മൃഗങ്ങളുടെ പരിമിതികള്‍ മനസിലാക്കിക്കൊണ്ട് അവയെ കൈകാര്യം ചെയ്യാനും, ശ്രദ്ധിക്കാനും മനുഷ്യര്‍ക്ക് കഴിയണം. അല്ലെങ്കില്‍ അവ മൂലം മനുഷ്യര്‍ക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം.
വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഏറെ സവിശേഷമായത് തന്നെയാണ്. അതുപോലെ വളര്‍ത്തുമൃഗങ്ങള്‍ക്ക്- പ്രത്യേകിച്ച് നായ്ക്കള്‍ക്ക് മനുഷ്യരോട് പൊതുവെയുള്ള നന്ദിയും കരുതലുമെല്ലാം എടുത്തുപറയേണ്ടത് തന്നെയാണ്. മിക്കവരും വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് വളര്‍ത്തുമൃഗങ്ങളെയും കാണാറ്.
എന്നാല്‍ അപ്പോഴും മൃഗങ്ങളുടെ പരിമിതികള്‍ മനസിലാക്കിക്കൊണ്ട് അവയെ കൈകാര്യം ചെയ്യാനും, ശ്രദ്ധിക്കാനും മനുഷ്യര്‍ക്ക് കഴിയണം. അല്ലെങ്കില്‍ അവ മൂലം മനുഷ്യര്‍ക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം.
ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നൊരു സംഭവമാണ് യുഎസിലെ വാഷിംഗ്ടണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നായാട്ടിനിടെ അബദ്ധത്തില്‍ വളര്‍ത്തുനായയുടെ കാല്‍ തട്ടി തോക്ക് പൊട്ടി മുപ്പതുകാരൻ മരിച്ചുവെന്നതാണ് വാര്‍ത്ത. കൻസാസിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.
നായാട്ടിനായി ഒരു പിക്കപ്പ് വാഹനത്തില്‍ കാട്ടിലൂടെ പോവുകയായിരുന്നു യുവാവും നായയും. വാഹനത്തിന്‍റെ പിറകുവശത്തായിരുന്നുവത്രേ നായ ഉണ്ടായിരുന്നത്. യാത്ര ചെയ്യവേ തന്നെ എങ്ങനെയോ അബദ്ധത്തില്‍ നായയുടെ കാലില്‍ തട്ടി തോക്ക് പൊട്ടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിക്കുന്നു.
യുവാവിന്‍റെ മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും നായാട്ടിനിടെ സംഭവിച്ച അപകടമരണമായി തന്നെയാണ് ഇത് കണക്കാക്കുന്നതെന്നും പൊലീസ് അറിയിക്കുന്നു.
ആയുധങ്ങള്‍ സൂക്ഷിക്കുമ്പോള്‍...
നായാട്ടിനിടെ അബദ്ധത്തില്‍ തോക്ക് പൊട്ടി യുവാവ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎസില്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റൊരു പ്രശ്നം കൂടി ചര്‍ച്ചയില്‍ വരികയാണ്. ഇവിടെ ലൈസൻസുള്ള തോക്ക് കൈവശമുള്ള ആളുകള്‍ വളരെ കൂടുതലാണ്. ഇതിന് അനുസരിച്ച് അബദ്ധത്തില്‍ തോക്ക് പൊട്ടി ജീവൻ വരെ നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.
ഇന്ത്യയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അധികവും തോക്ക് വൃത്തിയാക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടുകയോ, അല്ലെങ്കില്‍ കുട്ടികളുടെ കൈവശം തോക്ക് എത്തിപ്പെട്ട് അങ്ങനെ അപകടം സംഭവിക്കുകയോ ആണ് പതിവ്.
ആയുധങ്ങള്‍ സൂക്ഷിക്കുന്നവര്‍ എപ്പോഴും അത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വളരെയധികം കരുതലെടുക്കേണ്ടതുണ്ട്. വളര്‍ത്തുമൃഗങ്ങളെ പോലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അമേരിക്കയില്‍ നടന്ന സംഭവം നടത്തുന്നത്. ലൈസൻസുള്ള തോക്കോ, മറ്റ് ആയുധങ്ങളാണെങ്കില്‍ പോലും അവ സൂക്ഷിക്കുന്നതിലും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വലിയ രീതിയിലുള്ള അപകടങ്ങള്‍ക്ക് വഴിയൊരുങ്ങാം.
Also Read:- രണ്ട് പൂച്ചകളുമായി യുവാവിന്‍റെ ബൈക്ക് യാത്ര; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ