സ്ത്രീകള്‍ക്ക് കഴിയുമോ ഇങ്ങനെ സാരിയുടുക്കാൻ; വീഡിയോ...

By Web Team  |  First Published Dec 19, 2022, 5:25 PM IST

ഏറ്റവും ആദരവ് നേടുന്ന വസ്ത്രമാണെങ്കിലും സ്ത്രീകളില്‍ വലിയൊരു വിഭാഗം പേരെയും സംബന്ധിച്ച് സാരി വൃത്തിയായി ചുറ്റുകയെന്നത് അല്‍പം പാടുള്ള ജോലിയാണ്. പ്രത്യേകിച്ച് പുതുതലമുറയിലെ സ്ത്രീകള്‍ക്ക്


ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമേതെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാം, അത് സാരിയാണ്. സാരി ഒരു പരമ്പരാഗത വേഷമായാണ് ഇവിടെ കരുതപ്പെടുന്നതും. അതിനാല്‍ തന്നെ ഏത് പ്രായത്തിലുള്ളവരായാലും സാരി ധരിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും മാന്യമായ വസ്ത്രധാരണമായി കണക്കാക്കിപ്പോരുന്നു. 

സംഗതി ഏറ്റവും ആദരവ് നേടുന്ന വസ്ത്രമാണെങ്കിലും സ്ത്രീകളില്‍ വലിയൊരു വിഭാഗം പേരെയും സംബന്ധിച്ച് സാരി വൃത്തിയായി ചുറ്റുകയെന്നത് അല്‍പം പാടുള്ള ജോലിയാണ്. പ്രത്യേകിച്ച് പുതുതലമുറയിലെ സ്ത്രീകള്‍ക്ക്.

Latest Videos

കൂടുല്‍ സ്ത്രീകള്‍ ഉന്നതപഠനങ്ങള്‍ക്കും ജോലിക്കും പോകാൻ തുടങ്ങിയതോടെ സാരിയുടെ ഉപയോഗം അല്‍പം കുറഞ്ഞ് എളുപ്പത്തില്‍ ധരിക്കാവുന്നതും പ്രൊഫഷണലായതുമായ വസ്ത്രങ്ങളുടെ ഉപയോഗം ഇന്ന് കൂടിയിട്ടുണ്ട്. ഈ ശീലമില്ലായ്മ കൂടിയാകുമ്പോള്‍ സാരി ചുറ്റല്‍ ശരിക്കുമൊരു 'ടാസ്ക്' ആയി സ്ത്രീകള്‍ക്ക് വരാറുണ്ട്.

എന്നാല്‍ ആഘോഷങ്ങളിലും വിശേഷാവസരങ്ങളിലും സാരിക്കുള്ള പകിട്ട് വേറെ വസ്ത്രങ്ങള്‍ക്ക് ലഭിക്കാറില്ലെന്നതാണ് സത്യം. പക്ഷേ ഇതിനെല്ലാം ഭംഗിയായി സാരി ചുറ്റുകയെന്നത് പ്രയാസം തന്നെ. അതുകൊണ്ടാണ് വിവാഹങ്ങളിലും മറ്റും ഇതിനായി പ്രൊഫഷണലുകളുടെ തന്നെ (ബ്യൂട്ടീഷ്യന്മാരുടെയും മറ്റും) ഇന്ന് അധികപേരും തേടുന്നത്.

സ്ത്രീകള്‍ക്കേ സാരി ചുറ്റല്‍ ഇത്ര പ്രയാസമാണെന്നിരിക്കെ പുരുഷന്മാര്‍ക്ക് ഇത് എത്രമാത്രം പാടുള്ള സംഗതി ആയിരിക്കും! നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ചില പുരുഷന്മാരെങ്കിലും അമ്മമാരെയോ പങ്കാളികളെയോ എല്ലാം സാരി ചുറ്റുന്നതിന് സഹായിച്ചും മറ്റും ഇത് പഠിച്ചെടുക്കാറുണ്ട്. 

ടെക്സ്റ്റെയില്‍ മേഖലയിലോ ഫാഷൻ മേഖലയിലോ ജോലി ചെയ്യുന്നവരാണ് സത്യത്തില്‍ സാരി ചുറ്റുന്നതില്‍ കുറെക്കൂടി വൈദഗ്ധ്യമുള്ളവര്‍. ഇപ്പോഴിതാ അത്തരത്തില്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നൊരു യുവാവ് നൊടിയിടയില്‍ സാരി ചുറ്റുന്നതിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കറുത്ത ഒരു ഡിസൈനര്‍ സാരിയാണ് ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ഒഴുക്കൻ മട്ടില്‍ കിടക്കുന്ന സാരിയില്‍ ആദ്യം ഞൊറിവുകളെടുത്ത് അതുതൊട്ടാണ് ചുറ്റല്‍ തുടങ്ങുന്നത്. വളരെ എളുപ്പത്തില്‍ എന്നാല്‍ ഭംഗിയായി ഇദ്ദേഹം സാരി ചുറ്റുന്നത് കാണാൻ തന്നെ വളരെ കൗതുകം തോന്നിയെന്നാണ് വീഡിയോ കണ്ടവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ പറയുന്നത്. 

ഇത് കണ്ടപ്പോള്‍ സാരി വാങ്ങാൻ തോന്നിയെന്നും അതുതന്നെയാണ് ഇദ്ദേഹത്തിന്‍റെ കഴിവിന്‍റെ തെളിവെന്നുമെല്ലാം സ്ത്രീകള്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. പഞ്ചാബിലെ ഗുര്‍ജൻവാലയിലെ ഒരു കടയില്‍ നിന്നാണത്രേ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസകരമായ വീഡിയോ കണ്ടുനോക്കൂ...

 

Bro almost made me want to buy it pic.twitter.com/QvxJIWF4ht

— Punjabi Touch (@PunjabiTouch)

 

Also Read:- സാരിയില്‍ സുന്ദരിയായി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

click me!