ശനിയാഴ്ചയാണ് സംഭവം നടന്നത്. യൂണിഫോമില്‍ സലൂണിലെത്തിയ നേവിസ് മുടി വെട്ടുന്നയാളോട് തട്ടിക്കയറാൻ തുടങ്ങുകയായിരുന്നുവത്രേ. മകന്‍റെ മുടി വെട്ടി അത് വൃത്തികേടാക്കിയെന്ന് പറഞ്ഞായിരുന്നു ബഹളം.
മുടി വെട്ടാൻ പോകുമ്പോള്‍ മിക്കവര്‍ക്കും 'ടെൻഷൻ' ആണ്. നിസാരമായ കാര്യമാണെങ്കില്‍ പോലും മുടി വെട്ടിന് സത്യത്തില്‍ അത്രയും പ്രാധാന്യമുണ്ട്. എന്തെങ്കിലും വിശേഷാവസരങ്ങള്‍ക്കോ, അഭിമുഖങ്ങള്‍ക്കോ, മീറ്റിംഗിലേക്കോ എല്ലാം വേണ്ടി ഒരുങ്ങുമ്പോഴായിരിക്കും ഒരുപക്ഷെ മുടി വെട്ടുന്നത് ഭംഗിയില്ലാതാവുന്നത്.
തീര്‍ച്ചയായും ആര്‍ക്കായാലും അല്‍പം ദേഷ്യവും നീരസവും തോന്നുന്ന അവസ്ഥ തന്നെയിത്. ഇങ്ങനെയുള്ള അവസരങ്ങളിലല്ലെങ്കിലും നിര്‍ദേശിച്ച പ്രകാരമല്ല മുടി വെട്ടുന്നതെങ്കില്‍ അത് മിക്കവര്‍ക്കും നീരസമുണ്ടാക്കുന്ന സംഗതി തന്നെയാണ്. ചിലരാണെങ്കില്‍ മുടി വെട്ടുന്നവരോട് ഇക്കാര്യത്തില്‍ കയര്‍ത്ത് സംസാരിക്കുന്നത് വരെ കാണാം.
എന്നാല്‍ അതിലും അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് ഒരു പൊലീസുകാരൻ. തന്‍റെ മകന്‍റെ മുടി വെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് സലൂണിലേക്ക് ബഹളം വച്ചെത്തിയ പൊലീസുകാരൻ ഒടുവില്‍ സലണ്‍ ബലമായി അടപ്പിച്ചു എന്നതാണ് സംഭവം.
തിരുനെല്‍വേലിയിലെ ദിസയൻവിളയിലാണ് സംഭവം. കോണ്‍സ്റ്റബിളായ നേവിസ് ബ്രിട്ടോയാണ് സലൂണിലെത്തി പ്രശ്നമുണ്ടാക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസുകാരന് ചെറുതല്ലാത്ത ഒരമളിയും പിണഞ്ഞു പിന്നീട്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. യൂണിഫോമില്‍ സലൂണിലെത്തിയ നേവിസ് മുടി വെട്ടുന്നയാളോട് തട്ടിക്കയറാൻ തുടങ്ങുകയായിരുന്നുവത്രേ. മകന്‍റെ മുടി വെട്ടി അത് വൃത്തികേടാക്കിയെന്ന് പറഞ്ഞായിരുന്നു ബഹളം. എന്നാല്‍ അങ്ങനെയൊരു സംഭവം ഇവിടെയുണ്ടായിട്ടില്ലെന്ന് ബാര്‍ബര്‍ ആവര്‍ത്തിച്ചുപറഞ്ഞു. എത്ര പറഞ്ഞിട്ടും നേവിസ് അത് കൂട്ടാക്കിയില്ലെന്നും ഒടുവില്‍ വാക്കേറ്റം കയ്യേറ്റത്തിലെത്തുമെന്ന ഘട്ടമെത്തിയപ്പോള്‍ നേവിസ് സലൂണ്‍ ബലമായി അടപ്പിക്കുകയുമായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നേവിസിന്‍റെ മകന്‍റെ മുടി വെട്ടിയത് ഈ സലൂണില്‍ നിന്നായിരുന്നില്ല. ഇത് പിന്നീട് മാത്രമാണ് വ്യക്തമായത്. മകൻ പറഞ്ഞ കട മാറിപ്പോവുകയായിരുന്നു. നേവിസ് സലൂണിലെത്തി ബഹളമുണ്ടാക്കുന്നതും കട ബലമായി അടക്കുന്നതുമെല്ലാം നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്.
എന്തായാലും നേവിസിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് ലൂണ്‍ ഉടമസ്ഥനും ബാര്‍ബറുമായ ആള്‍. ഇതോടൊപ്പം തന്നെ ചില രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിലിടപെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസുകാര്‍ ഇത്രമാത്രം അഹങ്കാരത്തോടെ പെരുമാറുന്നത് മുഖ്യമന്ത്രി കാണുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.
Also Read:- എട്ടംഗ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു ബൈക്ക്; വീഡിയോ വൈറലാകുന്നു