ഭാര്യയെ വച്ച് ചൂതുകളിക്കുന്ന ഭര്‍ത്താക്കന്മാര്‍. പുരാണത്തിലെ കഥയിലൊക്കെ കേട്ടിട്ടുള്ള സംഭവമാണ് അല്ലേ? എന്നാല്‍ ഈ നൂറ്റാണ്ടിലും നമ്മുടെ രാജ്യത്ത് ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
ഭാര്യയെ വച്ച് ചൂതുകളിക്കുന്ന ഭര്‍ത്താക്കന്മാര്‍. പുരാണത്തിലെ കഥയിലൊക്കെ കേട്ടിട്ടുള്ള സംഭവമാണ് അല്ലേ? എന്നാല്‍ ഈ നൂറ്റാണ്ടിലും നമ്മുടെ രാജ്യത്ത് ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
വിശ്വസിച്ചേ പറ്റൂ. കാരണം, അടുത്തടുത്തായി ഇത്തരത്തില്‍ രണ്ട് സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുപിയിലെ നോയിഡയില്‍ ഇങ്ങനെയൊരു പരാതിയുമായി ഒരു സ്ത്രീ പൊലീസിനെ സമീപിച്ചത്.
ഭര്‍ത്താവ്, സുഹൃത്തുക്കള്‍ക്കൊപ്പം പണം വച്ച് ചീട്ടുകളിക്കുന്നത് പതിവായിരുന്നുവത്രേ. അങ്ങനെ ഒരു ദിവസം പണത്തിന് പകരം ഭാര്യയെ വച്ച് അയാള്‍ ചീട്ടുകളിച്ചു. കളി തോറ്റ് വീട്ടിലെത്തിയപ്പോള്‍ അയാള്‍ ഭാര്യയോടെ തന്റെ മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടു. ഭാര്യ അത് നിരസിച്ചിട്ട് പോലും അയാള്‍ കൂട്ടുകാരെ വീട്ടില്‍ വിളിച്ചുകൊണ്ടുവരികയും അവരെ അവിടെയിരുത്തി പോണ്‍ സിനിമകള്‍ കാണിച്ച് ആസ്വദിപ്പിക്കുകയും ചെയ്തു.
അടുത്ത ദിവസം തന്നെ സ്ത്രീ, ജീവനും കൊണ്ട് അവിടെനിന്ന് രക്ഷപ്പെടുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് സംഭവം വിശദമായി അന്വേഷിച്ച് വരികയാണെന്നും പ്രതിയെ ചോദ്യം ചെയ്തുവെന്നും സെക്ടര്‍ 20 പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജ് വീര്‍ സിംഗ് ചൗഹാന്‍ അറിയിച്ചിട്ടുണ്ട്.
സംഭവം വിശദമായി പഠിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത് മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ മാസം യുപിയില്‍ത്തന്നെ സമാനമായ ഒരു പരാതി കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുപിയിലെ ജോന്‍പൂര്‍ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്.
ചീട്ടുകളിയും മദ്യപാനവും പതിവാക്കിയ ഒരാളാണ് ഈ കേസിലെ പ്രതി. കയ്യിലെ പണം തീര്‍ന്നപ്പോള്‍ ഭാര്യയെ വച്ച് ചീട്ട് കളിച്ചുവെന്നാണ് ഇയാളുടെ മൊഴി. കളി തോറ്റപ്പോള്‍ ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്യാന്‍ ഇയാള്‍ കൂട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ശാരീരികമായും മാനസികമായും തകര്‍ന്ന ഇവര്‍ ഇതിന് ശേഷം ബന്ധുവീട്ടിലേക്ക് താമസം മാറി. അപ്പോഴൊന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അവര്‍ ആരോടും ഒന്നും പറഞ്ഞില്ല.
എന്നാല്‍ അവിടെയും ഭര്‍ത്താവെത്തി. ചെയ്തത് തെറ്റാണെന്നും. മാപ്പ് നല്‍കി തന്നോടൊപ്പം വരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഭര്‍ത്താവിന് മാപ്പ് നല്‍കിയ സ്ത്രീ അയാള്‍ക്കൊപ്പം പോകാനിറങ്ങി. പോകും വഴി, കാര്‍ നിര്‍ത്തി അയാള്‍ വീണ്ടും ഭാര്യയെ കൂട്ടുകാര്‍ക്ക് വിട്ടുനല്‍കി. രണ്ടാം തവണയും ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായതോടെ ഇവര്‍ കോടതിയെ സമീപിച്ചു. അങ്ങനെയാണ് സിനിമാക്കഥയെ വെല്ലുന്ന, ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്.
അടുത്തടുത്തായി രണ്ട് പരാതികള്‍ ലഭിച്ചതോടെ യുപിയില്‍ പൊലീസ് ജാഗ്രതയിലാണ്. ഇത്തരത്തില്‍ ഭാര്യമാരെ പണയപ്പെടുത്തി ചീട്ടുകളിക്കുന്ന പതിവ് ഇവിടങ്ങളില്‍ സജീവമായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിയമത്തിന്റെ കണ്ണ് വെട്ടിച്ച് നടക്കുന്ന ഈ അനീതിയെക്കുറിച്ച് പലരും പേടിച്ച് പുറത്ത് പറയാതിരിക്കുന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.