ഡൗണ്‍ സിൻഡ്രോം ബാധിച്ച യുവാവിനും യുവതിക്കും മാംഗല്യം; ഇതൊരു ഉത്തമ മാതൃക

By Web Team  |  First Published Jul 6, 2023, 11:35 AM IST

വീട്ടുകാര്‍ പരസ്പരം കണ്ട്- സംസാരിച്ച് വിവാഹവും ഉറപ്പിച്ചു. ഇതിന് ശേഷം വിഘ്നേഷിനും അനന്യക്കും തമ്മില്‍ മനസിലാക്കുവാനും അംഗീകരിക്കുവാനുമുള്ള അവസരമായിരുന്നു. അവര്‍ പലവട്ടം നേരില്‍ കണ്ടു. ബാക്കിയുള്ള സമയങ്ങളില്‍ ഇ-മെയിലിലൂടെയും വാട്ട്സ് ആപ്പിലൂടെയുമെല്ലാം ബന്ധപ്പെട്ടുകൊണ്ടിരുന്നു. 


ഇന്നോളം ഏറ്റുവാങ്ങിയ ദുഖങ്ങളുടെയെല്ലാം വേദനയും തളര്‍ച്ചയും മറക്കാൻ വിഘ്നേഷിനും അനന്യക്കും ഇനി പുതിയ ജീവിതം. ഡൗണ്‍ സിൻഡ്രോം ബാധിച്ച വിഘ്നേഷും അനന്യയും കൈകോര്‍ത്തുപിടിച്ച് ഒരുമിച്ചൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത് ഭിന്നശേഷിക്കാരായ ചെറുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ടവര്‍ക്കും സമൂഹത്തിന് ആകെ തന്നെയും ഒരു മതൃകയാവുകയാണ്.

ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് വിവാഹം പാടുണ്ടോ, അത് ശരിയാകുമോ എന്നെല്ലാമുള്ള ചിന്ത പൊതുവില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ അനുവാദമുണ്ടെങ്കില്‍ തീര്‍ച്ചയായും ഭിന്നശേഷിക്കാരായ ചെറുപ്പക്കാര്‍ക്കും വൈവാഹികജീവിതമാകാം, അതില്‍ അസാധാരണമായി ഒന്നുമില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് വിഘ്നേഷ്- അനന്യ വിവാഹം നടത്തുന്നത്. 

Latest Videos

undefined

ഇരുപത്തിരണ്ടുകാരിയായ അനന്യ പുണെ സ്വദേശിയാണ്. ഇരുപത്തിയേഴുകാരനായ വിഘ്നേഷ് തമിഴ്നാട്ടുകാരനും. ഇരുവരും ബന്ധുക്കള്‍ വഴിയാണ് പരിചയപ്പെടുന്നത്. തന്‍റെ സമപ്രായക്കാരെല്ലാം വിവാഹം കഴിച്ചുപോയതോടെ തനിക്കും വിവാഹം വേണമെന്ന് വിഘ്നേഷ് മാതാപിതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് ഇവര്‍ വിഘ്നേഷിന് വേണ്ടിയൊരു വധുവിനെ തിരക്കുന്നത്. 

അങ്ങനെ ബന്ധുക്കള്‍ മുഖാന്തരം ഒരു വര്‍ഷം മുമ്പ് വിഘ്നേഷിനെ പോലെ തന്നെ ഡൗണ്‍ സിൻഡ്രോം ബാധിച്ച അനന്യയെ ഇവര്‍ കണ്ടെത്തി. വീട്ടുകാര്‍ പരസ്പരം കണ്ട്- സംസാരിച്ച് വിവാഹവും ഉറപ്പിച്ചു. ഇതിന് ശേഷം വിഘ്നേഷിനും അനന്യക്കും തമ്മില്‍ മനസിലാക്കുവാനും അംഗീകരിക്കുവാനുമുള്ള അവസരമായിരുന്നു. അവര്‍ പലവട്ടം നേരില്‍ കണ്ടു. ബാക്കിയുള്ള സമയങ്ങളില്‍ ഇ-മെയിലിലൂടെയും വാട്ട്സ് ആപ്പിലൂടെയുമെല്ലാം ബന്ധപ്പെട്ടുകൊണ്ടിരുന്നു. 

ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയാണെന്ന് വീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച പുണെയില്‍ ഒരുക്കിയ മനോഹരമായ വിവാഹവേദിയില്‍ വച്ച് ഇരുവരും അങ്ങനെ ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. ഇവരുമായി അടുപ്പമുള്ളവരെല്ലാം പങ്കെടുത്ത വിവാഹം പതിവിലുംകവിഞ്ഞ് വര്‍ണാഭമായിരുന്നു. ദുബായില്‍ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയില്‍ ജോലി ചെയ്യു ന്ന വിഘ്നേഷിനൊപ്പം പോകാനാണ് ഇനി അനന്യയുടെ തീരുമാനം.

സ്വന്തം നാടും, വീടും, വീട്ടുകാരെയും, സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് ദൂരെ പോകുമ്പോള്‍ തീര്‍ച്ചയായും അനന്യക്ക് വിഷമമുണ്ടാകുമെന്ന് അറിയാം. എങ്കിലും ഇനി മുതല്‍ അനന്യയെ നോക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായാണ് കരുതുന്നത് എന്ന് വിഘ്നേഷിന്‍റെ മാതാപിതാക്കള്‍ പറയുന്നു. 

ഭിന്നശേഷിക്കാരായ ചെറുപ്പക്കാരുടെ വിവാഹം നമ്മുടെ സമൂഹത്തില്‍ അപൂര്‍വമാണ്. എന്നാല്‍ ഇവരുടെ വിവാഹം ഒരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ഇരുവരുടെയും മാതാപിതാക്കള്‍ പറയുന്നത്. അതിനാല്‍ തന്നെ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിലും സന്തോഷമേയുള്ളൂ എന്ന് അഭിമാനപൂര്‍വം ഈ മാതാപിതാക്കള്‍ പറയുന്നു. 

Also Read:- കൈക്കുഞ്ഞുമായി മഴയത്ത് പെട്ടുപോയ കുടുംബത്തിന് സഹായമായി പൊലീസ്; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!