റീല്‍സിനായി റോഡിലിരുന്ന് മദ്യപിച്ച ഇൻസ്റ്റഗ്രാം താരത്തിനെതിരെ അറസ്റ്റ് വാറണ്ട്

By Web Team  |  First Published Aug 19, 2022, 6:17 PM IST

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാനായി റീല്‍സ് തയ്യാറാക്കാൻ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചതാണ് ബോബി കതാരിയ. എന്നാല്‍ സംഗതി വിവാദമായതോടെ കേന്ദ്രമന്ത്രി വരെ ഇടപെടുന്ന അവസ്ഥയുണ്ടായി. 


സോഷ്യല്‍ മീഡിയ ഉപയോഗം നമുക്ക് രണ്ട് രീതിയില്‍ കൊണ്ടുപോകാം. ഒന്ന്, നമുക്ക് വ്യക്തിപരമായും അല്ലാതെയും ഗുണകരമാകുന്ന രീതിയില്‍ അറിവും വിവരവും സമ്പാദിക്കാനും മറ്റും. രണ്ടാമതായി, വളരെ അനാരോഗ്യകരമായി പ്രശസ്തിക്ക് വേണ്ടി ഏത് അബദ്ധവും വരുത്തിവയ്ക്കുന്ന രീതിയില്‍. വ്യക്തികളുടെ വിവേചനാധികാരത്തിലാണ് ഇതില്‍ തീരുമാനമാകേണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും അതത് സ്ഥലങ്ങളിലെ നിയമങ്ങളും, സാമൂഹികമായ ധാര്‍മ്മികതയുമെല്ലാം പരിഗണിക്കേണ്ടതുണ്ട്. 

അല്ലെങ്കിലൊരുപക്ഷേ, സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പശ്ചാത്തലത്തില്‍ നിയമനടപടി നേരിടേണ്ട സാഹചര്യമുണ്ടാകാം. ഹരിയാനയില്‍ നിന്നുള്ള ഇൻസ്റ്റഗ്രാം താരവും ബോഡി ബില്‍ഡറുമായ ബോബി കതാരിയ എന്നയാള്‍ക്ക് സംഭവിച്ചതും ഇതാണ്.

Latest Videos

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാനായി റീല്‍സ് തയ്യാറാക്കാൻ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചതാണ് ബോബി കതാരിയ. എന്നാല്‍ സംഗതി വിവാദമായതോടെ കേന്ദ്രമന്ത്രി വരെ ഇടപെടുന്ന അവസ്ഥയുണ്ടായി. വിമാനത്തിനകത്ത് കിടന്ന് പുകവലിക്കുക, നടുറോഡില്‍ മേശയും കസേരയുമിട്ട് മദ്യപിക്കുക തുടങ്ങി പല അഭ്യാസങ്ങളും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകാൻ അടുത്തിടെ ചെയ്തു. ഇതെല്ലാം നിലവില്‍ വലിയ വിവാദങ്ങളായിട്ടുണ്ട്. 

വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചതിന് നേരത്തെ തന്നെ ബോബിക്കെതിരെ കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു. ഇത്തരം പ്രവണതകള്‍ അനുവദിക്കാൻ സാധിക്കില്ലെന്നും നിയമനടപടി എടുക്കുമെന്നും വീഡിയോ ശ്രദ്ധയില്‍ പെട്ടയുടൻ തന്നെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. 

ഇതിന് ശേഷം ഡെറാഡൂണില്‍ നടുറോഡില്‍ വച്ച് മദ്യപിച്ച് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത സംഭവത്തിലിതാ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മൂന്ന് തവണ നോട്ടീസ് അയച്ചെങ്കിലും ഇതിന് പ്രതികരണമൊന്നും ലഭിക്കാതായതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോട വൈകാതെ തന്നെ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായി. 

പൊതുശല്യം, പരസ്യമായ മദ്യപാനം, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണി, മറ്റുള്ളവരെ തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെ നാല് വകുപ്പുകളാണ് ഈ ഒരു സംഭവത്തില്‍ മാത്രം ബോബി കതാരിയയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നതിനായി ഇത്തരത്തിലുള്ള സാഹസങ്ങള്‍ ചെയ്യുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണമെന്ന സന്ദേശം തന്നെയാണ് ബോബി കതാരിയയുടെ അനുഭവം മറ്റുള്ളവരിലേക്ക് പകരുന്നത്. റീല്‍സുകളുടെ ഒരു മേളമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്. ഇവയില്‍ പലതും പ്രത്യക്ഷമായോ പരോക്ഷമായോ നിയമലംഘനം നടത്തുന്നവയോ, മറ്റുള്ളവരിലേക്ക് തെറ്റായ ആശയം കൈമാറ്റം ചെയ്യുന്നവയോ എല്ലാം ആകാറുണ്ട്. ഇവയ്ക്കെതിരെ നിയമപരമായ നിയന്ത്രണങ്ങള്‍ വരുന്നത് തീര്‍ച്ചയായും അപകടങ്ങള്‍ കുറയ്ക്കാൻ സഹായകമായിരിക്കും.

Also Read:- 'മാസി'ന് വേണ്ടി വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചു; പണി വാങ്ങിക്കൂട്ടിയെന്ന് അഭിപ്രായം

click me!