വെറുതെ പിയാനോ വായിക്കുന്നതില്‍ മാത്രമല്ല ജോയ്ക്ക് സന്തോഷം. വ്യത്യസ്തമായ രീതിയില്‍ പെര്‍ഫോമൻസ് നടത്തുന്ന, അല്‍പം സാഹസികത കൂടി കലര്‍ന്ന രീതിയോടാണ് ഇഷ്ടം
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ മാത്രം വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ പലതും പക്ഷെ വെറുതെ കാഴ്ചക്കാരെ ലഭിക്കുന്നതിന് വേണ്ടി മാത്രമായി തയ്യാറാക്കപ്പെടുന്നവയായിരിക്കും. എന്നാല്‍ മറ്റ് ചിലവയാകട്ടെ, പ്രതിഭാശാലികളായ വ്യക്തികളുടെ കഴിവുകള്‍ പ്രകടമാക്കുന്നതിനായി തയ്യാറാക്കപ്പെടുന്ന വീഡിയോകളുമായിരിക്കും.
ഇത്തരത്തിലുള്ള വീഡിയോകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും അംഗീകാരം ലഭിക്കാറ്. എങ്ങനെയെങ്കിലും പ്രശസ്തരായാല്‍ മതിയെന്ന നിലപാടിലെത്തുന്ന വീഡിയോകള്‍ പലപ്പോഴും അര്‍ഹിക്കും വിധത്തില്‍ വിമര്‍ശനങ്ങളോ പരിഹാസങ്ങളോ ഏറ്റുവാങ്ങി ആയിരിക്കും ശ്രദ്ധ നേടുന്നത്.
ഇവിടെയിതാ ഒരു യുവാവിന്‍റെ വ്യത്യസ്തമായ കഴിവും വാസനയുമാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദമേറ്റുവാങ്ങുന്നത്. യുകെയിലെ ബ്രിസ്റ്റോള്‍ സ്വദേശിയായ ജോ ജെങ്കിൻസ് എന്ന യുവാവിന് പിയാനോ വായനയോടാണ് താല്‍പര്യം.
എന്നാല്‍ വെറുതെ പിയാനോ വായിക്കുന്നതില്‍ മാത്രമല്ല ജോയ്ക്ക് സന്തോഷം. വ്യത്യസ്തമായ രീതിയില്‍ പെര്‍ഫോമൻസ് നടത്തുന്ന, അല്‍പം സാഹസികത കൂടി കലര്‍ന്ന രീതിയോടാണ് ഇഷ്ടം. ബോട്ടിലും ഹോട്ട് എയര്‍ ബലൂണിലുമെല്ലാം ഇരുന്ന് പിയാനോ വായിച്ച് ശ്രദ്ധ നേടിയ ജോ ഇത്തവണ പക്ഷേ പിയാനോ വായനയ്ക്ക് തെരഞ്ഞെടുത്തത് കടലിന്‍റെ അടിത്തട്ടാണ്.
എല്ലാ സുരക്ഷാസന്നാഹങ്ങളോടും കൂടിയാണ് ജോ പിയാനോയുമായി കടലിന്നടിയിലേക്ക് ഡൈവ് ചെയ്തത്. ഇവിടെ വച്ച് പിയാനോ വായിക്കുന്നതിന്‍റെ വീഡിയോ ജോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പിയാനോയുടെ സംഗീതം അത്ര ആസ്വാദ്യകരമായല്ല വെള്ളത്തിനടിയില്‍ നിന്നാകുമ്പോള്‍ കേള്‍ക്കുന്നത്. എങ്കിലും തന്‍റെ ആഗ്രഹമായിരുന്നു ഇതെന്നും ഇത് നടന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ജോ പറയുന്നു. ഏറെ നേരം വെള്ളത്തില്‍ വച്ചതാണെങ്കിലും പിയാനോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോ പറയുന്നു.
നിരവധി പേരാണ് കലയും സാഹസികതയും ഒരുമിച്ച് ചേര്‍ത്തുകൊണ്ടുള്ള ജോയുടെ പെര്‍ഫോമൻസിന് അഭിനന്ദനമറിയിക്കുന്നത്. ജോയുടെ വീഡിയോ കണ്ടുനോക്കൂ...
Also Read:- വാത്ത കുഞ്ഞുങ്ങളെ ഓമനിക്കാൻ ചെന്നയാള്‍ക്ക് കിട്ടിയ 'പണി'; വീഡിയോ...