'കുട്ടികള്‍ക്കുള്ള ചിക്കനില്‍ കാലുകളും നല്ല കഷ്ണങ്ങളും അധ്യാപകര്‍ ചൂണ്ടുന്നു'; രോഷാകുലരായി മാതാപിതാക്കള്‍

By Web Team  |  First Published Feb 18, 2023, 10:51 PM IST

പതിവായി ചിക്കൻ കൊടുക്കുന്ന ദിവസം കുട്ടികള്‍ നിരാശപ്പെട്ട് വീട്ടിലെത്തുകയും മാതാപിതാക്കളോട് പരാതിപ്പെടുകയും ചെയ്തതോടെ ഇവരെല്ലാം സ്കൂളിലെത്തി അധ്യാപകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ശേഷം ആറ് അധ്യാപകരെ മാതാപിതാക്കള്‍ സ്കൂളിലെ ഒരു മുറിക്കകത്ത് നാല് മണിക്കൂറോളത്തേക്ക് പൂട്ടിയിടുകയും ചെയ്തു.


കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്ത്യയില്‍ കുറവാണ്. എന്നാല്‍ എല്ലാ സ്കൂളുകളിലും ഒരുപോലുള്ള ഭക്ഷണമല്ല കുട്ടികള്‍ക്ക് നല്‍കാറ്. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മാതാപിതാക്കളുടെയുമെല്ലാം സഹായത്തോടെ ഏറ്റവും ഗുണമേന്മയുള്ള ഭക്ഷണം തന്നെ കുട്ടികള്‍ക്കായി വിളമ്പുന്ന സ്കൂളുകളുണ്ട്.

അതുപോലെ തന്നെ ഒട്ടും ഗുണമില്ലാത്ത, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്ന സ്കൂളുകളുമുണ്ട്. രണ്ട് തരത്തിലുള്ള വാര്‍ത്തകളും ഇടയ്ക്ക് വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്.

Latest Videos

ഇപ്പോഴിതാ പക്ഷേ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഒരു സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വാര്‍ത്തകളില്‍ ഇടം നേടുന്നത്. കൊല്‍ക്കത്തയിലെ മാള്‍ഡയിലാണ് സംഭവം. 

ഇവിടെയൊരു സ്കൂളില്‍ ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ചിക്കൻ കൊടുക്കുന്ന ദിവസം ഇതില്‍ നിന്ന് കാലുകളും നല്ല കഷ്ണങ്ങളുമെല്ലാം അധ്യാപകര്‍ 'ചൂണ്ടുന്നു' എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളില്‍ ചിക്കൻ വയ്ക്കുന്ന ദിവസം അധ്യാപകര്‍ വിനോദയാത്രക്ക് പോകുന്നവരെ പോലെ സ്കൂളിലെത്തും. കുട്ടികളുടെ ചിക്കനില്‍ നിന്ന് കാലുകളും നല്ല കഷ്ണങ്ങളുമെല്ലാം മാറ്റിവയ്ക്കും. ശേഷം കുട്ടികള്‍ക്ക് കഴുത്തും കരളും ആമാശയവുമെല്ലാം നല്‍കും. അധ്യാപകര്‍ മാറ്റിവച്ച ചിക്കൻ സ്പെഷ്യലായി തയ്യാറാക്കുന്ന റൈസിനൊപ്പം അവര്‍ കഴിക്കും- ഇതാണ് മാതാപിതാക്കളുടെ പരാതി. 

പതിവായി ചിക്കൻ കൊടുക്കുന്ന ദിവസം കുട്ടികള്‍ നിരാശപ്പെട്ട് വീട്ടിലെത്തുകയും മാതാപിതാക്കളോട് പരാതിപ്പെടുകയും ചെയ്തതോടെ ഇവരെല്ലാം സ്കൂളിലെത്തി അധ്യാപകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ശേഷം ആറ് അധ്യാപകരെ മാതാപിതാക്കള്‍ സ്കൂളിലെ ഒരു മുറിക്കകത്ത് നാല് മണിക്കൂറോളത്തേക്ക് പൂട്ടിയിടുകയും ചെയ്തു. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. എന്തായാലും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാള്‍ഡയില്‍ തന്നെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെയും എലിയെയും കണ്ടെത്തിയിരുന്നു. ഇത് വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ അടുത്ത പരാതി വന്നിരിക്കുന്നത്. 

Also Read:- സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ്; ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ ആശുപത്രിയില്‍

 

click me!