'രാവിലെ എഴുന്നേറ്റപ്പോള്‍ അമ്മയുടെ മുറി ശൂന്യം'; അമ്മയെ കുറിച്ച് മാധുരി ദീക്ഷിത്

By Web Team  |  First Published Mar 13, 2023, 6:49 PM IST

മാധുരിയും ഭര്‍ത്താവ് ഡോ. ശ്രീറാം നെനെയും ഒന്നിച്ച് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഏവരും മരണവിവരമറിഞ്ഞത്. ഇപ്പോഴിതാ ഒരു ദിവസത്തിന് ശേഷം അമ്മയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുകയാണ് പ്രിയ താരം മാധുരി.


പ്രമുഖ ബോളിവുഡ് താരം മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് 90കാരിയായ സ്നേഹലത ദീക്ഷിത് അന്തരിച്ചത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 

മാധുരിയും ഭര്‍ത്താവ് ഡോ. ശ്രീറാം നെനെയും ഒന്നിച്ച് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഏവരും മരണവിവരമറിഞ്ഞത്. ഇപ്പോഴിതാ ഒരു ദിവസത്തിന് ശേഷം അമ്മയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുകയാണ് പ്രിയ താരം മാധുരി.

Latest Videos

'ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു. ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തെ മുറകെ പിടിക്കാനും ആഘോഷിക്കാനുമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. ഒരുപാട് പേര്‍ക്ക് അമ്മ ഒരുപാടെന്തൊക്കെയോ നല്‍കി. ഒരുപാട് മിസ് ചെയ്യും അമ്മയെ. പക്ഷേ ഓര്‍മ്മകളിലൂടെ അമ്മ എന്നും ഞങ്ങളില്‍ ജീവിക്കും. അമ്മയുടെ ഹ്യൂമര്‍ സെൻസ്, പോസിറ്റിവിറ്റി, പ്രസരിപ്പ്- എല്ലാം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഞങ്ങളിലൂടെ ഞങ്ങളിനി അമ്മയെ ആഘോഷിക്കും... ഓം ശാന്തി ഓം... '- ഇതാണ് മാധുരി കുറിച്ച വാക്കുകള്‍. 

ഒപ്പം തന്നെ അമ്മയ്ക്ക് അരികിലായി ഇരിക്കുന്നൊരു ഫോട്ടോയും മാധുരി പങ്കുവച്ചിട്ടുണ്ട്. 

താരങ്ങളായ രവീണ ടണ്ടൻ, ദിയ മിര്‍സ എന്നിവരടക്കം പല പ്രമുഖരും മാധുരി അമ്മയെ കുറിച്ച് പങ്കുവച്ച വരികളോട് കമന്‍റിലൂടെ പ്രതികരണമറിയിച്ചിട്ടുണ്ട്. മാധുരിയുടെ ഭര്‍ത്താവ് ഡോ. ശ്രീറാമും അമ്മയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മകള്‍ പങ്കിട്ടിട്ടുണ്ട്. ഇദ്ദേഹത്തിനും അമ്മയ്ക്ക് ജീവിതത്തോടുള്ള പോസിറ്റീവായ സമീപനത്തെ കുറിച്ചും അമ്മ ഏവരിലേക്കും പടര്‍ത്തുന്ന പ്രസരിപ്പിനെ കുറിച്ചുമാണ് പറയാനുള്ളത്. 

'ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ, സ്നേഹലത ദീക്ഷിത് ഇന്ന് രാവിലെ ഏറെ സമാധാനത്തോടെ പ്രിയപ്പെട്ടവരുടെ സാമീപ്യത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഞാൻ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ്. പക്ഷേ എന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയുമെല്ലാം സ്നേഹത്തിലും പിന്തുണയിലും എനിക്കിത് താങ്ങാനുള്ള കരുത്ത് കിട്ടുകയാണ്. അമ്മ ശരിക്കും ഒരു വിശുദ്ധയായിരുന്നു എന്ന് പറയാം. ആ അറിവും, ക്ഷമയും, ജീവിതത്തോടുള്ള മനോഭാവവും, തമാശകള്‍ പറയാനുള്ള അസാധ്യമായ കഴിവും എല്ലാം ഏവരെയും വലിച്ചടുപ്പിക്കുന്നതായിരുന്നു. ഒരുപാട് മിസ് ചെയ്യും അമ്മയെ. പക്ഷേ ഓര്‍മ്മകളിലൂടെ എന്നെന്നും അമ്മ ഞങ്ങളില്‍ ജീവിക്കും...'- ഡോ. ശ്രീറാം കുറിക്കുന്നു. 

മുമ്പും ഡോ. ശ്രീറാം സ്നേഹലത ദീക്ഷിതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അന്നും അമ്മയുടെ നിത്യോത്സാഹത്തെ കുറിച്ചും പ്രസരിപ്പിനെ കുറിച്ചും തന്നെയാണ് ശ്രീറാം കുറിച്ചിരുന്നത്. തൊണ്ണൂറാം വയസില്‍ പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും അലട്ടിയിരുന്നുവെങ്കിലും കഴിയുന്നതും സജീവമായിരിക്കാൻ ശ്രമിച്ചയാളാണ് സ്നേഹലതയെന്ന് മക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വാക്കുകള്‍ വ്യക്തമാക്കുന്നു. 

 

Also Read:- 'ചിയേഴ്സ് ഡിയര്‍'; വൃദ്ധദമ്പതികള്‍ ഒന്നിച്ചിരുന്ന് ബിയര്‍ കഴിക്കുന്ന വീഡിയോ വൈറലാകുന്നു...

 

click me!