രണ്ടു കാലും ഒരു കൈയ്യും ഇല്ലാതെ ജനിച്ച കുട്ടിയായിരുന്നു അബൂബക്കര്‍ സിദ്ദീഖ്. എന്നാല്‍ അക്ബര്‍ പലരുടേയും സഹായത്തോടേയും പിന്തുണയോടെയും അബൂബക്കര്‍ സിദ്ദീഖിനെ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ പഠിപ്പിച്ചു.
കുറവുകളുള്ള കുഞ്ഞുങ്ങളെ പുറത്തിറക്കാത്ത മാതാപിതാക്കളുള്ള കാലത്ത് അബൂബക്കറിന്‍റെ മാതാപിതാക്കള്‍ വലിയ ഒരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. എല്ലാ പ്രതിസന്ധികളോടും പോരാടി അവര്‍ മകനെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തി. സുഹൃത്തും പൊന്നാനി സ്വദേശിയുമായ അക്ബറിന്റേയും അദ്ദേഹത്തിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖിന്റേയും ജീവിത കഥ പി.എന്‍ നാസര്‍ എന്ന പ്രവാസിയാണ് ഫേസ് ബുക്കിലൂടെ പങ്കുവച്ചത്.
രണ്ടു കാലും ഒരു കൈയ്യും ഇല്ലാതെ ജനിച്ച കുട്ടിയായിരുന്നു അബൂബക്കര്‍ സിദ്ദീഖ്. എന്നാല്‍ അക്ബര്‍ പലരുടേയും സഹായത്തോടേയും പിന്തുണയോടെയും അബൂബക്കര്‍ സിദ്ദീഖിനെ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ പഠിപ്പിച്ചു. ഇപ്പോള്‍ അബൂബക്കര്‍ പിഎസ്‌സി ടെസ്റ്റുകള്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും നാസര്‍ കുറിപ്പില്‍ പറയുന്നു. ഇത്തരം കുഞ്ഞുങ്ങളെ പലരും പുറത്തിറക്കാന്‍ മടിക്കുമ്പോള്‍ അക്ബര്‍ മകനേയും കൂട്ടി മക്കയില്‍ പോയതും കുടുംബത്തോടൊപ്പം ദൂരെ യാത്രകള്‍ ചെയ്തതുമെല്ലാം പോസ്റ്റില്‍ പറയുന്നുണ്ട്. ഇത്രയും പിന്തുണ നല്‍കിയ മാതാപിതാക്കളുടെ മകനായി ജനിച്ച അബൂബക്കറിനെ എങ്ങനെ നിര്‍ഭാഗ്യവാന്‍ എന്ന് വിളിക്കുമെന്നും ചോദിച്ചുകൊണ്ടാണ് നാസര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ കുറിപ്പിനൊപ്പം അക്ബറും മകനും മമ്മൂട്ടിയുടെ കൂടെ നില്‍ക്കുന്ന ചിത്രവും നാസര്‍ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് വായിക്കാം...
ഒരു പിതാവിൻ്റെയും പുത്രൻ്റേയും കഥ ...
അക്ബർ എൻ്റെ കൗമാരകാലം മുതലേയുള്ള സുഹൃത്താണ്. ഗൾഫിൽ പോകുന്നതിന് മുന്നോടിയായി രണ്ട് വർഷം ഞാൻ കോഴിക്കോട് ഒരു ടെക്നിക്കൽ കോഴ്‌സിന് പഠിച്ചിരുന്നു. അന്നെൻ്റെ റൂം മേറ്റായി വന്നത് പൊന്നാനിക്കാരനായ അക്ബർ ആയിരുന്നു. അത് പിന്നീട് സുദീർഘമായ ഒരു സൗഹൃദത്തിൻ്റെ തുടക്കമായി തീർന്നു. കോഴ്സ് കഴിഞ്ഞ് അധികം താമസിയാതെ ഞങ്ങൾ രണ്ടു പേരും വ്യത്യസ്ഥ രാജ്യങ്ങളിൽ പ്രവാസികളായി മാറി. അതു കൊണ്ട് തന്നെ കുറെ കാലം പരസ്പരം യാതൊരു വിവരവും ഇല്ലായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ അക്ബർ രണ്ടു മക്കളുടെ ബാപ്പായായിക്കഴിഞ്ഞിരുന്നു. മാത്രമല്ല മൂന്നാമതും ഭാര്യ ഗർഭിണിയാണെന്ന് ഒരു ചെറു ചിരിയോടെ അവനെന്നോട് പറയുകയും ചെയ്തു ..അങ്ങിനെ വീണ്ടും ഞങ്ങളുടെ സൗഹൃദം പഴയപോലെ ഊഷ്മളമായി തന്നെ തുടർന്നു പോന്നു.
മാസങ്ങൾക്ക് ശേഷം ഒരു ദിവസം അക്ബറിൻ്റെ ഒരു ഫോൺ എനിക്ക് വന്നു. ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നതെന്നും ഭാര്യ പ്രസവിച്ചു ആൺകുട്ടിയാണെന്നും പറയുകയുണ്ടായി.... ഒടുവിൽ "എടാ നാസറേ ഒരു പ്രശ്നമുണ്ട്. കുഞ്ഞിന് രണ്ടു കാലും ഒരു കൈയ്യുമില്ല. എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് " പറഞ്ഞ് ഒരു കരച്ചിലോടെ ഫോൺ വെച്ചു..ഇവിടെയാണ് മകനായ അബുവിൻ്റെ (അബൂബക്കർ സിദ്ദിഖ് )കഥ തുടങ്ങുന്നത്. ഇത്തരം കുഞ്ഞുങ്ങളെ ദൈവത്തിൻ്റെ കൈയ്യൊപ്പോടെ ജനിച്ചവരെന്നെല്ലാം നമ്മൾ ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. സഹതാപ വാക്കുകൾക്കും നമ്മുടെ നാട്ടിൽ ഒട്ടും ക്ഷാമം കാണില്ല. പക്ഷേ ജീവിതമെന്ന യാഥാർത്ഥ്യത്തിലേക്ക് കടക്കുമ്പോൾ ഇങ്ങനെയുള്ള ഒരു കുഞ്ഞ് എങ്ങിനെ ഈ ഭൂമിയിൽ ജീവിക്കും എന്ന് ഏതൊരാളും ഒരു നിമിഷം ചിന്തിച്ച് പോകും. പക്ഷേ അബുവിൻ്റെ മാതാപിതാക്കൾക്ക് അങ്ങനെയൊരു ചിന്തയേ ഉണ്ടായില്ല. കാരണം അവർ തന്നെ അബുവിന്റെ കൈയ്യും കാലുമായി മാറുകയായിരുന്നു.
അബുവിന് ആറ് തികഞ്ഞതോടെ അവന് മറ്റ് കുഞ്ഞുങ്ങളെ പോലെ എങ്ങിനെ വിദ്യഭ്യാസം നല്കും എന്ന ആധിയായിത്തുടങ്ങി. എല്ലാ കുട്ടികളേയും പോലെ അവൻ നന്നായി സംസാരിക്കും. ഒരു കൈ കുത്തി തറയിലൂടെ നീങ്ങും. ഇരിക്കാനും ആരുടേയും സഹായം വേണ്ട. ആകെയുള്ള ഒരു കൈയ്യുടെ വിരലുകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. ഇങ്ങനെയുള്ള ഒരു കുട്ടി എങ്ങിനെ സ്കൂളിൽ പോകും.
ഈ ഘട്ടത്തിലാണ് ജപ്പാനിൽ ജോലി ചെയ്യുന്ന അക്ബറിൻ്റെ സുഹൃത്ത് (Dr.അബ്ദുല്ല ബാവ) ഒരിക്കൽ വീട്ടിൽ വരുന്നത്. അബുവിൻ്റെ അവസ്ഥ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു. എന്തെങ്കിലും ചെയ്യാമെന്ന് നോക്കട്ടെ എന്നൊരു പ്രതീക്ഷ നല്കിയാണ് അദ്ദേഹം അന്ന് ജപ്പാനിലേക്ക് തിരിച്ച് പോയത്. കുറച്ച് മാസങ്ങൾക്ക് ശേഷം മൂന്നു പേർക്കുമുള്ള ജപ്പാൻ വിസ സുഹൃത്ത് അയച്ച് കൊടുത്തു. അങ്ങനെ കൃത്രിമമായ കാല് വെക്കാമെന്ന പ്രതീക്ഷയിൽ അവർ ജപ്പാനിലേക്ക് വിമാനം കയറി.
ജപ്പാനിലെ ഒരു സാമൂഹ്യ സംഘടനയുടെ ഔദാര്യo കൊണ്ട് അബുവിനെ അവിടെയുള്ള മികച്ച ഡോക്ടർമാർ പരിശോധിച്ചു. ലോകത്ത് തന്നെ വളരെ അപൂർവ്വമായ ഒരു കേസായിരുന്നു അബുവിൻ്റേത്. അത് കൊണ്ട് തന്നെ 95% ശാരീരിക പരിമിതിളുള്ള (disable) ഈ കുട്ടിക്ക് അങ്ങിനെയുള്ള ഒരു കാര്യവും ചെയ്യാൻ സാധിക്കില്ലെന്ന വിവരം അവരുടെ ആശകളെ തകർത്തു കളഞ്ഞു.
എന്നാലും പ്രതീക്ഷകളോടെ ഇന്ത്യയിൽ നിന്നെത്തിയ ഈ കുടുംബത്തോട് ജപ്പാനിലെ മനുഷ്യ സ്നേഹികളായ ഡോക്ടർമാർ ... പ്രത്യേകിച്ച് Dr. നവാത്ത വളരെ കാരുണ്യത്തോടെയാണ് പെരുമാറിയത്. അവന്ന് സഞ്ചരിക്കാനായി പ്രത്യേകമായി യമഹയുടെ ചെറിയൊരു വാഹനം ഡിസൈൻ ചെയ്ത് നിർമ്മിച്ച് നല്കി. മാത്രമല്ല മൂന്നു മാസത്തോളം അത് ഓടിക്കാനുള്ള ട്രെയിനിംങ്ങ് കൊടുത്തു. .. എല്ലാം സൗജന്യമായി തന്നെ. ആദ്യമായി പരസഹായമില്ലാതെ ആസ്പത്രി കോറിഡോറിലൂടെ ആ വണ്ടിയിൽ നീങ്ങുമ്പോൾ അവൻ ബാപ്പയെ നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു "ബാപ്പാ ഞാൻ നടന്നു.. "അവൻ്റെ ജനന ശേഷം ആ ബാപ്പ വീണ്ടും കരഞ്ഞു. പക്ഷേ ഇത്തവണ അത് സന്തോഷാശ്രുക്കളായിരന്നു.
നാട്ടിൽ മടങ്ങിയെത്തിയ അബുവിനെ സ്കൂളിൽ ചേർക്കാൻ സാങ്കേതികമായി പല തടസ്സങ്ങളും ഉള്ളതുകൊണ്ട് എവിടേയും അഡ്മിഷൻ ലഭിച്ചില്ല. ഒടുവിൽ മഹാമനസ്കനായ ഒരു അദ്ധ്യാപകൻ്റെ ശ്രമം മൂലം നാലാം ക്ലാസ്സ് വരെ ഒരു സ്കൂളിൽ പഠിച്ചു. അതിനു വേണ്ടി ഒരു ഓട്ടോറിക്ഷക്കാരനെ പ്രത്യേകം നിയമിച്ചു. സ്കൂളിലേക്ക് എടുത്തു കൊണ്ടുപോയി ക്ലാസിൽ അവൻ്റെ പ്രത്യേക കസേരയിൽ കൊണ്ടിരുത്തും. ആയമാർ ടോയ്ലറ്റിലൊക്കെ കൊണ്ടു പോകും.
അങ്ങനെയായിരുന്നു പിന്നീടുള്ള പOന കാലങ്ങൾ.
അഞ്ചാം ക്ലാസ്സ് മുതൽ പൊന്നാനിയിലെ ഏറ്റവും പ്രശസ്തമായ എ.വി. ഹൈസ്ക്കൂളിൽ അദ്ധ്യാപകരുടേയും, സഹപാഠികളുടെയും കനിവോടെ പത്താംതരം വരെ എത്തി. പത്താം ക്ലാസ് പരീക്ഷ സ്ക്രൈബിൻ്റെ (ഉത്തരങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ മറ്റൊരാൾ എഴുതുന്ന രീതി) സഹായത്തോടെ എഴുതുകയും നല്ല മാർക്കോടെ തന്നെ പാസ്സാവുകയും ചെയ്തു.
ഇതിനിടെ ജപ്പാനിൽ നിന്ന് കൊണ്ടുവന്ന അവൻ്റെ യാത്രാ വണ്ടി തകരാറിലായി. പകരം രണ്ടര ലക്ഷം രൂപ വിലവരുന്ന ഇതുപോലെ തന്നെയുള്ള ഒരു ജർമ്മൻ നിർമിത വണ്ടിയിലായി അബുവിൻ്റെ യാത്രകൾ. ദൂര യാത്രക്ക് പോകുമ്പോഴും മൂന്നു ഭാഗങ്ങളാക്കി കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നായിരുന്നു ഇത്. അതാണിപ്പോഴും ഉപയോഗിക്കുന്നത്.
പ്ലസ് ടു നല്ല മാർക്കോടെ വിജയിച്ചപ്പോൾ അവന് ഏറെ താല്പര്യമുള്ള കംപ്യൂട്ടർ സയൻസിന് പൊന്നാനി എം.ഇ.എസ്. കോളേജിൽ ചേർന്നു. യുവാവായ അബുവിനെ അപ്പോഴും ഓട്ടോക്കാൻ തന്നെയാണ് എടുത്തു കൊണ്ടു പോയി ക്ലാസ്സിൽ ഇരുത്തിയിരുന്നത്. ത്യാഗങ്ങളുടേയും, കഷ്ടപ്പാടുകളുടേയും കണക്കുകൾ അവൻ്റെ മാതാപിതാക്കൾ ആരേയും ബോധ്യപ്പെടുത്തിയില്ല. അവർക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. തങ്ങളുടെ കാലശേഷവും അബുവിൻ്റെ ജീവിതം സുരക്ഷിതമായിരിക്കണം അതിനു വേണ്ടി എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നു അവർ രണ്ടു പേരും.
ഡിഗ്രി കഴിഞ്ഞ ശേഷം Msc കംപ്യൂട്ടർ സയൻസിന് അഡ്മിഷൻ കിട്ടിയത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു. അവൻ്റെ പഠനത്തിന് വേണ്ടി കുടുംബം മുഴുവൻ അങ്ങോട്ട് താമസം മാറ്റി. എന്നാൽ താങ്ങാൻ പറ്റാത്ത വീട്ടു വാടകയും, അബുവിൻ്റെ പല കാര്യങ്ങൾക്കുമുള്ള സൗകര്യക്കുറവും ആ കുടുംബത്തെ തളർത്തി. ഒടുവിൽ അക്ബർ എല്ലാ വിവരങ്ങളും കാണിച്ച് അബുവിൻ്റെ താമസ സൗകര്യത്തിനു വേണ്ടി മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി. കൃത്യം ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് നിന്ന് ഓർഡർ വന്നു. ജോലിക്കാർ താമസിക്കുന്ന ഒരു ക്വാർട്ടേഴ്സ് ഒന്നര ലക്ഷം ചിലവാക്കി അബുവിൻ്റെ വണ്ടി കൊണ്ടു പോകാൻ ഉള്ള റാമ്പും, പ്രത്യേകം ടോയ്‌ലറ്റും അടക്കം എല്ലാ താമസ സൗകര്യം ശരിയാക്കി. അങ്ങനെ Msc കോഴ്സ് വിജയകരമായി അബു പൂർത്തിയാക്കി. അബു വീടൊഴിഞ്ഞ ശേഷം ഈ ക്വാർട്ടേഴ്സ് അംഗപരിമിതിയുള്ള കുട്ടികൾക്ക് മാത്രമായി കൊടുക്കാൻ തീരുമാനമായി. അബു ഇപ്പോൾ PSC ടെസ്റ്റുകളെഴുതാനുള്ള തയ്യാറെടുപ്പിലാണ്. അതിനു വേണ്ടി കോച്ചിംഗ് ക്ലാസ്സിൽ പോയിത്തുടങ്ങി.
കഴിഞ്ഞ ആഴ്ച്ച പൊന്നാനിയിൽ അബുവിൻ്റെ സുഹൃത്തുക്കളും, അയൽവാസികളും നാട്ടുകാരുമെല്ലാം ചേർന്ന് അബുവിനേയും, അവൻ്റെ മാതാപിതാക്കളേ അനുമോദിക്കാൻ ഒരു യോഗം വിളിച്ചുകൂട്ടുകയുണ്ടായി. അവിടെ വെച്ച് അബു തൻ്റെ മാതാപിതാക്കളുടെ ത്യാഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ വിതുമ്പാത്തവരില്ല. തനിക്ക് തണലേകാൻ അവർ കൊണ്ട വെയിലിന് കണക്കില്ലെന്ന് ആരും പറയാതെ തന്നെ അവനറിയാമല്ലോ..
ഈ കഥ (കഥയല്ല ജീവിതം തന്നെ ) ഒരു പാഠമാണ്. കുറവുകളുള്ള കുഞ്ഞുങ്ങളെ പുറത്തിറക്കാത്ത എത്രയോ മാതാപിതാക്കളുണ്ട്. അവർക്കാ കുട്ടികൾ ഒരു അപമാനമായിരിക്കാം. എന്നാൽ അബു സഞ്ചരിക്കാത്ത വഴികളില്ല. മാതാപിതാക്കളോടൊപ്പം മക്കത്ത് പോയി. കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ തായ്ലാൻ്റിൽ പോയി. ചിറകുകളായി ബാപ്പയും ഉമ്മയും ഉള്ളതുകൊണ്ടാണ് അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരാൻ ആ കുട്ടിക്ക് കഴിഞ്ഞത്. ഇങ്ങനെയുള്ള മാതാപിതാക്കളുടെ മകനായ ജനിച്ച അബുവിനെ ഒരു നിർഭാഗ്യവാനെന്ന് വിശേഷിപ്പിക്കാൻ ആർക്ക് കഴിയും.
Also Read: ആംബുലൻസ് കിട്ടിയില്ല; അച്ഛനെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ച് ബാലൻ; വീഡിയോ