ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അവശനിലയിലായ പ്രശാന്ത് (57) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് അത്താഴം കഴിക്കുകയായിരുന്നു ഇദ്ദേഹം. അത്താഴത്തിനിടെ തന്നെ ഇദ്ദേഹത്തിന് ചില അലര്‍ജി പ്രശ്നങ്ങളുണ്ടായി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നൊരു കാലമാണിത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടായ മരണങ്ങളും ആശുപത്രി കേസുകളും തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിയത്. പ്രധാനമായും ഹോട്ടല്‍ ഭക്ഷണങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് ചര്‍ച്ചകളുയര്‍ന്ന് വന്നിരുന്നത്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ വിവാദമാവുകയാണ് മഹാരാഷ്ട്രയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ സംഭവം. പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറിയായ പ്രശാന്ത് ദത്താത്രേയ് നവ്‍ഖാരെ ആണ് ബുധനാഴ്ച മരിച്ചത്. ഇന്നാണ് ഇദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പൊലീസ് നല്‍കിയത്.
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അവശനിലയിലായ പ്രശാന്ത് (57) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് അത്താഴം കഴിക്കുകയായിരുന്നു ഇദ്ദേഹം. അത്താഴത്തിനിടെ തന്നെ ഇദ്ദേഹത്തിന് ചില അലര്‍ജി പ്രശ്നങ്ങളുണ്ടായി. വൈകാതെ തന്നെ കുഴഞ്ഞുവീഴുകയും ചെയ്തു. ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ഇതിന് മുമ്പായി തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിക്കുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധ മൂലമാണോ ഇദ്ദേഹം മരിച്ചത് എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തുകയോ ഇക്കാര്യത്തെ കുറിച്ച് ഏതെങ്കിലും വിധത്തില്‍ സൂചന നല്‍കുകയോ ചെയ്തിട്ടില്ല.
അതേസമയം ഭക്ഷ്യവിഷബാധ മൂലമാണ് പ്രശാന്തിന്‍റെ അന്ത്യം സംഭവിച്ചതെന്ന അഭ്യൂഹങ്ങള്‍ കനക്കുകയാണ്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍...
വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ കെമിക്കലുകള്‍ പോലുള്ള പദാര്‍ത്ഥങ്ങളില്‍ നിന്ന് വിഷാംശം കയറിയോ രോഗാണുക്കള്‍ മൂലമോ എല്ലാം ഭക്ഷ്യവിഷബാധയേല്‍ക്കാം. നിസാരമായി എടുക്കാവുന്ന തരത്തിലുള്ളത് മുതല്‍ ഉടനടി ആശുപത്രിയിലേക്ക് എത്തിക്കേണ്ട തരത്തിലുള്ള ഭക്ഷ്യവിഷബാധകള്‍ വരെ സംഭവിക്കാം. എങ്ങനെയാണ് ഭക്ഷ്യവിഷബാധയുണ്ടായി എന്ന് മനസിലാക്കാനാവുക? എന്താണിതിന്‍റെ ലക്ഷണങ്ങള്‍?
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. വയറിളകി പോകുമ്പോള്‍ രക്തം കൂടി കാണുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വയറിന് അസ്വസ്തത, പനി, തലവേദന പോലുള്ള പ്രശ്നങ്ങളും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായി വരാം. നിര്‍ത്താതെ ഛര്‍ദ്ദിക്കുകയോ വയറിളകുകയോ രോഗി അവശനിലയിലാവുകയോ, കുഴഞ്ഞുവീഴുകയോ എല്ലാം ചെയ്യുന്നപക്ഷം ഉടനെ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.
ഭക്ഷ്യവിഷബാധയുടെ ഭാഗമായി കാഴ്ച മങ്ങുക, കൈകാലുകള്‍ തളരുക, വിറയല്‍, മരവിപ്പ്, ആകെ തളര്‍ച്ച, ശബ്ദത്തില്‍ വ്യത്യാസം, വെള്ളമോ മറ്റ് ഭക്ഷണമോ ഇറക്കാനാകാത്ത അവസ്ഥ എന്നീ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ രോഗി അപകടകരമായ അവസ്ഥയിലാണെന്നും മനസിലാക്കാം. ഈ ഘട്ടത്തിലും രോഗിയെ പെട്ടെന്ന് അടിയന്തര വൈദ്യസഹായത്തിനുള്ള സൗകര്യം അടങ്ങിയ ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റുക.
Also Read:- ഭക്ഷണത്തില്‍ എലിക്കാഷ്ടവും എലി കരണ്ട അവശിഷ്ടങ്ങളും; കച്ചവടക്കാരന് ലക്ഷങ്ങളുടെ പിഴ