കുട്ടികളിലെ അമിതമായ ഭയം എങ്ങനെ പരിഹരിക്കാം?

By Web Team  |  First Published Nov 2, 2024, 11:04 AM IST

കുട്ടികളെ മുഖത്തുനോക്കി സംസാരിക്കാൻ ശീലിപ്പിക്കുക. ഇങ്ങനെ സംസാരിക്കുന്നതിലൂടെ അവരുടെ കോൺഫിഡൻസ് വർദ്ധിക്കുകയും ധൈര്യം കൂടുകയും പേടി കുറഞ്ഞു വരികയും ചെയ്യും. 


ചില കുട്ടികളിൽ നാം കാണുന്ന പ്രശ്നമാണ് അമിതമായ ഭയം. കുട്ടികളിൽ ഉണ്ടാകുന്ന അമിതമായ പേടിയ്ക്ക് പിന്നിൽ ചില എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഉണ്ടാകാം. കുട്ടികളിലെ പേടി എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം.

മനുഷ്യനുള്ള ഏതു വികാരങ്ങളെ പോലെ തന്നെ പലപ്പോഴും പ്രകടകമാകുന്ന ഒന്നാണ് ഭയം. ഏതൊരു  വ്യക്തിയും തന്നിൽ നിന്നും ഇല്ലാതാക്കണം എന്ന് ഏറെ ആഗ്രഹിക്കുന്ന ഒരു വികാരം കൂടിയാണ് ഭയം എന്നത്. ബാല്യത്തിലോ കൗമാരത്തിലോ യുവത്വത്തിലോ അല്ലെങ്കിൽ ഒരു സുപ്രഭാതത്തിലോ ഒരാളിൽ വന്നുചേരുന്ന ഒന്നല്ല ഭയമെന്ന് തിരിച്ചറിയേണ്ടതുണ്ട്. 

Latest Videos

ഒരു വ്യക്തിയുടെ ജനനത്തിനു മുൻപോ പിച്ചവച്ചു തുടങ്ങുന്ന കാലഘട്ടത്തിലോ ഭയം അവനിലേക്ക് എത്തപ്പെടുന്നത്. പലരിലും ഭയം വ്യത്യസ്തമായ രീതിയിലാണ് പ്രകടമാകുന്നത് ഒരു വസ്തുവിനോട് സാഹചര്യങ്ങളോട് അല്ലെങ്കിൽ വ്യക്തികളോടോ അങ്ങനെ പലതുമായി ബന്ധപ്പെട്ടാണ് പലരിലും പേടി.

ഇന്ന് ചില കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യപ്രശ്നമാണ് അമിതമായ പേടി. സാധാരണയായി നാലു വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ്  അമിതമായ ഭയം കണ്ടുവരുന്നത്.

ഈ പ്രായത്തിൽ തന്നെ കുട്ടികളിലെ ഭയം നിയന്ത്രിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഭയത്തോടൊപ്പം  ജീവിക്കേണ്ടി വരും. പിന്നീട് മാനസിക സമ്മർദ്ദങ്ങൾ, ഉൽകണ്ഠ, ലഹരിയാസക്തി, ഉറക്കക്കുറവ് തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്നങ്ങളിലേക്ക് വരെ എത്തിച്ചേക്കാം. അതുകൊണ്ട്  ഓരോ രക്ഷിതാവും അവരുടെ മക്കളിൽ ചെറുപ്പകാലത്ത് കണ്ടുവരുന്ന ഭയത്തെ തിരിച്ചറിഞ്ഞു അത് എന്തിനോടുള്ള ഭയമാണ്, എന്താണ് അവരുടെ ഭയത്തിന് കാരണം എന്ന്  അറിഞ്ഞു പരിഹരിക്കേണ്ടതാണ്.

Read more കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണയായി ഏതൊക്കെ കുട്ടികളിൽ ആണ് ഭയം കണ്ടുവരുന്നത്?

പ്രസവത്തിന് മുൻപോ ശേഷമോ സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും പാരമ്പര്യ ഘടകങ്ങളുമാണ് പൊതുവേ കുട്ടികളിൽ ഭയം കൂടുതലായി ഉണ്ടാക്കുന്നത്.  കുഞ്ഞിനെ പ്രഗ്നന്റായി ഇരിക്കുന്ന സമയത്ത് അമ്മയിൽ ഉണ്ടാകുന്ന പ്രഷർ, ഷുഗർ, തൈറോയ്ഡ്, ബ്ലീഡിംഗ്, മാനസിക സമ്മർദ്ദങ്ങൾ കുടുംബവഴക്കുകൾ, നിരാശ, ഡെലിവറിക്ക് ശേഷം മഷിയിറക്കൽ, മാസം തികയാതെയുള്ള പ്രസവം, ഭാരം കുറവുള്ള കുട്ടികൾ എന്നിവരിൽ പൊതുവേ ഇമോഷണൽ ഡിസ്റ്റർബൻസ് കണ്ടുവരാറുണ്ട്. ഇത്തരം കുട്ടികളിൽ തന്നെയാണ്  ഭയം കണ്ടുവരുന്നത്.

ഒന്നര വയസ്സിനുള്ളിൽ നടക്കാനോ സംസാരിക്കാനോ കാലതാമസം നേരിടുന്ന കുട്ടികളിലും  അപസ്മാരം വന്നിട്ടുള്ള കുട്ടികളിലും പേടി കൂടുതലായിരിക്കും. കുട്ടിക്കാലം മുതൽ ഭയത്തിനൊപ്പം ജീവിക്കുന്നവരിൽ  ധൈര്യം കുറയുകയും അതിനൊപ്പം ആത്മവിശ്വാസം നഷ്ടപ്പെടുകയും എത്ര നല്ല കഴിവുകൾ ഉണ്ടായാലും അത് തിരിച്ചറിയാനും അത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ തന്നെ വേണ്ടവിധത്തിൽ ഉപയോഗിക്കാനോ അതുമൂലം ജീവിതത്തിൽ മികച്ച വിജയങ്ങൾ കെട്ടിപ്പടുക്കാനോ സാധിക്കില്ല.

മാതാപിതാക്കൾ ഭയത്തെ ഇഞ്ചക്ട് ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾ ഭയത്തിന് അടിമയായി മാറാറുണ്ട്. അമിതമായി പണിഷ്മെൻറ് കൊടുക്കുകയും പാമ്പർ ചെയ്യിക്കുകയും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക് പറയുകയും സുരക്ഷിതമല്ലാത്ത രീതിയിലുള്ള ജീവിതം നയിക്കുന്ന കുട്ടികളും അമിതമായത്തിന് അടിമകൾ ആയിരിക്കും. ഒരു പരിധിവരെ ഈ പറയുന്ന കാരണങ്ങൾ തന്നെയാണ് പേടി കുട്ടികളിൽ വളർത്തുന്നതെന്ന് പഠനങ്ങൾ പറയുന്നത്

ലക്ഷണങ്ങൾ

പേടിയുള്ള കുട്ടികൾ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാതെ മുഖം താഴ്ത്തി നിൽക്കുകയോ നാലുവശങ്ങളിലേക്കായി ചലിപ്പിക്കുകയോ ഒരിടത്തുതന്നെ നോട്ടം ഒതുക്കി നിർത്തുകയോ ചെയ്യില്ല. അതുപോലെ നാലുപേർ കൂടുന്നിടത്ത് സംസാരിക്കാൻ മടി കാണിക്കുകയും എന്നാൽ ആൾക്കൂട്ടം ഒഴിഞ്ഞതിനു ശേഷം നല്ലതുപോലെ സംസാരിക്കുകയും ചെയ്യും.

സോഷ്യൽ ആയ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന സ്വഭാവവും ഇവരിൽ കാണാറുണ്ട്.  പഠനത്തിലും കലാകായിക മേഖലകളിൽ കഴിവുണ്ടെങ്കിലും  അതിലൊന്നും പങ്കെടുക്കാതെ കുട്ടികൾ വിട്ടുനിൽക്കും. ഉയരങ്ങളോടുള്ള ഭയവും ഇവരിൽ ഉണ്ടാകും അമ്യൂസ്മെൻറ് പാർക്കുകളിലെ ഉയരം കൂടിയ റെയ്ഡുകളിൽ കയറാൻ ഇവർ എപ്പോഴും ഭയക്കും. ഇരുട്ടിനോടും ഇവർക്ക് ഭയമായിരിക്കും. സ്വന്തം വീട്ടിൽ ആണെങ്കിൽ പോലും ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് പോകണമെങ്കിൽ ഇവർക്ക് വെളിച്ചമോ ആരെങ്കിലും കൂടെയോ. ഇത്തരം പ്രശ്നങ്ങൾ ആണ് പൊതുവേ പേടിയുള്ള കുട്ടികളിൽ കണ്ടുവരുന്നത്. 

എങ്ങനെ പരിഹരിക്കാം

നിങ്ങളുടെ കുട്ടിയിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഈ നാലു കാര്യങ്ങൾ ചെയ്തു നോക്കൂ.

1) കുട്ടികളെ മുഖത്തുനോക്കി സംസാരിക്കാൻ ശീലിപ്പിക്കുക. ഇങ്ങനെ സംസാരിക്കുന്നതിലൂടെ അവരുടെ കോൺഫിഡൻസ് വർദ്ധിക്കുകയും ധൈര്യം കൂടുകയും പേടി കുറഞ്ഞു വരികയും ചെയ്യും. 

2) ഒരിക്കലും മക്കളെ പേടിപ്പിച്ച് വളർത്തരുത്. നല്ല അനുസരണയുള്ള കുട്ടിയായി വളരണമെന്ന് കരുതി പല കാര്യങ്ങളിലും മക്കളെ കർക്കശമായി പേടിപ്പിക്കുന്നത് അവരെ എക്കാലത്തും പേടിയുള്ളവരായി തീർക്കും. സാഹചര്യം മനസ്സിലാക്കി നല്ല വാക്ക്ചാതുര്യവും ഉണ്ടാക്കുന്ന രീതിയിൽ നല്ലതുപോലെ പ്രോത്സാഹനം നൽകുക

3) നിങ്ങളുടെ കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ട് എന്ന് നിങ്ങൾ തിരിച്ചറിയുന്ന സമയം മുതൽ നിങ്ങളുടെ ജീവിത സാഹചര്യത്തിൽ മാറ്റം വരുത്തുക.അതിനൊപ്പം കുട്ടിയിലുള്ള പേടി കുറക്കുന്നതിനുള്ള സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുക

4) മക്കൾ ഭയത്തിന് അടിമകളാണ് എന്ന് തിരിച്ചറിഞ്ഞാൽ കുട്ടികളുടെ മനശാസ്ത്ര വിദഗ്ധരെ കാണിച്ച് കുട്ടിയുടെ പേടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരോട് സംസാരിച്ചു പേടി കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകൾ അവരിൽ നിന്നും മനസ്സിലാക്കി ഉപയോഗപ്പെടുത്തുക.

ഈ നാല് കാര്യങ്ങൾ നിങ്ങൾ മടികൂടാതെ ഫോളോ ചെയ്യുകയാണെങ്കിൽ ഭയത്തെ പേടിക്കാതെ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നല്ല ധൈര്യവും തന്റേടവും  സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു കോൺഫിഡൻസോടു കൂടി ജീവിക്കാൻ മക്കളെ പ്രാപ്തരാക്കാം.

Read more 'മക്കളുടെ മുന്നിൽ വച്ച് വഴക്കിടരുത്, അതവരെ മാനസികമായി തളർത്തും'
 

click me!