Married Life : ജീവിതപങ്കാളിക്ക് നിങ്ങളുടെ ശരീരം മാത്രം നല്‍കിയാല്‍ പോര!

By Web Team  |  First Published May 8, 2022, 11:48 PM IST

'നെഗറ്റീവ്' ആയ ഒരു സംഭാഷണം പങ്കാളികള്‍ തമ്മിലുണ്ടായാല്‍ അതിന്റെ പ്രശ്‌നം തീരാന്‍ അഞ്ച് 'പോസിറ്റീവ്' ആയ സംഭാഷണങ്ങള്‍ വരണമെന്നാണത്രേ ഡോ. ജോണ്‍ പറയാറ്. പരിപൂര്‍ണമായും ഒരു 'നെഗറ്റീവ്' സംഭാഷണത്തിന്റേ കേടുപാടുകള്‍ തീര്‍ന്ന് ബന്ധം അതിന്റെ ഊഷ്മളതയിലേക്ക് തിരികെയെത്താന്‍ ഇരുപത് 'പോസിറ്റീവ്' സംഭാഷണങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിനെ 'മാജിക്കല്‍ അനുപാതം' എന്നാണ് വിളിക്കുകയെന്ന് ഡോ. സെബ പറയുന്നു


ദാമ്പത്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ ( Married Life )  സാധിക്കാതെ നിരാശയിലായിപ്പോകുന്ന എത്രയോ പേരുണ്ട്. പലരും ഇക്കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതെ മനസില്‍ തന്നെ ഒതുക്കിവയ്ക്കുകയാണ് പതിവ്. ദീര്‍ഘകാലത്തേക്കുള്ള ബന്ധങ്ങളില്‍ ( Long Relationship )വിള്ളലുകള്‍ വരാതിരിക്കാന്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരാം. 

ഇക്കൂട്ടത്തില്‍ ലൈംഗികതയ്ക്ക് വലിയ പങ്കുണ്ടെങ്കില്‍ പോലും അത് മാത്രമല്ല ബന്ധം സുദൃഢമാക്കുന്നതെന്ന് മനസിലാക്കുക. പ്രമുഖ റിലേഷന്‍ഷിപ്പ് കോച്ച് ഡോ. സെബ ഷദ്മാന്‍ പറയുന്നത് കേള്‍ക്കൂ. 

Latest Videos

'നിങ്ങള്‍ പണം സൂക്ഷിക്കാന്‍ ഒരു ബാങ്ക് അക്കൗണ്ട് വയ്ക്കുന്നത് പോലെ തന്നെ വൈകാരികമായ വിഷയങ്ങള്‍ക്കായും ഒരു അക്കൗണ്ട് വയ്‌ക്കേണ്ടതുണ്ട്. പങ്കാളിയുടെ വൈകാരികതയ്ക്ക് സ്ത്രീയും പുരുഷനും ഒരുപോലെ പ്രാധാന്യം നല്‍കണം. ഇതിന് ആദ്യം വേണ്ടത് ഇരുവരും തമ്മിലുള്ള പോസിറ്റീവ് ആയ ആശയവിനിമയമാണ്...

...രണ്ട് പേര്‍ ഒരുമിച്ച് ജിവിക്കുമ്പോള്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളോ വഴക്കോ സംഭവിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള നെഗറ്റീവ് ആയ ഒരു സംവാദത്തെ മറികടക്കാന്‍ പോസിറ്റീവ് ആയ പല സംഭാഷണങ്ങള്‍ നിങ്ങള്‍ക്കിടയില്‍ വരേണ്ടതായുണ്ട്...'- ഡോ. സെബ പറയുന്നു. 

പ്രമുഖ മനശാസ്ത്രവിദഗ്ധന്‍ ഡോ. ജോണ്‍ എം ഗുട്ട്മാനെ ഉദ്ദരിച്ചുകൊണ്ട് പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാക്കാന്‍ ഒരു 'ടിപ്'ഉം ഡോ. സെബ പങ്കുവയ്ക്കുന്നു. വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തുകയും ശ്രദ്ധേയമായ നിഗമനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളയാളാണ് ഡോ. ജോണ്‍ എം ഗുട്ട്മാന്‍. 

'നെഗറ്റീവ്' ആയ ഒരു സംഭാഷണം പങ്കാളികള്‍ തമ്മിലുണ്ടായാല്‍ അതിന്റെ പ്രശ്‌നം തീരാന്‍ അഞ്ച് 'പോസിറ്റീവ്' ആയ സംഭാഷണങ്ങള്‍ വരണമെന്നാണത്രേ ഡോ. ജോണ്‍ പറയാറ്. പരിപൂര്‍ണമായും ഒരു 'നെഗറ്റീവ്' സംഭാഷണത്തിന്റേ കേടുപാടുകള്‍ തീര്‍ന്ന് ബന്ധം അതിന്റെ ഊഷ്മളതയിലേക്ക് തിരികെയെത്താന്‍ ഇരുപത് 'പോസിറ്റീവ്' സംഭാഷണങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിനെ 'മാജിക്കല്‍ അനുപാതം' എന്നാണ് വിളിക്കുകയെന്ന് ഡോ. സെബ പറയുന്നു. 

ഇനി പങ്കാളിയില്‍ വൈകാരികമായി കൂടി തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളും ഡോ. സെബ പങ്കുവയ്ക്കുന്നു.

ഒന്ന്...

വൈകാരികമായ പ്രശ്‌നങ്ങള്‍ പങ്കാളി തുറന്ന് പറയുമ്പോള്‍ അതിനെ കേള്‍ക്കുകയാണ് ആദ്യം വേണ്ടത്. പരിഹാരവും വിധിയെഴുത്തുമെല്ലാം പിന്നീട് ചെയ്യാം. പങ്കാളിയുടെ വൈകാരികാവസ്ഥ തനിക്ക് മനസിലാകുന്നുണ്ടെന്ന് ധരിപ്പിക്കാനും സാധിക്കണം. ഈ ഘട്ടത്തില്‍ വഴക്കിനോ വാഗ്വാദത്തിനോ സ്ഥാനമില്ല. ദയാപൂര്‍വം സംസാരിക്കുകയോ ചേര്‍ത്തുപിടിക്കുകയോ ചെയ്യുക. ഇത്തരം വാക്കുകള്‍ക്കും പ്രതികരണങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയുക. 

രണ്ട്...

ചിന്തകള്‍, ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെല്ലാം സത്യസന്ധമായി സ്‌നേഹപൂര്‍വ്വം പങ്കാളിയെ അറിയിക്കണം. നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെല്ലാം ആഗ്രഹങ്ങളുണ്ട്, എന്താണ് നിങ്ങളുടെ നേട്ടം, തോല്‍വി, ദൗര്‍ബല്യം, ഭയം എന്നിങ്ങനെ എല്ലാം പങ്കാളിയോട് പങ്കുവയ്ക്കാം. 

മൂന്ന്...

പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ശ്രദ്ധിക്കാനും അതെക്കുറിച്ച് പങ്കാളിയോട് തന്നെ സംസാരിക്കാനും സമയം കണ്ടെത്തുക. ഇത് നിത്യജീവിതത്തില്‍ തന്നെ ചെയ്യേണ്ടതാണ്. 

നാല്...

പങ്കാളിയെ ചുറ്റിപ്പറ്റിയുള്ള ലോകത്തിന് പ്രാധാന്യം നല്‍കുക. അവരെ നിസാരവത്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ അവരെക്കൂടി ഉള്‍ക്കൊള്ളുക. തെറ്റുകളോ പ്രശ്‌നങ്ങളോ സ്‌നേഹപൂര്‍വം പറയാം. അത് പറയുമ്പോള്‍ പോലും പങ്കാളി അക്കാര്യം ഉള്‍ക്കൊള്ളണമെങ്കില്‍ ആദ്യം അയാളില്‍ നിന്നുള്ള വിശ്വാസ്യതയും ബഹുമാനവും നേടിയെടുക്കണം. 

അഞ്ച്...

പങ്കാളിയോട് സംസാരിക്കാന്‍ സമയം കണ്ടെത്തുക. ഫോണ്‍- ടിവി- സൗഹൃദങ്ങള്‍- യാത്രകള്‍ എന്നിങ്ങനെ പങ്കാളിയില്ലാത്ത ഒഴിവുസമയങ്ങളാണ് നിങ്ങള്‍ക്ക് കൂടുതലെങ്കില്‍ അത് തീര്‍ച്ചയായും ബന്ധത്തില്‍ വിള്ളല്‍ വരുത്തും. പുറത്തുപോകുമ്പോള്‍ ഒരു ചുംബനം, ഒന്നിച്ചിരുന്ന് സിനിമ കാണുമ്പോള്‍ കൈകള്‍ കോര്‍ത്തുപിടിക്കല്‍, ഇടയ്ക്ക് ആലിംഗനം ചെയ്യല്‍ എല്ലാം വൈകാരികമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ദാര്‍ഘകാല ബന്ധങ്ങളില്‍ ഇവയൊന്നും ലൈംഗികതയെ അല്ല പ്രതിനിധീകരിക്കുന്നത്. 

ആറ്...

പങ്കാളിക്ക് വേണ്ടി ദിവസവും എന്തെങ്കിലും ചെറിയൊരു കാര്യമെങ്കിലും ചെയ്യുക. ഒരു കപ്പ് ചായ ഉണ്ടാക്കി അവര്‍ക്ക് നല്‍കുന്നതോ, നിങ്ങള്‍ക്ക് പറഞ്ഞുവച്ച ദിവസമല്ലെങ്കില്‍ കൂടി പാത്രങ്ങള്‍ കഴുകിയോ ഭക്ഷണം വച്ചോ സഹായിക്കുന്നതോ എല്ലാം പങ്കാളിയില്‍ വൈകാരികമായ അടുപ്പമുണ്ടാക്കും. 

ഏഴ്...

ചെറുതോ വലുതോ ആയ സമ്മാനങ്ങള്‍ പങ്കാളിക്ക് നല്‍കാം. ഇതിന്റെ വിലയല്ല പ്രധാനമെന്ന് തിരിച്ചറിയുക. പങ്കാളിയില്‍ ഇതുണ്ടാക്കുന്ന സന്തോഷവും അഭിമാനവും ആണ് പ്രധാനം. 

എട്ട്...

അഭിപ്രായവ്യത്യാസങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകുന്ന പക്ഷം, അവരോട് കാര്യങ്ങള്‍ വ്യക്തമായി തന്നെ ചോദിക്കാം. പരസ്പരം ഊഹിച്ചും തെറ്റിദ്ധരിച്ചും മുന്നോട്ടുപോകുന്നതിനെക്കാള്‍ നല്ലത് ഈ തുറന്ന മനോഭാവമാണ്. അറിയാത്ത കാര്യങ്ങള്‍ അറിയുന്നില്ല, മനസിലാകുന്നില്ല എന്ന് തന്നെ പറയാം. ആവശ്യമുള്ളത് എന്താണെന്ന് പറയാന്‍ ആവശ്യപ്പെടാം. ഇക്കാര്യത്തില്‍ നാണക്കേട് കരുതേണ്ട കാര്യമില്ല.

Also Read:- സുഖകരമായ ലൈംഗികജീവിതത്തിന് ഒഴിവാക്കേണ്ട ചിലത്...

click me!