തന്‍റെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് താൻ എഐയുടെ സഹായമാണ് തേടിയതെന്നും വളരെ സൂക്ഷ്മമായി തനിക്ക് യോജിക്കുന്ന പങ്കാളിയെ കണ്ടെത്താൻ എങ്ങനെയാണ് എഐ താൻ പ്രയോജനപ്പെടുത്തിയത് എന്നുമാണ് റഷ്യക്കാരനായ അലക്സാണ്ടര്‍ സദാൻ വിവരിക്കുന്നത്.
നിര്‍മ്മിതബുദ്ധി അഥവാ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്) ഇന്ന് മിക്ക മേഖലകളിലും അതിന്‍റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ടെക്നിക്കല്‍ രംഗത്ത് മാത്രമല്ല വീട്ടിനകത്തും ബന്ധങ്ങള്‍ക്കിടയിലുമെല്ലാം എഐ ടൂളുകള്‍ സഹായികളായി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ഇപ്പോഴിതാ ഇത്തരത്തില്‍ രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണൊരു യുവാവ്. ഇദ്ദേഹത്തിന്‍റെ അനുഭവകഥ ഒരുപക്ഷേ എഐ കൊണ്ടുള്ള ഉപയോഗങ്ങളില്‍ പുതിയൊരു അധ്യായം തന്നെയാണ് തുറക്കുന്നതെന്നും പറയാം.
തന്‍റെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് താൻ എഐയുടെ സഹായമാണ് തേടിയതെന്നും വളരെ സൂക്ഷ്മമായി തനിക്ക് യോജിക്കുന്ന പങ്കാളിയെ കണ്ടെത്താൻ എങ്ങനെയാണ് എഐ താൻ പ്രയോജനപ്പെടുത്തിയത് എന്നുമാണ് റഷ്യക്കാരനായ അലക്സാണ്ടര്‍ സദാൻ വിവരിക്കുന്നത്.
സോഫ്റ്റ്‍വെയര്‍ ഡെവലപ്പറായ സദാൻ ചാറ്റ് ജിപിടിയും മറ്റ് എഐ ബോട്ട്സും കൊണ്ട് തനിക്ക് യോജിക്കാത്ത പ്രൊഫൈലുകളെ ആദ്യം ഡേറ്റിംഗ് ആപ്പായ ടിൻഡറില്‍ നിന്ന് അരിച്ചുകളഞ്ഞു. ബാക്കിയായ പ്രൊഫൈലുകളോട് സംസാരിച്ചുനോക്കി അത് തനിക്ക് യോജിക്കുന്നതാണോ എന്ന് മനസിലാക്കാൻ ആദ്യ സദാൻ ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചുവത്രേ.
'ആദ്യമൊക്കെ പല മണ്ടത്തരങ്ങളും ചാറ്റ് ജിപിടി ചോദിച്ചിരുന്നു. അതൊക്കെ ഞാൻ ആണെന്നല്ലേ മറുവശത്തിരിക്കുന്നയാള്‍ മനസിലാക്കുക. പിന്നീട് ഞാൻ എന്നെ തന്നെ ഈ ടൂളുകള്‍ക്കൊക്കെ പരിചയപ്പെടുത്തി. പിന്നീട് ഒരു വലിയ പരിധി വരെ ഞാൻ സംസാരിക്കുന്നത് പോലെയാണ് ഇവ പെണ്‍കുട്ടികളോടെല്ലാം സംസാരിച്ചിരുന്നത്...'- സദാൻ പറയുന്നു.
ആയിരക്കണക്കിന് പ്രൊഫൈലുകളിലൂടെ ഇങ്ങനെ സദാൻ കയറിയിറങ്ങിയത്രേ. ഏറ്റവും ഒടുവിലാണ് കരീന ഇമ്രാനോവ്ന എന്ന പെണ്‍കുട്ടിയെ കാണുന്നത്. കരീനയോടും ഇതേ രീതിയിലാണ് സദാൻ ഇടപെട്ടത്. ഒടുവില്‍ ചാറ്റ് ജിപിടി, സദാനോട് കരീനയോ പ്രപ്പോസ് ചെയ്തോളൂ എന്ന് നിര്‍ദേശിച്ചുവത്രേ. തനിക്ക് ഏറ്റവും യോജിച്ചതും, ബാലൻസ്ഡ് ആയതും, സ്ട്രോംഗ് ആയതുമായ ബന്ധം ഇതാണെന്ന് ചാറ്റ് ജിപിടി അറിയിച്ചുവത്രേ.
ഏറ്റവും കൗതുകകരമായ സംഗതി എന്തെന്നാല്‍ ഇതെക്കുറിച്ചൊന്നും ഈ പെണ്‍കുട്ടിക്ക് അറിവില്ലായിരുന്നുവത്രേ.വിവാഹം രജിസ്റ്റര്‍ ചെയ്യാൻ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമായിരുന്നുവത്രേ കരീനയോട് ഇതെല്ലാം തുറന്നുപറഞ്ഞത്. എന്നാല്‍ അവര്‍ വളരെ സമാധാനപൂര്‍വമാണ് തന്നോട് പ്രതികരിച്ചത് എന്നും സദാൻ പറയുന്നു.
ഇനിയുള്ള കാലത്ത് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതിന് ഇത്തരത്തില്‍ എഐ പ്രോഗ്രാമുകള്‍ ഉപയോഗിക്കാമെന്നാണ് സദാൻ പറയുന്നത്. എന്നാല്‍ മാനദണ്ഡങ്ങളോടെ മാത്രമേ പബ്ലിക് ആയി ഇങ്ങനെയൊരു പ്രോഗ്രാം വരാവൂ എന്നും ഇദ്ദേഹം പറയുന്നു. എന്തായാലും ഇങ്ങനെയൊരു സാധ്യത മുന്നില്‍ തെളിയുന്നത് മോശമല്ല എന്നാണ് സദാന്‍റെ വാര്‍ത്തയോട് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍.
Also Read:- വാലന്‍റൈൻസ് ഡേയ്ക്ക് വിചിത്രമായ ഓഫറുമായി മൃഗസ്നേഹികളുടെ സംഘടന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-