ഒന്നും പറയാതെ ഓടിവന്ന് കല്യാണം; ഇതാണ് പോപ്-അപ് കല്യാണം- പ്രതിഷേധവുമായി കോഫി ഷോപ്പ്

By Web Team  |  First Published Jan 10, 2024, 2:58 PM IST

ഇതിനോടകം തന്നെ ചിലരെങ്കിലും പോപ്-അപ് വെഡിംഗിനെ കുറിച്ച് കേട്ടിരിക്കും. വളരെ പെട്ടെന്ന് വലിയ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ലളിതമായി നടത്തുന്ന വിവാഹം എന്നാണ് ഇതിന് അര്‍ത്ഥം.


ഒരു വിവാഹമെന്ന് പറയുമ്പോള്‍ സാധാരണനിലയില്‍ എന്തെല്ലാം ഒരുക്കങ്ങളാണ് അതിന് വേണ്ടി നടത്തുക, അല്ലേ? പരമ്പരാഗത രീതിയിലുള്ള വിവാഹങ്ങളാണെങ്കില്‍ സത്യത്തില്‍ അത് 'ചെറിയ കളി'യല്ല എന്നുതന്നെ പറയേണ്ടി വരും. അത്രമാത്രം ജോലികളായിരിക്കും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടാവുക.

അതിഥികളെ ക്ഷണിക്കണം, ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം, വിവാഹ വസ്ത്രം, വിവാഹം നടത്തുന്ന സ്ഥലം, സദ്യ, യാത്ര, റിസപ്ഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിങ്ങനെ പല ജോലികളായിരിക്കും. ഇതില്‍ വലിയൊരു പങ്കും ഇന്ന് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍ ഏറ്റെടുത്ത് നടത്തുന്നതാണ് പതിവ്. എങ്കില്‍പ്പോലും വീട്ടുകാര്‍ക്ക് പൂര്‍ണമായി ഈ ഉത്തരവാദിത്തങ്ങളില്‍ നിന്നൊന്നും ഒഴിഞ്ഞുനില്‍ക്കാൻ സാധിക്കില്ലല്ലോ. 

Latest Videos

പക്ഷേ വിവാഹങ്ങള്‍ തന്നെ ഓരോ കുടുംബവും ഓരോ വ്യക്തിയും തങ്ങളുടെ അഭിരുചിക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങളോടെ നടത്തുന്നതും ഇന്ന് പതിവ് കാഴ്ചയായിട്ടുണ്ട്. ചിലര്‍ വളരെ ലളിതമായി ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ആര്‍ബാഡം കാണിക്കാനിനി ഒന്നും ബാക്കിയില്ലെന്ന നിലയില്‍ ചെയ്യും. ഇതെല്ലാം അതത് വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിക്കും സൗകര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചിരിക്കും. 

ഇപ്പോഴിതാ പുതിയൊരു വിവാഹരീതി കൂടി പ്രചാരത്തിലാകുകയാണ്. പോപ്-അപ് വെഡിംഗ് എന്നാണിതിനെ വിളിക്കുന്നത്. ഇതിനോടകം തന്നെ ചിലരെങ്കിലും പോപ്-അപ് വെഡിംഗിനെ കുറിച്ച് കേട്ടിരിക്കും. വളരെ പെട്ടെന്ന് വലിയ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ലളിതമായി നടത്തുന്ന വിവാഹം എന്നാണ് ഇതിന് അര്‍ത്ഥം.

ഉദാഹരണത്തിന് വധൂ-വരന്മാര്‍ അവരുടെ അടുത്ത സുഹൃത്തുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ ഒപ്പം ഒരു റെസ്റ്റോറന്‍റിലോ റിസോര്‍ട്ടിലോ സാധാരണ സന്ദര്‍ശനത്തിനെന്ന പോലെ പോകുന്നു. അവിടെ വച്ച് ഇവര്‍ വിവാഹിതരാകുന്നു എന്ന് പ്രഖ്യാപിക്കുന്നു. മോതിരം മാറുന്നു, അല്ലെങ്കില്‍ മാലയിടുകയോ പരസ്പരം കൈ കൊടുക്കുകയോ, ഒപ്പ് വയ്ക്കുകയോ ചെയ്യുന്നു. ഇത്ര തന്നെ. 

പക്ഷേ പോപ്-അപ് വെഡിംഗും സാധാരണ വിവാഹം പോലെ തന്നെ ചെയ്താലോ? അങ്ങനെയൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ് യുഎസിലെ ഒരു പാര്‍ട്ടിക്ക്. 

ഒരു കോഫി ഷോപ്പിലേക്ക് സാധാരണ സന്ദര്‍ശകരെ പോലെ വധൂവരന്മാരും സുഹൃത്തുക്കളും മറ്റ് അതിഥികളും കയറിച്ചെന്നു. വൈകാതെ തന്നെ ഇതാ ഇവരുടെ വിവാഹം നടക്കാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചു. വിവാഹ പാര്‍ർട്ടിയിലേക്കായി എത്തിയ അതിഥികളെ കൊണ്ട് കോഫി ഷോപ്പ് നിറഞ്ഞതോടെ പുറത്തുനിന്ന് മറ്റ് ആരെയും അകത്ത് കയറ്റാതിരിക്കാൻ ഇവര്‍ ശ്രമിച്ചു. ഇതിനിടെ അതിഥികളുടെ ബാഗും സാധനങ്ങളും പോകാതിരിക്കാൻ ശ്രദ്ധിക്കണേ എന്ന് കോഫി ഷോപ്പിലെ ജീവനക്കാര്‍ക്ക് വീട്ടുകാരുടെ വക താക്കീതും. 

സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ് ഇപ്പോള്‍. കോഫി ഷോപ്പ് തന്നെ പരസ്യമായി വിവാഹ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ വിവാഹം പോലൊരു ചടങ്ങ് തങ്ങളെപ്പോലെ ചെറിയ കച്ചവടസ്ഥാപനത്തില്‍ നടത്തുന്നത് ഉള്‍ക്കൊള്ളാവുന്നതല്ല, ഇത് തങ്ങള്‍ക്ക് ഒരുപാട് പ്രയാസങ്ങളുണ്ടാക്കി, മുൻകൂട്ടി ബുക്ക് ചെയ്തവരെ പോലെ അത്രയും സ്വാതന്ത്ര്യത്തോടെയും അവകാശത്തോടെയുമാണ് വിവാഹ പാര്‍ട്ടിക്കാര്‍ കടയില്‍ വന്ന് പെരുമാറിയത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇവര്‍ പരസ്യമായി തന്നെ പങ്കുവച്ചു.

ഇതോടെ പോപ്-അപ് വെഡിംഗുകളെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഇങ്ങനെയുള്ള വിവാഹങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍ മറ്റുള്ളവരെ പരിഗണിക്കാതെയും അവരുടെ അവകാശങ്ങളെയോ സ്വാതന്ത്ര്യത്തെയോ സ്വകാര്യതയെയോ മാനിക്കാതെയും പോപ്-അപ് വെഡിംഗുകള്‍ വയ്ക്കുന്നത് സ്വീകാര്യമല്ല എന്നുതന്നെയാണ് അധികപേരും അഭിപ്രായപ്പെടുന്നത്. 

കോഫി ഷോപ്പ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ്...

 

Also Read:- ഓംലെറ്റില്‍ പാര്‍ലെ-ജി ബിസ്കറ്റ്; എന്തൊരു 'പീഡനം' എന്ന് കമന്‍റുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!