ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി കിട്ടിയില്ല; വ്യത്യസ്തമായ പ്രതിഷേധം നടത്തി ഒരാള്‍...

By Web Team  |  First Published Apr 9, 2023, 7:27 PM IST

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഈ മേഖല കൂടുതല്‍ സജീവമാകുകയും തിരക്ക് അനുഭവപ്പെടുകയും ചെയ്യാം. ഇതോടെ പരാതികളുയരുന്നതും സ്വാഭാവികമായി മാറും. 


ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണ്. എന്തും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനാണ് ഇന്ന് ഏവരും താല്‍പര്യപ്പെടുന്നത്. പ്രത്യേകിച്ച് പതിവായി ഏവരും ഓൺലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഭക്ഷണം തന്നെയാണെന്ന് നിസംശയം പറയാം. 

ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഈ മേഖല കൂടുതല്‍ സജീവമാകുകയും തിരക്ക് അനുഭവപ്പെടുകയും ചെയ്യാം. ഇതോടെ പരാതികളുയരുന്നതും സ്വാഭാവികമായി മാറും. 

Latest Videos

undefined

ഭക്ഷണത്തിന്‍റെ ഗുണമേന്മ, അതിന്‍റെ അളവ്, ഓര്‍ഡറില്‍ ഇല്ലാത്ത ഭക്ഷണം തെറ്റിനല്‍കുന്നത്, ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാതിരിക്കുന്നത് എന്നിങ്ങനെ പല പ്രശ്നങ്ങളും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഉണ്ടാകാം. 

മിക്കപ്പോഴും ഇത്തരത്തിലുള്ള പരാതികളുയരുമ്പോള്‍ അത് പരിഹരിക്കുന്നതിന് അതത് ഏജൻസികള്‍ തന്നെ ശ്രമിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പരാതികള്‍ ഫലപ്രദമായി പരിഹരിക്കപ്പെടാതെയും ഇരിക്കാം. ഇത് തീര്‍ച്ചയായും ഉപഭോക്താവിന് മോശം അനുഭവവും ഉണ്ടാക്കാം.

സമാനമായ രീതിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധം നടത്തി, ശ്രദ്ധേയനായിരിക്കുകയാണ് യുകെയില്‍ ഒരാള്‍. നാല് കുട്ടികളുടെ പിതാവായ ഡേവിഡ് ഷെപ്പേര്‍ഡ് എന്നയാള്‍ തന്‍റെ മക്കള്‍ക്കും അവരുടെ കൂട്ടുകാര്‍ക്കും ട്രീറ്റ് നല്‍കുന്നതിനായി പ്രമുഖ ഭക്ഷ്യശൃംഖലയായ മെക്-ഡൊണാള്‍ഡ്സില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ്.

എന്നാല്‍ ഓര്‍ഡറെത്തിയപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും തികയില്ല എന്ന് വ്യക്തമായി. പണം നേരത്തെ അടക്കുകയും ചെയ്തിരുന്നു. ഓര്‍ഡര്‍ പ്ലേസ് ചെയ്യാനെടുത്ത ഏജൻസിയെ വിവരമറിയിച്ചെങ്കിലും അത് മെക്-ഡൊണാള്‍ഡ്സിന്‍റെ പിഴവാണെന്ന് ഡേവിഡിന് മനസിലായി.

ഇതോടെ ഇയാള്‍ നേരെ തന്‍റെ ഓര്‍ഡറെടുത്ത മെക്-ഡൊണാള്‍ഡ്സ് ഔട്ട്‍ലെറ്റില്‍ പോയി. അവിടെ ചെന്ന് കാര്യമറിയിച്ചപ്പോള്‍ ഇനി ഭക്ഷണം നല്‍കണമെങ്കില്‍ വീണ്ടും പണമടച്ച് ഓര്‍ഡര്‍ ചെയ്യണമെന്ന് അവര്‍ അറിയിച്ചുവെന്നാണ് ഡേവിഡ് പറയുന്നത്.

ഇതോടെ അവിടെ കുത്തിയിരുപ്പ് സമരം തുടങ്ങി ഡേവിഡ്. എന്നാല്‍ ഔട്ട്‍ലെറ്റിലുണ്ടായിരുന്ന ആരും അത് കൂട്ടാക്കിയില്ല. ഏറെ സമയം ഡേവിഡ് സമരം നടത്തിയതോടെ കുട്ടികളും വീട്ടില്‍ നിന്നെത്തി ഇദ്ദേഹത്തിനൊപ്പം കൂടി. ഇതിനിടെ ഔട്ട്ഡലെറ്റിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിച്ചു. 

എന്നാല്‍ ഇത് ഉപഭേക്താവിന്‍റെ അവകാശമാണെന്നും തങ്ങള്‍ക്ക് അതിലൊന്നും ചെയ്യാനില്ല എന്നുമായിരുന്നു അവരറിയിച്ചത്. മൂന്ന് മണിക്കൂറോളം സമരം നടത്തിയ ശേഷം ഡേവിഡ് ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പക്ഷേ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. ഒടുവില്‍ ഡേവിഡ് ഒത്തുതീര്‍പ്പിന് സഹകരിക്കുകയും ചെയ്തു.

എന്നാല്‍ ഡേവിഡിന്‍റെ വ്യത്യസ്തമായ പ്രതിഷേധം വാര്‍ത്തകളിലാകെ ഇടം നേടിയിരിക്കുകയാണ്. താൻ സമരം നടത്തിയ സമയമത്രയും പലരും സമാനമായ പരാതികളുമായി അവിടെ എത്തിയിരുന്നുവെന്നും ഇങ്ങനെയൊരു പ്രവണത നിര്‍ബാധം തുടരുന്നത് ശരിയല്ലെന്നും ഡേവിഡ് മാധ്യമങ്ങളോട് പ്രതികരിക്കവേ അറിയിച്ചു. 

Also Read:- ചര്‍മ്മത്തിന് അകത്ത് പുഴുവരിക്കുന്നു; അപൂര്‍വ രോഗാവസ്ഥയുമായി ഒരാള്‍...

 

click me!