കേരളത്തില്‍ മുമ്പ് ലംപി രോഗം പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ രണ്ട് വര്‍ഷം മുമ്പ് പലയിടങ്ങളിലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്കിടയില്‍ വലിയ തോതിലുള്ള ആശങ്ക പൊട്ടിപ്പുറപ്പെട്ടിരുന്നു.
കന്നുകാലികളെ ബാധിക്കുന്ന 'ലംപി സ്കിൻ' രോഗത്തെ കുറിച്ച് ഇതിനോടകം തന്നെ കുറെപ്പേര്‍ കേട്ടിരിക്കാം. ഒരു തരം വൈറല്‍ അണുബാധയാണിത്. കാലികളെ ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താനും സാധിക്കില്ല. എന്നാല്‍ രോഗം ബാധിക്കുന്ന കാലികളെല്ലാം തന്നെ രോഗബാധ മൂലം മരണത്തിലേക്ക് എത്തണമെന്നുമില്ല.
എങ്കിലും നിലവില്‍ പതിമൂന്നോളം സംസ്ഥാനങ്ങളിലെ കാലി കര്‍ഷകരെ ഇത് ആശങ്കയിലാഴ്ത്തുകയാണ്. ജൂലൈ വരെ മാത്രമുള്ള കണക്കെടുത്താല്‍ 75,000 കന്നുകാലികളാണ് രോഗബാധയേറ്റ് ചത്തിരിക്കുന്നത്.
undefined
വലിയ രീതിയില്‍ ഈ രോഗത്തെ തുടര്‍ന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത് രാജസ്ഥാനിലെ കര്‍ഷകരാണ്. ഇവിടെ ജോധ്പൂരില്‍ മാത്രം നാലായിരത്തോളം കാലികള്‍ ലംപി രോഗം മൂലം ചത്തുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്ക് ഇതിലുമെത്രയോ കൂടുതലാണെന്നാണ് ദേശീയമാധ്യമങ്ങളോട് ഇവിടത്തെ കര്‍ഷകര്‍ പറയുന്നത്. ദിവസവും 600ഉം 700 കാലികള്‍ ചത്തൊടുങ്ങുന്ന അവസ്ഥ. രോഗബാധയേറ്റ് ചത്ത കാലികളെ വേണ്ടവിധം സംസ്കരിക്കാൻ പോലുമാകാതെ പലയിടങ്ങളിലും മൈതാനങ്ങളിലും ആളൊഴിഞ്ഞ വിജനമായ സ്ഥലങ്ങളിലും തുറസായി കൂട്ടിയിടുകയാണിവിടെ ചെയ്യുന്നത്. ഇങ്ങനെയും രോഗവ്യാപനം വര്‍ധിക്കുന്നു.
പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ചര്‍മ്മത്തെയാണ് ഇത് ബാധിക്കുന്നത്. വട്ടത്തില്‍ മുഴ പോലെ പൊങ്ങി വരും. പിന്നീട് പല രീതിയില്‍ കാലികളെ ഇത് പ്രശ്നത്തിലാക്കും. രോഗം ബാധിക്കപ്പെടുന്ന കാലികളില്‍ ഒരു വിഭാഗം ഇതുമൂലം ഇല്ലാതാകുന്നു. ചികിത്സയില്ലെങ്കിലും ഇതിനെതിരായ വാക്സിൻ ലഭ്യമാണ്. മാസങ്ങളോളമെടുത്താണ് രോഗത്തില്‍ നിന്ന് രക്ഷപ്പെടുന്ന കാലികള്‍ തിരിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങുന്നത്. ഇത്രയും ബാധ്യതയാകുന്നതോടെ കര്‍ഷകരുടെ നടുവൊടിയുന്ന അവസ്ഥയാണുള്ളത്.
കൊതുക്, ഈച്ച എന്നിങ്ങനെയുള്ള പ്രാണികള്‍ മുഖാന്തരമാണ് രോഗകാരിയായ വൈറസ് കാലികളിലെത്തുന്നത്. ഇത് പിന്നീട് വ്യാപകമാവുകയാണ്. എന്നാല്‍ മനുഷ്യരിലേക്ക് ഈ രോഗമെത്തുകയില്ല. പനി, വിശപ്പില്ലായ്മ, പാല്‍ കുറവ്, മൂക്കൊലിപ്പ്, കണ്ണില്‍ നിന്ന് നീര് വരിക, വയറിളക്കം, കഴല വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
കേരളത്തില്‍ മുമ്പ് ലംപി രോഗം പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ രണ്ട് വര്‍ഷം മുമ്പ് പലയിടങ്ങളിലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്കിടയില്‍ വലിയ തോതിലുള്ള ആശങ്ക പൊട്ടിപ്പുറപ്പെട്ടിരുന്നു. തകഴി, ഹരിപ്പാട്,ചെറുതന, മണ്ണാറശ്ശാല എന്നിവിടങ്ങളിലെല്ലാം രോഗം കണ്ടിരുന്നു എന്നാല്‍ ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നത് പോലെ വലിയ രീതിയിലൊരു വ്യാപനം പിന്നീടുണ്ടായില്ല എന്നത് ആശ്വാസകരമായിരുന്നു.
Also Read:- 'വൈറസ് ബാധയേറ്റ് ചത്ത ആയിരക്കണക്കിന് പശുക്കള്‍'; വൈറലായ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം