മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്, രക്ഷിതാക്കൾ ഇതറിയണം

By Priya Varghese  |  First Published Jun 28, 2024, 3:55 PM IST

മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ താൻ ഒരു പരാജയമാണ് എന്നവൾ അടിയുറച്ചു വിശ്വസിച്ചു. മാതാപിതാക്കൾ അവളെ പഠനത്തിൽ ശ്രദ്ധിക്കാൻ പറയുന്നത് അവളുടെ കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് എന്നാണ് അവൾക്കു തോന്നിയത്. മാർക്കു കുറയുമ്പോൾ മാതാപിതാക്കൾ വഴക്കുപറയുമായിരുന്നു. അത് അവൾ കൂടുതൽ നന്നായി പഠിക്കുക എന്ന ഉദ്ദേശ്യത്തിൽ ആണ് എങ്കിലും അവൾ അതിനെയെല്ലാം വളരെ നെഗറ്റീവ് ആയി കണ്ടു. 


നീ എന്താടാ അവന്റെ അത്ര മാർക്ക് വാങ്ങത്തത്, അവൾ ക്ലാസിൽ ഫസ്റ്റാണല്ലോ... ഇങ്ങനെയൊക്കെ നിങ്ങൾ മക്കളോട് പറയാറുണ്ടോ? എങ്കിൽ ഇനി മുതൽ അത് വേണ്ട. ഓരോ കുട്ടികൾക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്. അത് പഠിക്കുന്ന കാര്യത്തിൽ ആണെങ്കിലും മറ്റ് പഠനേതര പ്രവർത്തനങ്ങളിലാണെങ്കിലും അങ്ങനെ തന്നെ.  മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുതെന്ന് പറയുന്നതിന്റെ ചില കാരണങ്ങളെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്ന ലേഖനം. 

മകൾ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നു, മാതാപിതാക്കളോട് സംസാരിക്കുന്നില്ല, നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. ഇപ്പോൾ കുറച്ചു നാളായി ഭക്ഷണം കഴിക്കാനോ, ആരോടും സംസാരിക്കാനോപോലും താല്പര്യം ഇല്ലാതെയായി. മാതാപിതാക്കളുടെ നിർബന്ധപ്രകാരം അവൾ സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. 

Latest Videos

undefined

അവളോട് സംസാരിച്ചതിൽ നിന്നും മനസ്സിലായത് അവൾ വളരെ ആത്മവിശ്വാസം കുറഞ്ഞ കുട്ടിയാണ് എന്നാണ്. അവളുടെ കൂട്ടുകാരെപോലെ അല്ല താൻ എന്നവൾ വിശ്വസിച്ചു. കൂട്ടുകാർ എല്ലാവരും സന്തോഷമായി ഇരിക്കുന്നു, അവർ ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി എളുപ്പത്തിൽ ചെയ്തുതീർക്കാൻ അവർക്കു കഴിയും. താൻ മാത്രം ഒരു കഴിവും ഇല്ലാത്ത വ്യക്തി എന്നാണ്  അവൾ ചിന്തിക്കുന്നത്. 

മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ താൻ ഒരു പരാജയമാണ് എന്നവൾ അടിയുറച്ചു വിശ്വസിച്ചു. മാതാപിതാക്കൾ അവളെ പഠനത്തിൽ ശ്രദ്ധിക്കാൻ പറയുന്നത് അവളുടെ കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് എന്നാണ് അവൾക്കു തോന്നിയത്. മാർക്കു കുറയുമ്പോൾ മാതാപിതാക്കൾ വഴക്കുപറയുമായിരുന്നു. അത് അവൾ കൂടുതൽ നന്നായി പഠിക്കുക എന്ന ഉദ്ദേശ്യത്തിൽ ആണ് എങ്കിലും അവൾ അതിനെയെല്ലാം വളരെ നെഗറ്റീവ് ആയി കണ്ടു. 

അവൾക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നു എന്നും അവൾക്ക് കൂടുതൽ പിന്തുണ നൽകണം എന്നും മാതാപിതാക്കൾക്കും മനസ്സിലായില്ല. അവളുടെ ജീവിതത്തിലെ മുൻപുള്ള നല്ല സമയങ്ങളും, മുൻപു നേടിയ പഠനത്തിലെ വിജയങ്ങളും എല്ലാം അവൾ ഓർക്കാൻ ശ്രമിച്ചില്ല. ചില സമയങ്ങളിൽ അവളുടെ എല്ലാ കഴിവുകളും ഭാഗ്യം മാത്രമാണ് എന്നും മറ്റുസമയങ്ങളിൽ അവൾ നേടിയതെല്ലാം വളരെ നിസ്സാരമാണ് എന്നും അവൾ വിശ്വസിച്ചു.ഈ ജീവിതത്തിന് ഒരർത്ഥം ഇല്ല എന്നും, എന്തിനിങ്ങനെ എല്ലാവർക്കും ശല്യമായി ജീവിക്കണം എന്നും അവൾ ചിന്തിക്കാൻ തുടങ്ങി.

ആത്മവിശ്വാസം എന്നത് ഒരു വ്യക്തിയിൽ ഉണ്ടായിവരുന്നത് അയാളുടെ ചുറ്റുമുള്ള ആളുകൾ അയാളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കൂടിയാണ്. അതുകൊണ്ടുതന്നെ ഒപ്പമുള്ള ആളുകൾ ഒരു വ്യക്തിയെ നിരന്തരം കുറ്റപ്പെടുത്തുന്നതു വില കൽപ്പിക്കാതെ ഇരിക്കുന്നതും അയാളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. 

അതുകൊണ്ടുതന്നെയാണ് നിരന്തരം നെഗറ്റീവ് ആയ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളിൽ ആത്മവിശ്വാസം കുറഞ്ഞുപോകുന്നത്. അവർ വലുതാകുമ്പോൾ വളരെ സെൻസിറ്റീവ് ആയ ആളുകകളായിമാറി മറ്റുള്ളവരുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു നേരിട്ടേക്കാം. 

മറ്റുള്ളവരെപ്പോലെ താനും വിലയുള്ള ഒരു വ്യക്തിയാണ് എന്ന ബോധ്യം അവരിൽ ഉണ്ടാക്കാൻ കൂടെ ഉള്ളവർ ശ്രമിക്കണം. അവർ ആ വ്യക്തിയെ മനസ്സിലാക്കുന്നു എന്ന വിശ്വാസം ഉണ്ടാക്കുകയും കരുതൽ കാണിക്കുകയും ചെയ്യണം. ഉപദേശത്തിലൂടെ മാത്രം അവരെ മെച്ചപ്പെടുത്താം എന്ന് കരുതരുത്. 

എങ്ങനെ താരതമ്യം ചെയ്യുന്നത് കുറയ്ക്കാം 
●    നിങ്ങളെതന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുക. മുമ്പത്തേതിലും പിന്നോക്കമായി എന്ന് തോന്നിയാൽ സങ്കടപ്പെടാൻ ശ്രമിക്കുന്നതിനു പകരം എങ്ങനെ മെച്ചപ്പെടാൻ കഴിയും എന്ന് ചിന്തിക്കുന്നതാണ് ഗുണകരം 
●    മുൻപ് നിങ്ങക്ക് ജീവിതത്തിൽ ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് ഓർക്കുക
●    സോഷ്യൽ മീഡിയ പോലെ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാനുള്ള സാധ്യത കൂട്ടുന്ന കാര്യങ്ങളുടെ അമിതമായ ഉപയോഗം കുറയ്ക്കുക 
●    നിങ്ങൾക്ക് സാധ്യമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് എഴുതി അവയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ ശ്രമിക്കുക.
മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള പ്രവണത കുറയ്ക്കുകയും, ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതും ചിലപ്പോൾ സ്വയം ശ്രമിക്കുക വലിയ ബുദ്ധിമുട്ടായി തോന്നിയേക്കാം. മനസ്സിൽ വിഷാദം ഉള്ള അവസ്ഥയിൽ സ്വയം ശ്രമങ്ങൾ നടത്തുക എളുപ്പമല്ല. പ്രിയപ്പെട്ടവരോടോ സുഹൃത്തുക്കളോടോ ഒക്കെ സഹായം ആവശ്യപ്പെടാം. ഒപ്പംതന്നെ സൈക്കോളജിസ്റ്റിന്റെ സഹായവും സ്വീകരിക്കാം. നെഗറ്റീവ് ചിന്തകളെ മാറ്റാനുള്ള Cognitive Behaviour Therapy സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പഠിച്ചെടുക്കാൻ കഴിയും.

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
 

click me!