അവളുടെ മാതാപിതാക്കൾ തമ്മിൽ വഴക്കു പതിവായിരുന്നു. ചെറിയ കാര്യത്തിനുപോലും അവർ തമ്മിൽ പൊരുത്തക്കേടുകൾ തുടർന്നുകൊണ്ടേ ഇരുന്നു. വഴക്കു കഴിഞ്ഞാൽ പിന്നെ രണ്ടാളും തമ്മിൽ മിണ്ടാതെ ഇരിപ്പാകും. കുട്ടിയെ നോക്കാനോ അവൾ എന്ത് ചെയ്യുകയാണ് എന്ന് അറിയാനോ പോലും രണ്ടാളും തയ്യാറാവില്ല.
സ്കൂളിൽ കുട്ടികൾ കയ്യിൽ റബ്ബർ ബാൻഡ് വലിച്ചു ചെറിയ വേദന വരുന്ന രീതിയിൽ കളിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. പക്ഷേ കുട്ടികളുടെ തമാശ അതിരു കടക്കുന്നു എന്ന് പെട്ടെന്നാണ് അദ്ധ്യാപികർക്ക് മനസ്സിലായത്. റബ്ബർ ബാൻഡിനു പകരം അവർ ബ്ലേഡ് ഉപയോഗിച്ചു കൈയ്യിൽ വരഞ്ഞുകൊണ്ട് അതൊരു ഗെയിം ആക്കി മാറ്റി തുടങ്ങി.
അതുകണ്ട അദ്ധ്യാപകർക്ക് അതു വലിയ ഷോക്കായി. വേഗം പ്രിൻസിപ്പലിനെ വിവരമറിയിച്ചു. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചു. വീട്ടിൽ അറിയിക്കരുത് എന്ന് കുട്ടികൾ കരഞ്ഞു പറഞ്ഞതുകൊണ്ട് തൽകാലം വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചു.
എന്നാൽ അതിൽ 12 വയസ്സുകാരിയായ ഒരു പെൺകുട്ടി വല്ലാതെ പൊട്ടിത്തെറിക്കുന്നു. ദേഷ്യവും സങ്കടവും പ്രകടമാക്കുന്നു. പലപ്പോഴും അവൾ കൂട്ടുകാരുമായി പിണങ്ങി ഞാൻ മരിക്കാൻ പോകുവാ എന്ന് പറഞ്ഞതായി അദ്ധ്യാപകർ അറിഞ്ഞതിനുശേഷം അവളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവൾക്ക് ഒരു സൈക്കോളജിസ്‌റ്റിന്റെ സഹായം ആവശ്യമാണ് എന്ന് അവർ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും മാതാപിതാക്കൾ അപ്പോൾ തയ്യാറായില്ല.
അവളുടെ മാതാപിതാക്കൾ തമ്മിൽ വഴക്കു പതിവായിരുന്നു. ചെറിയ കാര്യത്തിനുപോലും അവർ തമ്മിൽ പൊരുത്തക്കേടുകൾ തുടർന്നുകൊണ്ടേ ഇരുന്നു. വഴക്കു കഴിഞ്ഞാൽ പിന്നെ രണ്ടാളും തമ്മിൽ മിണ്ടാതെ ഇരിപ്പാകും. കുട്ടിയെ നോക്കാനോ അവൾ എന്ത് ചെയ്യുകയാണ് എന്ന് അറിയാനോ പോലും രണ്ടാളും തയ്യാറാവില്ല.
മാതാപിതാക്കളുടെ വഴക്കുകൾക്കിടയിൽ അവൾക്ക് വല്ലാത്ത ഒറ്റയപ്പെടൽ അനുഭവപ്പെട്ടു തുടങ്ങി. പല ദിവസങ്ങളും ഉറക്കത്തിൽ ഞെട്ടി ഉണരുമായിരുന്നു. രാവിലെ സ്കൂളിൽ പോകാൻ റെഡി ആകാൻ വലിയ താമസം, മനസ്സിൽ വല്ലാതെ സങ്കടപ്പെട്ടുകൊണ്ടിരുന്നു. ഇതൊന്നും മാതാപിതാക്കളോട് പറയാനുള്ള സാഹചര്യം അവൾക്കു കിട്ടാത്ത അവസ്ഥ. അവരെ രണ്ടുപേരെയും അവൾക്കു വേണം എന്നവൾ ഒരുപാട് ആഗ്രഹിച്ചു.
ഇത്രയും മാനസിക സങ്കർഷങ്ങൾക്കിടയിൽ പതുക്കെ അവൾക്ക് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നു. അപ്പോഴേക്കും വിട്ടുമാറാത്ത ശാരീരിക രോഗങ്ങളുടെ രൂപത്തിൽ ടെൻഷൻ കുട്ടിയെ ബാധിച്ചു തുടങ്ങിയിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തവിധം വിട്ടുമാറാത്ത തലവേദന അവളെ ബാധിച്ചു തുടങ്ങി. ശ്വാസ തടസ്സം, ചുമ അങ്ങനെ എത്ര ചികിത്സ നൽകിയിട്ടും വിട്ടുമാറാതെ വന്നപ്പോൾ അവർ കണ്ട ഡോക്ടറും അവരോടു പറഞ്ഞു കുട്ടിക്ക് എന്തോ മാനസിക സമ്മർദ്ദം ഉണ്ട് എന്ന്.
അവളുടെ സ്വഭാവത്തിൽ വന്ന വ്യത്യാസങ്ങൾ, ഇപ്പോഴത്തെ ശാരീരിക രോഗങ്ങൾ, സ്കൂളിൽ നടന്ന സംഭവങ്ങളും കൂട്ടിവായിക്കുമ്പോൾ തങ്ങളുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റങ്ങൾ കുട്ടിയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് മാതാപിതാക്കൾ പതുക്കെ മനസ്സിലാക്കാൻ തുടങ്ങി. ഒടുവിൽ അവർ സൈക്കോളജിസ്‌റ്റിനെ കാണാൻ തയ്യാറായി.
മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു ആദ്യപടി. രണ്ടുപേരും എടുത്തുചാട്ടവും, നിർബന്ധ സ്വഭാവവും ഉള്ളവരായിരുന്നു. രണ്ടുപേരും തങ്ങളുടെ പങ്കാളി എന്തിലും ഏതിലും പെർഫെക്റ്റ് ആയിരിക്കണം എന്ന വാശി ഉള്ളവർ. അതു പല സാഹചര്യങ്ങളിലും അങ്ങനെ അല്ല എന്ന് കാണുമ്പോൾ പരസ്പരം ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നു. ദേഷ്യം വന്നാൽ പിന്നെ ഒന്നും നോക്കില്ല ആ സമയം കുട്ടി എന്തെങ്കിലും അശ്രദ്ധമായി ചെയ്യുന്നു എന്ന് കണ്ടാൽ കണ്ണിൽ കാണുന്നതെല്ലാം തല്ലിപൊട്ടിക്കും.
ഇത്തരം സാഹചര്യങ്ങളിൽ നല്ല ഇമോഷണൽ ഇന്റലിജൻസ് (emotional intelligence) ഉള്ളവരായി വളർന്നു വരിക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഇമോഷണൽ ഇന്റലിജൻസ് എന്നാൽ സ്വന്തം വികാരങ്ങളെപ്പറ്റി നല്ല ധാരണയും നിയന്ത്രണവും ഉണ്ടാവുക, നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക, അവ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുക, പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടുക, സഹാനുഭൂതി ഉണ്ടാവുക എന്നതെല്ലാം ചേർന്നതാണ്.
ചില പഠനങ്ങൾ പറയുന്നത് ഇമോഷണൽ ഇന്റലിജൻസ് ജന്മനാ നമുക്ക് കിട്ടുന്ന ഒരു കഴിവാണ് എന്നാണെങ്കിൽ മറ്റു ചില പഠനങ്ങൾ അത് പരിശീലനത്തിലൂടെ മെച്ചപ്പെടുത്താം എന്നു പറയുന്നു. ഇമോഷണൽ ഇറ്റലിജന്റ്സ് കുറഞ്ഞ ആളുകളും അവരുടെ മാതാപിതാക്കളും അവ ഇനി നേടിയെടുക്കുക സാധ്യമല്ല എന്ന് വിശ്വസിച്ചു പ്രതീക്ഷ നഷ്ടപ്പെട്ടു ജീവിക്കുക അല്ല വേണ്ടത്.
ഒരു പ്രശ്നത്തെപ്പറ്റി ആവർത്തിച്ചു ചിന്തിച്ചു വിഷമിക്കുന്നത് പ്രശ്നപരിഹാരത്തിനു സഹായകരമല്ല. അതെങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയാണ് വേണ്ടത്. അവിടെയാണ് മനഃശാസ്ത്ര ചികിത്സയുടെ പ്രാധാന്യം വരുന്നത്. മനഃശാസ്ത്ര ചികിത്സ എന്നാൽ അതിൽ ഇല്ലാത്ത കഴിവുകളെ ഡെവലപ്പ് ചെയ്‌തെടുക്കുന്ന (skils training) രീതിയാണ്.
സ്വഭാവ- വൈകാരിക പ്രശ്നങ്ങൾക്ക് മരുന്ന് ഉപയോഗിക്കാതെയുള്ള ഇത്തരം skills training ആണ് ആവശ്യം.
എല്ലാ പ്രായക്കാരിലും ഇത്തരം വൈകാരിക നിയന്ത്രണ പ്രശ്നങ്ങൾ കണ്ടുവരുന്നു. സ്വയം ഇത് തിരിച്ചറിയാൻ കഴിയുക, മാറ്റിയെടുക്കണം എന്ന ആഗ്രഹം എന്നിവ ഉള്ളവരിൽ മനഃശാസ്ത്ര ചികിത്സ വേഗത്തിൽ സാധ്യമാണ്. സ്വയം തിരിച്ചറിയുന്നില്ല എങ്കിൽപോലും കുടുംബത്തിന്റെ പിന്തുണ ഉണ്ട് എങ്കിൽ ഒരു പരിധിവരെ ഇവ മാറ്റിയെടുക്കാൻ കഴിയും. കാരണം പലപ്പോഴും കുടുംബ സാഹചര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും വൈകാരിക പ്രശ്നം അനുഭവിക്കുന്നവരുടെ കാര്യത്തിൽ വളരെ പ്രധാനമാണ്.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8921278461
Online/ Telephone consultation available
കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത,വൈകാരിക പ്രശ്നങ്ങൾ; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതിയത്