കൊവിഡ് 19; 'ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അതിഥികളെ ഇറക്കിവിടരുത്': മോഹന്‍ലാല്‍

By Web Team  |  First Published Mar 18, 2020, 12:13 PM IST

വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന വാര്‍ത്ത വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍. നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ കൊവിഡ് ഭീതി മൂലം തെരുവിലിറക്കി  വിടുകയാണോ വേണ്ടത് ?


വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന വാര്‍ത്ത വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍. നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ കൊവിഡ് ഭീതി മൂലം തെരുവിലിറക്കി  വിടുകയാണോ വേണ്ടത് ? സമൂഹനന്മയ്ക്കായി  ക്വാറന്‍റൈനില്‍ കഴിയുന്നവരോടുള്ള നമ്മുടെ മനോഭാവം  എന്തായിരിക്കണം എന്നതിനെ മോഹൻലാൽ മനോരമയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

'ഇറ്റലിയിൽ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകൾ മുറി കൊടുക്കാതെ വന്നപ്പോൾ സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാർത്ത കണ്ടു. ഒരു മരണവാർത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്തെത്തിയ അർജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാർത്തകൂടി വായിച്ചു തീരുമ്പോൾ വേദന ഇരട്ടിയാകുന്നു. ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാൻ വരുന്നവരാകും. അവരോടു നമ്മൾ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താൻ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമ്മുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാൽ നമുക്കു താങ്ങാനാകുമോ?'- മോഹന്‍ലാല്‍ ചോദിച്ചു.

Latest Videos

സ്വയം ക്വാറന്‍റൈനില്‍ പോയ ആളെ പൂട്ടിയിട്ടതിനെയും മോഹന്‍ലാല്‍ വിമര്‍ശിച്ചു. 'ഈ പൂട്ടിയിട്ടവർക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. അടച്ച മുറിയിൽ കഴിയുന്ന എല്ലാവരും രോഗികളല്ല. അവർ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട് – ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം ചേർന്ന വലിയൊരു സംഘം. ദേവാലയങ്ങൾ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാർഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിന് വേണ്ടി'- മോഹന്‍ലാല്‍ കുറിച്ചു.  

'ദേഹം മുഴുവൻ നീലവസ്ത്രത്തിൽ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകൾ ഇന്നും എന്‍റെ മനസ്സിലുണ്ട്.  ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്‍റെ രക്ഷക തന്നെയാണ്. ഒരർഥത്തിൽ പറഞ്ഞാൽ കൈക്കുഞ്ഞിനെപ്പോലെ എന്ന നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം' എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

click me!