തീ പടര്‍ന്ന കെട്ടിടത്തില്‍ യുവാവിന്‍റെ സാഹസിക പരിശ്രമം;വീഡിയോ കണ്ടവരെല്ലാം കയ്യടിക്കുന്നു...

By Web Team  |  First Published Jun 16, 2023, 12:20 PM IST

ഒരു ദുരന്തമുഖത്ത് നിന്ന് തന്‍റെ ജീവനോളം തന്നെ മറ്റ് ജീവനുകളെയും വിലമതിക്കുകയും അതിന് വേണ്ടി ഒരുപാട് പരിശ്രമിക്കുകയും ചെയ്യുന്നൊരു യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 


അപകടങ്ങളോ ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ ആരായാലും സ്വയം സുരക്ഷിതരാകാനാണ് ആദ്യം ശ്രമിക്കുക. പരമാവധി പ്രിയപ്പെട്ടവരുടെ ജീവൻ കൂടി രക്ഷിക്കാനുള്ള ശ്രമം നടത്താം. അതിലുമധികം ആരെയും നോക്കാനോ സുരക്ഷിതമാക്കാനോ ഒന്നും വലിയൊരു അപകടം സംഭവിക്കുന്ന സമയത്ത് ആരും ശ്രമിക്കാറില്ല.

എന്നാല്‍ ചിലര്‍ അങ്ങനെയല്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്നതിനൊപ്പം തന്നെ കൂടെയുള്ളവരുടെയും ജീവൻ സുരക്ഷിതമാക്കാൻ അവസാനനിമിഷം വരെ പ്രയത്നിക്കുന്നവര്‍. പലപ്പോഴും വൻ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഇങ്ങനെയുള്ള ചിലരെയെങ്കിലും നാം കാണാറുണ്ട്.

Latest Videos

undefined

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഒരു ദുരന്തമുഖത്ത് നിന്ന് തന്‍റെ ജീവനോളം തന്നെ മറ്റ് ജീവനുകളെയും വിലമതിക്കുകയും അതിന് വേണ്ടി ഒരുപാട് പരിശ്രമിക്കുകയും ചെയ്യുന്നൊരു യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 

പെറുവിലെ ലിമയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സെബാസ്റ്റ്യൻ ഏരിയാസ് എന്നാണ് വീഡിയോയില്‍ കാണുന്ന യുവാവിന്‍റെ പേര്. അപ്രതീക്ഷിതമായി കെട്ടിടത്തില്‍ തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു സെബാസ്റ്റ്യൻ. അപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ ഒരു സംഘം നായ്ക്കള്‍ കുടുങ്ങിക്കിടക്കുന്നതായി ഇദ്ദേഹം ശ്രദ്ധിച്ചത്. 

തീ കണ്ട് പേടിച്ച് കെട്ടിടത്തിന്‍റെ മുകള്‍നിലയിലേക്ക് കയറിയതാണ് നായ്ക്കള്‍. പക്ഷേ പിന്നീട് അവിടെ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു ഇവ. ഈ രംഗം ശ്രദ്ധയില്‍ പെട്ട സെബാസ്റ്റ്യൻ സ്വന്തം ജീവൻ പണയപ്പെടുത്തി നായ്ക്കളെ രക്ഷപ്പെടുത്തുകയാണ്. കെട്ടിടത്തിന്‍റെ പുറത്തുകൂടി ചുരില്‍ പിടിച്ചുകയറി സണ്‍ഷെയ്ഡില്‍ കയറുന്നതും, അവിടെ നിന്ന് ഏറ്റവും മുകളിലത്തെ നിലയിലെത്തി- കുടുങ്ങിക്കിടക്കുന്നൊരു നായയെ രക്ഷപ്പെടുത്തി, താഴെ ഫയര്‍ ഫോഴ്സിന്‍റെ നെറ്റിലേക്ക് ഇട്ടുകൊടുക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

ഇത്തരത്തില്‍ ഇരുപത്തിയഞ്ചോളം നായ്ക്കളെ സെബാസ്റ്റ്യൻ രക്ഷപ്പെടുത്തിയത്രേ. ഫയര്‍ഫോഴ്സ് സംഘം പോലും നോക്കിനില്‍ക്കെയാണ് സെബാസ്റ്റ്യന്‍റെ സാഹസിക രക്ഷാപ്രവര്‍ത്തനം. തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്ന പ്രവര്‍ത്തി തന്നെയാണിതെന്നും, അദ്ദേഹത്തിന്‍റെ മനസിന്‍റെ നന്മയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്- ഇങ്ങനെയുള്ള മനുഷ്യരാണ് ലോകം മുന്നോട്ട് നയിക്കുന്നതെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ കുറിച്ചിരിക്കുന്നു. 

ലക്ഷക്കണക്കിന് പേരാണ് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം; റെസ്റ്റോറന്‍റ് ജീവനക്കാരി ചെയ്തത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!