മകള്‍ പോയിട്ട് നാല് വര്‍ഷമായെന്നും എല്ലാവരും അവളെ മറന്നുവെന്നും ഫസ്ന ഫാത്തിമ വേദനയോടെ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ഫസ്നയ്ക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത്.
ബത്തേരിയില്‍ സ്കൂളില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിൻ എന്ന കുഞ്ഞിനെ ഓര്‍മ്മയില്ലേ? 2019ല്‍ ദാരുണമായ ഈ സംഭവം നടന്ന സമയത്ത് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഷഹലയ്ക്കുണ്ടായ ദുരന്തത്തെ ഏവരും ഏറ്റെടുത്തിരുന്നു.
അധ്യാപകരുടെ അനാസ്ഥയാണ് കുഞ്ഞുപെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അത്തരം വിഷയങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും, സ്കൂളുകളുടെ ശോചനീയവസ്ഥ പരിഹരിക്കപ്പെട്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമെല്ലാം നിരവധി പേരാണ് ആവശ്യമുന്നയിച്ചിരുന്നത്.
undefined
ഇന്നിതാ ഷഹലയുടെ സ്കൂള്‍ മുഖം മിനുക്കി പുതിയ പഠനകാലത്തിലേക്ക് കടക്കുന്നു. ലിഫ്റ്റ് സൗകര്യം അടക്കം ഇന്ന് ബത്തേരി സര്‍ക്കാര്‍ സര്‍വജന ഹൈസ്കൂളിലുണ്ട്. പക്ഷേ അപ്പോഴും ഷഹലയുടെ മരണത്തിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട, ആവശ്യമായി ഉന്നയിക്കപ്പെട്ട വയനാട്ടിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ കിട്ടാക്കനിയായി തുടരുകയാണ്.
ഇതെക്കുറിച്ച് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷഹലയുടെ ഉമ്മയുടെ സഹോദരി ഫസ്ന ഫാത്തിമ. മകളുടെ ഓര്‍മ്മയിലൂടെ വേദനയോടെ സഞ്ചരിക്കുകയും അതേസമയം അതിന്‍റെ തീക്ഷണതയിലും പ്രസക്തമായ ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുകയാണ് ഫസ്ന ഫാത്തിമ.
ഷഹല പോയിട്ട് നാല് വര്‍ഷമായെന്നും എല്ലാവരും അവളെ മറന്നുവെന്നും ഫസ്ന ഫാത്തിമ വേദനയോടെ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ഫസ്നയ്ക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത്. ഇതിനിടെ ഫസ്ന ഉന്നയിച്ച പ്രസക്തമായ ചില വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടക്കുന്നു. കുഞ്ഞു ഷഹലയുടെ മുഖം ഒരിക്കലും മറന്നുപോകില്ലെന്നും അതൊരു തീരാനോവ് തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്നവരും ഏറെ. ഫസ്നയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
''എന്റെ മോള് പോയിട്ട് ഇന്നേക്ക് നാലു വര്‍ഷം. എന്റെ മോള് പോയി എന്നും പറഞ്ഞ് 2019 നവംബർ 20ന് രാത്രി എട്ടു മണിയോടെ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടതു കണ്ടിട്ട് ആറ്റയോട് ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതിനു മുമ്പും ശേഷവും പലരും ചോദിച്ചിട്ടുണ്ട്, നിന്റെ പാത്തുവിന്റെ രണ്ടാം വിവാഹമാണോ എന്ന്. പ്രസവിക്കാതെ ഉമ്മയായവളാണ് ഞാന്‍. അതും എന്റെ ഷഹല മോളിലൂടെ...
വയനാട്ടിലൊരു നല്ല ആശുപത്രിയില്ലാത്തതു കൊണ്ട് അവളെയും കൊണ്ട് കോഴിക്കോട്ടേക്ക് വരികയാണെന്ന് ഇത്താത്ത വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നതാണ്. അപ്പോഴും അവളെ കൈവിട്ടു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് അപായം സംഭവിച്ചത് വാപ്പച്ചിയെ ഒരു തരത്തില്‍ അറിയിച്ച് വയനാട്ടിലേക്ക് വണ്ടികയറാന്‍ ഇരിക്കുമ്പോള്‍ വാപ്പച്ചി ചോദിച്ച ഒരു ചോദ്യമുണ്ട്... മോളെ, അവളെ നമുക്ക് തിരിച്ചു കിട്ടില്ലേ എന്ന്...
വിഷപാമ്പുകള്‍ അവളുടെ അധ്യാപകര്‍ തന്നെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഞാന്‍ വയനാട്ടിലെത്തേണ്ടി വന്നു. നാലു വര്‍ഷമായി അവള്‍ പോയിട്ട്. അനാസ്ഥക്കു കാരണക്കാരായ അധ്യാപകര്‍ അവരുടെ ജോലികളില്‍ തിരിച്ചെത്തി. പാമ്പുകളുടെ താവളമായ ആ സ്‌കൂളിനു പുതിയ കെട്ടിടം ലഭിച്ചു. അവളെ അവരൊക്കെ പാടേ മറന്നു. കഴിഞ്ഞ ദിവസവും വയനാട്ടിലെത്തിയ ഞങ്ങള്‍ക്കു മുന്നിലൂടെ രോഗിയെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക് താമരശ്ശേരി ചുരം വഴി ചീറി പായുന്നത് കണ്ടു.
പ്രതീക്ഷയുണ്ടായിരുന്നു ഭരണകൂടത്തിൽ. പക്ഷേ ഇപ്പോഴതില്ല. കാരണം ഒന്നും ശരിയാവാന്‍ പോവുന്നില്ല. പ്രതിഷേധം കൊണ്ടോ സമരം കൊണ്ടോ ഒന്നും നടക്കാന്‍ പോവുന്നില്ല. മനസ്സ് മടുത്തിരിക്കുന്നു... എല്ലാ സംഭവങ്ങളെയും പോലെ അവളും ഓര്‍മയായിരിക്കുന്നു. ഞങ്ങള്‍, വീട്ടുകാരുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന നനവാര്‍ന്ന ഓര്‍മ. നഷ്ടം ഞങ്ങളുടേത് മാത്രമാണ്...
ലോക ശിശു ദിനത്തിലാണ് അവൾക്ക് അധ്യാപകരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത് എന്നു കൂടി ഇവിടെ ചേർത്തു പറയട്ടെ...''
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-