'സ്വയം സ്നേഹിക്കുന്നതും കരുണ കാണിക്കുന്നതും ശീലമാക്കൂ, പുതിയ ഒരു ശീലത്തിന് ഇന്നുതന്നെ തുടക്കമിടാം'

By Priya Varghese  |  First Published Sep 25, 2024, 7:10 PM IST

ചെറുപ്പം മുതലേ നെഗറ്റീവ് ചിന്താഗതിയുള്ള സാഹചര്യങ്ങളിൽ വളർന്നുവന്നത്, കുടുംബത്തിൽ നെഗറ്റീവ് ചിന്തഗതിയുള്ള മറ്റുള്ളവർ ഉണ്ടെങ്കിൽ ഒക്കെ ഇത്തരം മാനസികാവസ്ഥ നമ്മളിലേക്കും പകർന്നു കിട്ടാൻ സാധ്യത അധികമാണ്.


നമ്മുടെ കോൺഫിഡൻസ് കുറവിനും, ശരിയായി ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതിനും ഒക്കെ കാരണം പലപ്പോഴും നമ്മുടെ മനസ്സിൽ നിന്നും വരുന്ന വിമർശന സ്വരം (inner critic) ആയിരിക്കും. ഇതെങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്ന ലേഖനം.

സ്കൂൾ കാലങ്ങളിൽ നല്ലതുപോലെ പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കോളേജിൽ എത്തിയപ്പോൾ പഠിക്കാൻ പറ്റാതെയായി. രാവിലെ ഉണരുമ്പോൾ മുതൽ മനസ്സിനുള്ളിൽ നിന്നും നെഗറ്റീവ് ചിന്തകൾ വരാൻ തുടങ്ങും. ഇന്നത്തെ ദിവസവും മോശമായിരിക്കും. എന്നെകൊണ്ട് ഒന്നും സാധ്യമല്ല, എന്നെ ആർക്കും ഇഷ്ടമില്ല, എന്റെ രൂപം കൊള്ളില്ല, എനിക്ക് ആഗ്രഹിച്ചപോലെ ജീവിക്കാനാവില്ല- ഇങ്ങനെ നിരവധി നെഗറ്റീവ് ചിന്തകൾ മനസ്സിന്റെ സമാധാനം കെടുത്തും.

Latest Videos

ജീവിക്കാൻ പോലും ഇഷ്ടമില്ലാതായി. അവളുടെ സങ്കടം കണ്ട കൂട്ടുകാർ നിർബന്ധിച്ചതിന്റെ ഭാഗമായി അവൾ സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. തന്റെ ഉള്ളിലെ നെഗറ്റീവ് ചിന്തളാണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണം എന്ന് മനസ്സിലായത് സൈക്കോളജിസ്റ്റിനെ സമീപിച്ചത്തിനു ശേഷമാണ്.

പഠിക്കുന്ന കുട്ടികൾ, ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, മുതിർന്നവർ എന്നിങ്ങനെ ഏതു പ്രായക്കാരിക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒരവസ്ഥയാണ് ഇത്. എന്തു കാര്യം ചെയ്യണം എന്ന് വിചാരിച്ചാലും മനസ്സിൽ നിന്നും സ്വയം കുറ്റപ്പെടുത്തലും നെഗറ്റീവ് ചിന്തളും വരും. പീന്നീടങ്ങോട്ട് ഒന്നും ചെയ്യാൻ തോന്നില്ല. എപ്പോഴും സങ്കടപ്പെട്ടിരിക്കും. 

ചെറുപ്പം മുതലേ നെഗറ്റീവ് ചിന്താഗതിയുള്ള സാഹചര്യങ്ങളിൽ വളർന്നുവന്നത്, കുടുംബത്തിൽ നെഗറ്റീവ് ചിന്തഗതിയുള്ള മറ്റുള്ളവർ ഉണ്ടെങ്കിൽ ഒക്കെ ഇത്തരം മാനസികാവസ്ഥ നമ്മളിലേക്കും പകർന്നു കിട്ടാൻ സാധ്യത അധികമാണ്.

നമ്മുടെ കോൺഫിഡൻസ് കുറവിനും, ശരിയായി ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതിനും ഒക്കെ കാരണം പലപ്പോഴും നമ്മുടെ മനസ്സിൽ നിന്നും വരുന്ന വിമർശന സ്വരം (inner critic) ആയിരിക്കും. ഇതെങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം:

1.    എപ്പോഴും സ്വയം ഒരു വിശ്വാസം ഇല്ലാത്ത അവസ്ഥയുണ്ടോ?  എന്നെകൊണ്ട് ഇതൊക്കെ സാധ്യമാകുമോ, എനിക്കതിനുള്ള ബുദ്ധിയുണ്ടോ എന്നിങ്ങനെ സ്വയം സംശയിക്കാറുണ്ടോ? ആ സംശയത്താൽ തന്നെ പല കാര്യങ്ങളും വേണ്ടെന്നുവെച്ചു ഒഴിഞ്ഞു മാറാറുണ്ടോ? 
2.    എന്തെങ്കിലും ചെറിയ അബദ്ധങ്ങൾ പറ്റിയാൽ പോലും അത് വലിയ കുറ്റബോധത്തിലേക്കു കൊണ്ടെത്തിക്കാറുണ്ടോ? സുഹൃത്തുക്കളും മറ്റെല്ലാരും ഇതൊരു ചെറിയ കാര്യമല്ലേ എന്ന് പറഞ്ഞാൽപോലും സ്വന്തം തെറ്റുകളെ അംഗീകരിക്കാനും സ്വയം ക്ഷമിക്കാനും കഴിയാതെപോകുണ്ടോ?
3.    കൃത്യ സമയത്തു പഠിച്ചു തീർക്കാനോ, ജോലികൾ ചെയ്തു തീർക്കാനോ കഴിയാതെ, അതൊന്നു തുടങ്ങി വെക്കാൻ പോലുമാകാതെ കാര്യങ്ങൾ പിന്നെയും നീട്ടിവെക്കുന്നുണ്ടോ (procrastination)? ഇത് കഴിവില്ലാത്തതിന്റെ ലക്ഷണമാണ് എന്ന് സ്വയം കരുതുന്നു എങ്കിൽ അതല്ല സത്യം. മനസ്സിനുള്ളിലെ നെഗറ്റീവ് സ്വരം നമ്മുടെ ആത്മവിശ്വാസം തകർക്കുന്നതാവും ഇതിന്റെ പ്രധാന കാരണം. ചിന്തിച്ചുനോക്കൂ.
4.    ഉത്കണ്ഠ ഇല്ലാത്ത ഒരു സമയംപോലും ഇല്ലേ? ഒന്ന് സമാധാനമായി അല്പസമയം എങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടോ? സ്വയം കുറ്റപ്പെടുത്തുന്ന രീതി മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തുകയാണോ?
5.    മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്ത് സ്വയം ശിക്ഷിക്കുന്ന മാനസികാവസ്ഥയിലാണോ ഇപ്പോൾ ഉള്ളത്?

മേല്പറഞ്ഞ കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ട് എങ്കിൽ നമ്മൾ വിശ്വസിക്കുന്നപോലെ നമ്മുടെ കഴിവു കുറവോ അറിവ് കുറവോ ഒന്നുമായിരിക്കില്ല യഥാർത്ഥ പ്രശ്നം. നമ്മുടെ ഒക്കെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ നമ്മുടെ കഴിവുകളെ സ്വയം മനസ്സിലാക്കാൻ കഴിയാത്തവിധം ചിന്താഗതിയെ ബാധിച്ചതായിരിക്കാം. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും വിലയുള്ളവരാണ് എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ നമ്മളും വിലയുള്ളവരാണ് എന്ന് മനസ്സിലാക്കുക. സ്വയം കുറ്റപ്പെടുത്തുന്ന സ്വരത്തോടു “STOP”, മതി, ഇനി വേണ്ട എന്ന് പറയാം. ഇന്നു തന്നെ മറന്നുപോയ നമ്മുടെ കഴിവുകളെ, ജീവിതത്തിലെ നല്ല സമയങ്ങളെയൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കാം. വളരെ കാലമായി നെഗറ്റീവ് മാത്രം ചിന്തിക്കുന്നതിനാൽ പുതിയ ഒരു ശീലം എന്നവണ്ണം ഒരു നല്ല കാര്യമെങ്കിലും നമ്മളെപ്പറ്റി ചിന്തിക്കാൻ ശ്രമിക്കാം. സ്വയം സ്നേഹിക്കുന്നതും കരുണ കാണിക്കുന്നതും ശീലമാക്കിയാലേ മറ്റുളളവരോടും കരുണ കാണിക്കാൻ നമുക്കാവൂ. അതിനാൽ പുതിയ ഒരു ശീലത്തിന് ഇന്നുതന്നെ തുടക്കമിടുക.

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

 

click me!