‍പങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പുരുഷന്മാര്‍ എങ്ങനെ വസ്ത്രം ധരിക്കണം, സ്ത്രീകള്‍ ഏതുതരം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണം, ഭിന്നലിംഗക്കാരാണെങ്കില്‍ അവരെങ്ങനെ സ്വയം അവതരിപ്പിക്കണം, കുട്ടികള്‍- പ്രായമായവര്‍ എന്നിങ്ങനെ ഏത് വിഭാഗത്തില്‍ പെടുന്നവരുടെയും വസ്ത്രധാരണവും മറ്റും സംബന്ധിച്ച് 'കൃത്യ'മായ കാഴ്ചപ്പാടുകളോടെ മുന്നോട്ടുപോകുന്നവര്‍ ഏറെയാണ്.
ഇത്തരക്കാരെ ഫാഷന്‍ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്നതിനും അവര്‍ അതിനെ അംഗീകരിക്കുന്നതിനുമെല്ലാം ഏറെ പ്രയാസമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സെലിബ്രിറ്റികള്‍ തങ്ങളുടെ ഫാഷന്‍ അഭിരുചികളുടെ പേരില്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ക്ക് വരെ ഇരകളാകാറുണ്ട്. പ്രധാനമായും സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ഇതിന് വേദികളാകാറ്.
അത്തരത്തില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടാറുള്ള ഒരാളാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. ആദ്യമേ സൂചിപ്പിച്ചത് പോലെ മാറിവരുന്ന ഫാഷന്‍ തരംഗങ്ങള്‍ക്ക് പുറമെ സ്വന്തമായ പരീക്ഷണങ്ങള്‍ കാര്യമായി നടത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഇന്നുള്ളതില്‍ വച്ചേറ്റവും ട്രെന്‍ഡിയായും പരീക്ഷണാത്മകമായും ഔട്ട്ഫിറ്റുകള്‍ തെരഞ്ഞെടുക്കുന്ന താരമാണ് രണ്‍വീര്‍.
പലപ്പോഴും രണ്‍വീറിന്റെ വസ്ത്രധാരണം സമൂഹമാധ്യങ്ങളില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കാറുണ്ട്. സ്ത്രീകളുടെ വസ്ത്രം ധരിക്കുന്നു, ഭിന്നലൈംഗികതയുള്ളവരെ പോലെ വസ്ത്രം ധരിക്കുന്നു എന്ന് തുടങ്ങി കോമാളിയെ പോലെ വേഷമിടുന്നു എന്നുവരെ രണ്‍വീറിനെ പരിഹസിച്ചവരുണ്ട്.
എന്നാല്‍ ഇതൊന്നും രണ്‍വീറിനെ ബാധിക്കാറില്ല. രണ്‍വീര്‍ വീണ്ടും വീണ്ടും തന്റെ ഫാഷന്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാറ് തന്നെയാണ് പതിവ്. ഭാര്യയും നടിയുമായ ദീപിക പദുകോണും രണ്‍വീറിന് എല്ലാ പിന്തുണയുമായി കൂടെയുണ്ടാകാറുണ്ട്.
ഇപ്പോഴിതാ പുതിയ ഫാഷന്‍ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് രണ്‍വീര്‍. വയലറ്റ് നിറം തീം ആയി ചെയ്താണ് ഫാഷന്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. വയലറ്റില്‍ വെളുത്ത പൂക്കളുള്ള 'ഫ്‌ളോറല്‍' ഫ്രീ സൈസ് ജന്‍ഡര്‍ ന്യൂട്രല്‍ ഷര്‍ട്ടും വയലറ്റ് പാന്റ്‌സും വെളുത്ത കാപ്പുമാണ് രണ്‍വീറിന്റെ വേഷം.
എന്നത്തെയും പോലെ തന്റെതായ 'യൂണിക്' സ്‌റ്റൈലിലുള്ള ആഭരണങ്ങളും രണ്‍വീറിന്റെ ലുക്കിനെ വ്യത്യസ്തമാക്കുന്നു. സ്റ്റഡ്‌സും മുത്തുകള്‍ കൊണ്ടുള്ള ലോംഗ് ചെയിനുമാണ് രണ്‍വീര്‍ ധരിച്ചിരിക്കുനന്ത്. കൂടെ സണ്‍ഗ്ലാസും. എന്തായാലും ഇക്കുറി ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ ട്രോളൊന്നും ഇതുവരെ വന്നിട്ടില്ല. ട്രോള്‍ ചെയ്യാനും മാത്രം പരീക്ഷണം രണ്‍വീര്‍ നടത്തിയിട്ടില്ലെന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്. എന്ന് മാത്രമല്ല, ഈ വസ്ത്രധാരണം രണ്‍വീറിന് യോജിക്കുന്നതാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
Also Read:- കൂൾ ലുക്ക് ; ആലിയ ധരിച്ചിരിക്കുന്ന ഈ ഷർട്ടിന്റെ വില എത്രയാണെന്നോ?