Weight Loss: പെട്ടെന്ന് വണ്ണം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

By Web Team  |  First Published Oct 23, 2022, 7:38 AM IST

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍  വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.


അമിതവണ്ണവും അവിടവിടെ അടിഞ്ഞു കൂടിയ കൊഴുപ്പും കൊണ്ട് ആശങ്കപ്പെടുന്നവരാണ് നമ്മളില്‍ പലരും. എങ്ങനെയെങ്കിലും ഇതൊന്ന് കുറയ്ക്കാനായി പട്ടിണി കിടന്നും പ്രഭാത ഭക്ഷണം ഒഴിവാക്കിയും പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍  വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.

രാവിലെ എഴുന്നേല്‍ക്കുമ്പോൾ പിന്തുടരുന്ന ചില ശീലങ്ങള്‍ നമ്മുടെ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കില്‍, പ്രഭാതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെ നോക്കാം...

Latest Videos

ഒന്ന്...

വെറും വയറ്റില്‍ ചെറു ചൂടു വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കും. അതുപോലെ തന്നെ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

രണ്ട്...

ഗ്രീന്‍ ടീ കുടിച്ചാല്‍ ശരീര ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ വെറുവയറ്റിലോ പ്രഭാതഭക്ഷണത്തോടൊപ്പമോ കുടിക്കാം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

മൂന്ന്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് രാവിലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അത് വിശപ്പിനെ നിയന്ത്രിക്കാനും ഒരു ദിവസത്തെ ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും. 

നാല്...

ഏത്തപ്പഴം രാവിലെ കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ്‌ ശമിക്കാന്‍ സഹായിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമമായി നിലനിര്‍ത്തും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

അഞ്ച്...

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. 

ആറ്...

അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

ഏഴ്...

ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ആണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

എട്ട്...

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും. 

ഡയറ്റിനൊപ്പം കൃത്യമായ വ്യായാമം കൂടി ഉണ്ടെങ്കില്‍, പെട്ടെന്ന് നിങ്ങളുടെ വണ്ണം കുറയ്ക്കാം. രാവിലെ കുറച്ച് വെയില്‍ കൊള്ളുന്നതും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കും. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

click me!