വാഴയിലയിൽ ചോറും കറികളും വിളമ്പി വച്ചിരിക്കുന്നതു പോലെ തോന്നുന്ന ഡിസൈനിലാണ് ലൗമി കമ്മല്‍ ചെയ്തിരിക്കുന്നത്. ടെറാകോട്ട ഉപയോഗിച്ചാണ് കമ്മലിന്റെ നിർമാണം.
ഓണം എന്ന് പറഞ്ഞാല്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് ഓണസദ്യ അല്ലേ... എന്നാല്‍ ഓണത്തിന് സാരിയൊക്കെ ഉടുത്ത് നില്‍ക്കുമ്പോള്‍ ഒപ്പം ഒരു 'ഓണസദ്യ മോഡല്‍ കമ്മല്‍' കൂടി അണിഞ്ഞാല്‍ സ്റ്റൈല്‍ ആകില്ലേ?- ചോദിക്കുന്നത് സദ്യയുടെ രൂപത്തിൽ കമ്മല്‍ നിര്‍മ്മിച്ച് സ്റ്റാറായ തൃശൂര്‍ സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ ലൗമി മജീദ് ആണ്.
വാഴയിലയിൽ ചോറും കറികളും വിളമ്പി വച്ചിരിക്കുന്നതു പോലെ തോന്നുന്ന ഡിസൈനിലാണ് ലൗമി ഈ 'സദ്യ ഇയര്‍ റിങ്' ചെയ്തിരിക്കുന്നത്. ടെറാകോട്ട ഉപയോഗിച്ചാണ് കമ്മലിന്റെ നിർമാണം. ആക്രലിക് പെയിന്‍റ് കൂടി ഉപയോഗിച്ച് സംഭവം കളറാക്കി. ഗോള്‍ഡന്‍ മുത്തുകളും പിടിപ്പിച്ചിട്ടുണ്ട്. ഒരു ജോഡി കമ്മൽ നിർമിക്കാൻ 3 ദിവസം വേണം.
കമ്മലിന്റെ ചിത്രം ലൗമി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് 20-ല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചു എന്നാണ് ലൗമി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നത്. ഒരു ജോഡി കമ്മലിന് 1000 രൂപയാണ് വില. ഒപ്പം ഷിപ്പിങ് ചാര്‍ജ്ജ് കൂടിയാകും.
കഴിഞ്ഞ ഓണത്തിനും ഇത്തരത്തിലുള്ള കമ്മലുകള്‍ ലൗമി നിര്‍മ്മിച്ചിരുന്നു. അത് സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമായിരുന്നു. എന്നാല്‍ അത് എല്ലാവര്‍ക്കും ഇഷ്ടമായതോടെ ആണ് ഈ വര്‍ഷം ഇത് കുറച്ചുകൂടി ക്രിയേറ്റീവായി ചെയ്യാമെന്ന് ലൗമി തീരുമാനിച്ചത്. ചിത്രരചനയും ക്യാന്‍വാസ് ആർട്ടും ക്രാഫ്റ്റ് വർക്കുകളുമൊക്കെയാണ് ലൗമിയുടെ ഇഷ്ടങ്ങള്‍. 2022 മാർച്ചിൽ ദുബായ് വേൾഡ് ആർട്ട് എക്സിബിഷനിലും ഗോവ കലാപ്രദർശനത്തിലും ലൗമിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടി. വീടുകളിലും റിസോർട്ടിലും വയ്ക്കാനുള്ള ചിത്രങ്ങൾ വരച്ചു കൊടുക്കുന്നുണ്ടെന്നും ലൗമി പറയുന്നു.
ചെറുപ്പത്തില്‍ തന്നെ ചിത്രരചനയോട് താൽപര്യമുണ്ടായിരുന്നു. എങ്കിലും ഇത് ഗൗരവമായി എടുത്തു തുടങ്ങിയിട്ട് ആറ് വര്‍ഷമായെന്നും ലൗമി പറയുന്നു. 2009- ലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ലൗമി.
Also Read: കസവ് സാരി മാത്രമല്ല; ഓണത്തിന് ട്രെൻഡായി കസവ് സല്‍വാറും സ്കര്‍ട്ടും