ഒരമ്മ തന്‍റെ മകനുണ്ടായ സവിശേഷമായ അനുഭവമാണ് ഈ ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. മകൻ സ്കൂളിലേക്ക് ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുപോയ ഭക്ഷണം അബദ്ധത്തില്‍ താഴെ വീണുപോയതിന് ശേഷം പിന്നീട് ക്ലാസ്‍മുറിയിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചാണ് ലളിതമായി ഈ അമ്മ വിശദീകരിച്ചിരിക്കുന്നത്.
ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ പേര്‍ എഴുതിയ കുറിപ്പുകള്‍, പങ്കുവച്ച ഫോട്ടോകള്‍, വീഡിയോകള്‍ എല്ലാം നാം കാണുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ മനസിനെ സ്പര്‍ശിക്കുന്നതാകണമെന്നില്ല. പലതും നമ്മള്‍ വായിച്ചുനോക്കാൻ തന്നെ താല്‍പര്യപ്പെടണമെന്നില്ല. വായിച്ചാലും അത് എളുപ്പത്തില്‍ തന്നെ മറന്നുപോകാം.
എന്നാലീ ട്വീറ്റ് അങ്ങനെയല്ല. ഒരമ്മ തന്‍റെ മകനുണ്ടായ സവിശേഷമായ അനുഭവമാണ് ഈ ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. മകൻ സ്കൂളിലേക്ക് ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുപോയ ഭക്ഷണം അബദ്ധത്തില്‍ താഴെ വീണുപോയതിന് ശേഷം പിന്നീട് ക്ലാസ്‍മുറിയിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചാണ് ലളിതമായി ഈ അമ്മ വിശദീകരിച്ചിരിക്കുന്നത്.
സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുപോകുമ്പോള്‍ നമുക്കറിയാം, കുട്ടികള്‍ ഉച്ചയാകാൻ വേണ്ടി കാത്തിരിക്കും. ചില സമയത്ത് കുട്ടികള്‍ ലഞ്ച് സമയത്തിന് മുമ്പ് തന്നെ ഭക്ഷണം അകത്താക്കുകയും ചെയ്യും.
അങ്ങനെയാകാം പതിനൊന്നുകാരനായ കുട്ടി ഇന്‍റര്‍വെല്‍ സമയത്ത് ഭക്ഷണപ്പാത്രമെടുത്തത്. എന്നാല്‍ അബദ്ധത്തില്‍ ഇത് താഴെ വീണ് അകത്തുള്ള ഭക്ഷണം മുഴുവൻ തറയില്‍ പോയി.
'അവന് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു. അത് തറയില്‍ പോയപ്പോള്‍ അവൻ കരഞ്ഞു. ഉടനെ തന്നെ ക്ലാസിലെ മറ്റ് കുട്ടികളെല്ലാം അവരുടെ ചോറ്റുപാത്രങ്ങളെടുത്ത് അവനരികിലേക്ക് വരികയാണ് ചെയ്തത്. അവരെല്ലാം അവരുടെ ഭക്ഷണം അവനുമായി പങ്കിടാൻ തയ്യാറായി. ഒരു കുട്ടി തന്‍റെ കയ്യിലുണ്ടായിരുന്ന സ്നാക്സിന്‍റെ കൂപ്പണ്‍ വരെ അവന് നല്‍കാൻ തയ്യാറായി. കുട്ടികള്‍ ഈ ലോകത്തെ പിടിച്ചുനിര്‍ത്തും. തീര്‍ച്ച...'- നിധി ജംവാള്‍ എന്ന സ്ത്രീയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേര്‍ പ്രതികരണവും അറിയിച്ചിരിക്കുന്നു. തങ്ങളുടെ ദിവസം ഈ അനുഭവം വായിച്ചതോടെ ധന്യമായെന്നും, ലോകത്തിനോട് പ്രതീക്ഷ തോന്നിക്കുന്ന അനുഭവമെന്നും, ഇത് പങ്കുവച്ചതിന് നന്ദിയെന്നും കമന്‍റുകളില്‍ കുറിച്ചവര്‍ ഏറെ. തങ്ങള്‍ക്ക് അറിയാത്ത- പരിചയമില്ലാത്ത ആ കുഞ്ഞുങ്ങള്‍ക്ക് ആദരവും സ്നേഹവും അറിയിക്കുന്നവരും കുറവല്ല.
സമാനമായ ആശയം വരുന്നൊരു പരസ്യം അടുത്തകാലത്ത് പുറത്തിറങ്ങിയിരുന്നു. ഒരുപക്ഷെ കുട്ടികളെ സ്വാധീനിച്ചത് ഇതാകാമെന്നും ചിലര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു.
നിധിയുടെ ട്വീറ്റ് നോക്കൂ...
During short break, 11-yo’s tiffin box fell down and the entire schezwan rice (his fav) was on the floor. He had tears in his eyes. All the classmates immediately surrounded him with their tiffin boxes. A student insisted on offering his snack coupon. Kids will heal this world.
— Nidhi Jamwal (@JamwalNidhi)