റെസ്റ്റോറന്‍റുകളില്‍ കയറി ഫുഡ്ഡടിച്ച ശേഷം ഹാര്‍ട്ട് അറ്റാക്ക് എന്നും പറഞ്ഞ് മുങ്ങുന്നയാള്‍!

By Web Team  |  First Published Oct 19, 2023, 1:24 PM IST

അമ്പതുകാരനായ വിരുതനെ ഒടുവിലിപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുകയാണ്. ഇതോടെയാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും പ്രചരിച്ചത്. 


ഭക്ഷണം പണം കൊടുക്കാതെ വാങ്ങിക്കഴിക്കുന്ന ആളുകളുണ്ട്. പണം കൊടുക്കാതെ എങ്ങനെ ഭക്ഷണം വാങ്ങി കഴിക്കും എന്നല്ലേ? ഇതിനൊക്കെ ഇവര്‍ക്ക് ഇവരുടേതായ തന്ത്രങ്ങളുണ്ട്. തീര്‍ച്ചയായും ദാരിദ്ര്യവും പട്ടിണിയും പലരെയും ഈ അവസ്ഥകളിലേക്ക് നയിക്കുന്നുണ്ട്. അവരെ മാറ്റിനിര്‍ത്തിയാല്‍ തന്നെ ഇതൊരു ജീവിതരീതിയോ ജോലിയോ ആക്കി തീര്‍ത്തവരുമുണ്ട്. 

കള്ളം പറഞ്ഞോ, എന്തെങ്കിലും ചതിയില്‍ പെടുത്തിയോ എല്ലാമായിരിക്കും ഇവര്‍ മറ്റുള്ളവരുടെ ചെലവില്‍ ഭക്ഷണം കഴിക്കുന്നത്. സമാനമായൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. നമ്മള്‍ സിനിമകളിലും കഥകളിലും മറ്റും കാണുന്നത് പോലുള്ളൊരു സാഹചര്യമാണിതും. 

Latest Videos

റെസ്റ്റോറന്‍റുകളില്‍ കയറി ഇഷ്ടംപോലെ ഭക്ഷണം കഴിച്ച ശേഷം 'ഹാര്‍ട്ട് അറ്റാക്ക്' (ഹൃദയാഘാതം) അഭിനയിച്ച് മുങ്ങുന്ന ഒരാള്‍. സ്പെയിനിലെ ബ്ലാങ്കയിലാണ് ഇദ്ദേഹം വിലസിനടന്നിരുന്നത്. അമ്പതുകാരനായ വിരുതനെ ഒടുവിലിപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുകയാണ്. ഇതോടെയാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും പ്രചരിച്ചത്. 

ബ്ലാങ്കയില്‍ തന്നെയുള്ള ഇരുപതോളം റെസ്റ്റോറന്‍റുകളില്‍ ഇദ്ദേഹം ഈ കള്ളത്തരം ചെയ്തുവത്രേ. റെസ്റ്റോറന്‍റുകളില്‍ കയറി ഇഷ്ടമുള്ളതൊക്കെ കഴിക്കും. ബില്‍ പേ ചെയ്യാറാകുമ്പോള്‍ നെഞ്ചുവേദന അഭിനയിക്കും. ഇതോടെ റെസ്റ്റോറന്‍റിലുള്ളവരെല്ലാം പേടിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലാക്കാൻ ശ്രമിക്കും. ഇതിനിടയില്‍ എങ്ങനെയെങ്കിലുമൊക്കെ മുങ്ങുകയാണ് ആളുടെ പതിവത്രേ.

എന്തായാലും ഒടുവില്‍ ഒരു റെസ്റ്റോറന്‍റില്‍ വച്ച് പിടിവീഴുക തന്നെ ചെയ്തു. എപ്പോഴത്തെയും പോലെ കഴിച്ചുകഴിഞ്ഞ് ബില്ല് വന്നപ്പോള്‍ നെഞ്ചുവേദന പോലെ ഭാവിച്ച് താഴെ വീഴുകയായിരുന്നു. റെസ്റ്റോറന്‍റെ ജീവനക്കാര്‍ ഓടിക്കൂടിയപ്പോള്‍ ആംബുലൻസ് വിളിച്ചുതരാൻ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ നേരെ പൊലീസില്‍ വിളിക്കുകയായിരുന്നു. റെസ്റ്റോറന്‍റുകള്‍ കേന്ദ്രീകരിച്ച് ഇങ്ങനെയൊരാള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെ റെസ്റ്റോറന്‍റുകാരെല്ലാം പരസ്പരം ഇദ്ദേഹത്തിന്‍റെ ചിത്രം അയച്ചുകൊടുത്തിരുന്നുവത്രേ. സംശയം തോന്നിയതോടെയാണ് ഈ റെസ്റ്റോറന്‍റുകാര്‍ പൊലീസിനെ വിളിച്ചത്. 

പൊലീസെത്തിയതോടെ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. എന്തായാലും സിനിമാസീനുകളെ വെല്ലുന്ന അഭിനയത്തിലൂടെ തട്ടിപ്പ് നടത്തുന്നയാളുടെ കഥ വലിയ രീതിയിലാണ് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ശ്രദ്ധിക്കപ്പെടുന്നത്. 

Also Read:- ഉടമസ്ഥൻ മരിച്ചതറിയാതെ മോര്‍ച്ചറിക്ക് മുമ്പില്‍ ഒരു വര്‍ഷത്തിലധികമായി കാത്തുനില്‍ക്കുന്ന നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!