ഒരു കോടിയോളം രൂപ ലേലത്തില്‍ നിന്നും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയാണ് ഗൗണിന്‍റെ പ്രത്യേകതകള്‍.
ഡയാന രാജകുമാരി അണിഞ്ഞിരുന്ന വസ്ത്രം ലേലത്തിന്. 1991-ല്‍ വെയില്‍സ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തില്‍ ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ആണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ജനുവരി 27-ന് ന്യൂയോര്‍ക്കിലാണ് ലേലം. ഒരു കോടിയോളം രൂപ ലേലത്തില്‍ നിന്നും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയാണ് ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍ വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണിത്. വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉള്ളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ് വ്യക്തമാക്കി.
ക്രിസ്റ്റീസ് ചാരിറ്റി ലേലത്തിലേക്ക് രാജകുമാരി 1997-ല്‍ 79-ഓളം വസ്ത്രങ്ങള്‍ സംഭാവന ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡയാനയുടെ വസ്ത്രത്തിന് പുറമെ മറ്റു ശ്രദ്ധേയമായ വസ്തുക്കളും 27-ന് നടക്കുന്ന ലേലത്തിന്റെ ഭാഗമാകും. ഡയാന രാജകുമാരി ഒന്നിലധികം തവണ ധരിച്ചിട്ടുള്ള കുരിശിന്റെ ചിന്നമുള്ള ഒരു പെന്‍ഡന്റും ലേലത്തിന്റെ ഭാഗമായി വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആഭരണവ്യാപാരിയായിരുന്ന ജെറാഡായിരുന്നു പെന്‍ഡന്റ് രൂപകല്‍പന ചെയ്തത്.
അതേസമയം, ഡയാനയുടെ ഇളയ മകന്‍ ഹാരി രാജകുമാരന്‍റെ ആത്മകഥ 'സ്പെയര്‍' ചൊവ്വാഴ്ച പുറത്തിറങ്ങും. 38-ാം വയസില്‍ ഹാരി പുറത്തിറക്കിയ ആത്മകഥ ഇതിനോടകം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിട്ടുള്ളത്. മേഗന്‍ മാര്‍ക്കല്‍ ഡയാന രാജകുമാരിയേപ്പോലെ ആളുകളുടെ ശ്രദ്ധ നേടുമെന്ന ആശങ്കയാണ് തങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് ചാള്‍സ് രാജാവിനെ പിന്തിരിപ്പിച്ചതെന്ന ആരോപണമാണ് ഹാരി രാജകുമാരന്‍ ഉന്നയിക്കുന്നത്.
ഡയാന രാജകുമാരിക്ക് ലഭിച്ച ജനപ്രീതിയിലും പിന്തുണയിലും ചാള്‍സ് അസൂയാലുവായിരുന്നുവെന്ന സൂചനയാണ് തന്‍റെ ആത്മകഥയായ സ്പെയറില്‍ ഹാരി നല്‍കുന്നത്. വിവാഹമോചിതയായ മേഗനെ വിവാഹം ചെയ്യണമെങ്കില്‍ രാജ്ഞിയുടെ അനുമതി നേടേണ്ടതുണ്ടെന്നും ഇവരെ പിന്തുണയ്ക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നും ചാള്‍സ് ഹാരിയോട് പറഞ്ഞതായാണ് പുസ്തകം വിശദമാക്കുന്നത്. വിവാഹ മോചിതയും നടിയുമായ മേഗന്‍ മാര്‍ക്കലുമായുള്ള വിവാഹത്തിന് പിന്നാലെ സഹോദരന്‍ വില്യമുമായുള്ള ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുകളും രാജകുടുംബത്തിലെ അകല്‍ച്ചകളും അടക്കം നിരവധി വിവരങ്ങളാണ് ഹാരിയുടെ ആത്മകഥ വിശദമാക്കുന്നത്.
Also Read: സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ