ദീപാവലി ആഘോഷത്തിന് നമുക്കറിയാം ഭൂരിപക്ഷത്തിനും പടക്കങ്ങള്‍ ഒഴിച്ചുകൂടാനാകാത്തത് തന്നെയാണ്. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും, വെളിച്ചത്തിന്‍റെ വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തും ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഏവരും ശ്രമിക്കാറുണ്ട്.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കണ്ടുപോകുന്നത്. ഇവയില്‍ പലതും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാൻ വേണ്ടി തന്നെ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതാകാറുണ്ട്. പലപ്പോഴും ഈ രീതിയില്‍ ശ്രദ്ധ ലഭിക്കണമെന്ന ലക്ഷ്യത്തോടെ മാത്രം തയ്യാറാക്കുന്ന വീഡിയോകള്‍ അപകടകരവും അനാരോഗ്യകരവുമെല്ലാമാകാറുണ്ട്.
ജീവന് പോലും ഭീഷണിയാകും വിധത്തില്‍ വീഡിയോകളോ സെല്‍ഫികളോ ചിത്രങ്ങളോ പകര്‍ത്താൻ അതിസാഹസികത കാണിക്കുന്നവരില്‍ ചെറിയൊരു വിഭാഗം പേരെങ്കിലും അതിന് വില നല്‍കേണ്ടിയും വരാറുണ്ട്.
ഇപ്പോഴിതാ സമാനമായി, ശ്രദ്ധ ലഭിക്കുന്നതിനായി ഒരു സംഘം യുവാക്കള്‍ ചെയ്ത അതിസാഹസികത ഇവര്‍ക്ക് തന്നെ തിരിച്ചടിയായതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദീപാവലി ആഘോഷത്തിന് നമുക്കറിയാം ഭൂരിപക്ഷത്തിനും പടക്കങ്ങള്‍ ഒഴിച്ചുകൂടാനാകാത്തത് തന്നെയാണ്. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും, വെളിച്ചത്തിന്‍റെ വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തും ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഏവരും ശ്രമിക്കാറുണ്ട്. എന്നാല്‍ പടക്കം കൈകാര്യം ചെയ്യുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് ഗൗരവമുള്ള അപകടങ്ങളിലേക്ക് പോലും വഴിവയ്ക്കാം.
അങ്ങനെ പരസ്യമായി റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ഇരുന്ന് പടക്കം പൊട്ടിക്കുന്ന യുവാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദിലാണ് സംഭവം.
വാഹനത്തിന് മുകളില്‍ മാത്രമല്ല, ബോണറ്റിലും യുവാക്കള്‍ ഇരിക്കുന്നു. സംഭവം വലിയ 'മാസ്' മ്യൂസിക്കോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെങ്കിലും പിറ്റേന്ന് തന്നെ ഇതിന് ഗംഭീരമായൊരു 'ട്വിസ്റ്റ്' എത്തുകയായിരുന്നു.
ഇതെന്താണെന്ന് വച്ചാല്‍ വീഡിയോയില്‍ കണ്ട യുവാക്കളെയെല്ലാം പൊലീസ് പിടികൂടി പരസ്യമായി തന്നെ ശിക്ഷിക്കുകയാണ്. റോഡിലൂടെ ഏത്തമിടീച്ചും നിരയായി നടത്തിയും പരസ്യമായി ഇവരെ ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് കൂടി താക്കീത് നല്‍കിയിരിക്കുകയാണ് പൊലീസ്. ഇതിന്‍റെ വീഡിയോ പൊലീസ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
പൊതുജനത്തിന് ഭീഷണിയാകും വിധം പ്രകടനം നടത്തിയ യുവാക്കളെ പിടികൂടിയതിനും ശിക്ഷിച്ചതിനുമെല്ലാം വലിയ രീതിയിലാണ് പൊലീസിന് അഭിനന്ദനം ലഭിക്കുന്നത്. കമന്‍റുകളിലെല്ലാം ഇത് കാണാം. സംഭവം മാതൃകാപരമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അതേസമയം കുറ്റം ചെയ്യുന്നവരെ പരസ്യമായി ശിക്ഷിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ച പ്രവണതയല്ലെന്ന വിമര്‍ശനവുമായി ചെറിയൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
അഹമ്മദാബാദ് പൊലീസ് പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ...