ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പാമ്പിനെ വച്ച് പൂജ; ഒടുവില്‍ നാവ് നഷ്ടമായി

By Web Team  |  First Published Nov 25, 2022, 1:27 PM IST

അന്ധവിശ്വാസം എത്തരത്തിലാണ് ഒരു മനുഷ്യന്‍റെ ജീവന് തന്നെ ഭീഷണിയാകുന്നതെന്ന് ഈ സംഭവം തീര്‍ച്ചയായും തെളിയിക്കും. ഏറ്റവും നീചമായ രീതികളുമാണ് മിക്കവാറും ഇത്തരത്തിലുള്ള പൂജകളിലും മറ്റും ഇവര്‍ ആശ്രയിക്കുന്നതും.


വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. വിശ്വാസങ്ങള്‍ മനുഷ്യരെ പ്രതിസന്ധികളില്‍ പിടിച്ചുനിര്‍ത്താനും ആത്മധൈര്യം പകരാനും സഹായിക്കുന്ന മാനസികമായ ഉപാധികളായി കണക്കാക്കാമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ മനുഷ്യരെ പ്രതിസന്ധികളില്‍ നിന്ന് വീണ്ടും പ്രതിസന്ധികളിലേക്കും അപകടങ്ങളിലേക്കും മാത്രം നയിക്കുന്നവയാണ്. 

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നാം വാര്‍ത്തകളിലൂടെ വായിച്ചും കണ്ടുമെല്ലാം അറിയാറുണ്ട്. എങ്കില്‍പോലും ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളില്‍ നിന്ന് സ്വമേധയാ തിരിച്ചുവരാനും മുക്തരാകാനും പലരും  ശ്രമിക്കുന്നില്ല എന്നതാണ് സത്യം.

Latest Videos

ഇതുതന്നെ തെളിയിക്കുന്നൊരു വാര്‍ത്തയാണ് തമിഴ്നാട്ടിലെ ഈറോഡില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. ജ്യോത്സ്യരുടെ വാക്ക് കേട്ട് സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയിരിക്കുകയാണ് ഒരു മദ്ധ്യവയസ്കൻ. ഇദ്ദേഹത്തിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ പരസ്യപ്പെടുത്തുന്നില്ല. ഗോപിചെട്ടിപ്പാളയം സ്വദേശി ആണിദ്ദേഹം.

ഏറെ നാളായി ഒരു സ്വപ്നം ഇദ്ദേഹം ആവര്‍ത്തിച്ചുകാണുന്നുവത്രേ. പാമ്പ് കടിക്കുന്നതാണ് സ്വപ്നം. ഇത് പതിവായപ്പോള്‍ പേടിച്ച ഇദ്ദേഹം ഒരു ജ്യോത്സ്യരെ സമീപിച്ചു. ഇതോടെ ജ്യോത്സ്യര്‍ സ്വപ്നത്തില്‍ നിന്ന് രക്ഷ നേടാനായി ഒരു പരിഹാരവും നിര്‍ദേശിച്ചു. പാമ്പിനെ വച്ചുള്ള ഒരു പൂജയാണ് പരിഹാരമായി നിര്‍ദേശിച്ചത്.

പാമ്പിനെ വച്ചുള്ള പൂജയ്ക്കായി ഒരു ക്ഷേത്രവും പൂജാരി തന്നെ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇദ്ദേഹം ഈ ക്ഷേത്രത്തിലെത്തി. ഇവിടെയെത്തിയപ്പോള്‍ ഇവിടെയുള്ള പൂജാരിയും ജ്യോത്സ്യരുടെ വാദം ശരിവച്ചു. ശേഷം ഇവര്‍ പൂജ നടത്തി. പൂജയ്ക്കൊടുവില്‍ പൂജാരി ഇദ്ദേഹത്തോട് നാവ് പാമ്പിന്‍റെ മടയ്ക്ക് അകത്തേക്ക് നീട്ടാൻ ആവശ്യപ്പെട്ടു. 

ഇതോടെ മടയ്ക്ക് അകത്തുണ്ടായിരുന്ന അണലി ഇദ്ദേഹത്തിന്‍റെ നാക്കില്‍ കടിച്ചു. വേദന കൊണ്ടും വിഷത്തിന്‍റെ ശക്തി കൊണ്ടും വൈകാതെ തന്നെ ഇദ്ദേഹം ബോധരഹിതനായി വീണു. ഇദ്ദേഹത്തിന്‍റെ ബന്ധുവായ ഒരാളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. 

ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ വായ മുഴുവൻ രക്തപ്രവാഹമായിരുന്നുവെന്നും നാക്കിലെ കോശങ്ങളിലെല്ലാം വിഷം കയറിയിരുന്നതിനാല്‍ നാക്ക് ആദ്യമേ മുറിച്ചുകളയേണ്ടിവന്നുവെന്നും ഈറോഡ് മനിയൻ മെഡിക്കല്‍ സെന്‍ററിലെ ചീഫ് ഡോക്ടര്‍ ഡെ. എസ് സെന്തില്‍ കുമാരൻ പറയുന്നു. നാക്ക് മുറിച്ചുമാറ്റിയിട്ട് പോലും ഇദ്ദേഹത്തിന്‍റെ ജീവൻ സുരക്ഷിതമാക്കാൻ നാല് ദിവസം തങ്ങള്‍ പാടുപെട്ടുവെന്നും ഡോക്ടര്‍ പറയുന്നു.

അന്ധവിശ്വാസം എത്തരത്തിലാണ് ഒരു മനുഷ്യന്‍റെ ജീവന് തന്നെ ഭീഷണിയാകുന്നതെന്ന് ഈ സംഭവം തീര്‍ച്ചയായും തെളിയിക്കും. ഏറ്റവും നീചമായ രീതികളുമാണ് മിക്കവാറും ഇത്തരത്തിലുള്ള പൂജകളിലും മറ്റും ഇവര്‍ ആശ്രയിക്കുന്നതും. ഈറോഡില്‍ മദ്ധ്യവയസ്കന് സംഭവിച്ച ദുരന്തവും ഇത്തരത്തില്‍ ദാരുണം തന്നെ.

ചിത്രം: പ്രതീകാത്മകം

Also Read:- ഫ്രിഡ്ജിനടിയില്‍ ഒളിച്ചിരുന്ന് കൂറ്റൻ മൂര്‍ഖൻ; വീഡിയോ വൈറലാകുന്നു

click me!