ആളുകളുമായി ഇടപെടുമ്പോൾ അമിത ജാഗ്രത കാണിക്കുന്ന അവസ്ഥ ഉണ്ടാകും. സുഹൃത്തിനെ വിശ്വസിക്കാമോ എന്ന ഭയം എപ്പോഴും മനസ്സിൽ ഉണ്ടാകും.
ഒറ്റയ്ക്കു ജീവിച്ചാൽ മതിയെന്ന് തോന്നും. ആരെയും ഒരു പരിധിയിൽ അധികം വിശ്വസിക്കാൻ കൊള്ളില്ല എന്ന ചിന്ത. 23 കാരിയായ ആ പെൺകുട്ടി വല്ലാത്ത ടെൻഷൻ അനുഭവിച്ചു. സൗഹൃദത്തെക്കുറിച്ചും, കല്യാണത്തെക്കുറിച്ചും ആരെങ്കിലും സംസാരിക്കുന്നത് കേട്ടാൽ അവൾക്കു ടെൻഷനും ദേഷ്യവും ഒക്കെ തോന്നി.
അവൾക്ക് ചെറിയ പ്രായത്തിൽ ബന്ധുവായ ഒരാളുടെ ക്രൂരതയ്ക്ക് ഇരയാവേണ്ടി വന്നു. അന്ന് അവൾ നേരിട്ട ദുരനുഭവം അവളുടെ അച്ഛനോട് അവൾ പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാൻ അച്ഛൻ തയ്യാറായില്ല. അവൾ നുണ പറയുകയാണ് എന്നു പറഞ്ഞ അച്ഛൻ അവളെ കുറ്റപ്പെടുത്തുകയായിരുന്നു. അത് അവളുടെ മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നീടുള്ള ജീവിതത്തിൽ സ്വയം ഇഷ്ടമില്ലാത്ത രീതിയിൽ അവൾ മാറി. ആരെയും വിശ്വസിക്കാൻ പാടില്ല എന്നും അവൾ ചിന്തിച്ചു.
ചെറുപ്പകാലത്തിലെ ദുരനുഭവങ്ങൾ വലുതാകുമ്പോൾ എങ്ങനെ ഒരു വ്യക്തിയെ ബാധിക്കും എന്ന് നോക്കാം:
● ആളുകളുമായി ഇടപെടുമ്പോൾ അമിത ജാഗ്രത കാണിക്കുന്ന അവസ്ഥ ഉണ്ടാകും. സുഹൃത്തിനെ വിശ്വസിക്കാമോ എന്ന ഭയം എപ്പോഴും മനസ്സിൽ ഉണ്ടാകും.
● കൂടുതൽ സൗഹൃദത്തിൽ ആയാൽ പിന്നീട് വിഷമിക്കേണ്ടിവരും എന്ന ഭയം കാരണം സൗഹൃദത്തിൽ അല്പം അകലം പാലിക്കാൻ ശ്രമിക്കും. ഒന്നും തുറന്നു സംസാരിക്കാൻ തയ്യാറാവില്ല.
● സ്നേഹിക്കപ്പെടാൻ അർഹതയില്ലാത്ത വ്യക്തിയാണ് താൻ എന്ന് സ്വയം വിശ്വസിക്കും. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ തന്നിൽ നിന്നും മനഃപൂർവ്വം അകറ്റി നിർത്തും.
● സ്വയം കുറ്റക്കാരിയായി കാണുന്നു എന്നതിനാൽ ആത്മവിശ്വാസക്കുറവും ആത്മഹത്യാ ചിന്തകളും അലട്ടാൻ സാധ്യതയുണ്ട്.
● സ്നേഹം കിട്ടുന്ന ഒരു സാഹചര്യത്തിൽ അല്ല വളർന്നത് എന്നതുകൊണ്ട് ചിലപ്പോൾ അവർക്കു സ്നേഹം തിരിച്ചു നൽകാത്ത മാതാപിതാക്കളോട് സാമ്യമുളള വ്യക്തികളുമായി അടുക്കാൻ സാധ്യതയുണ്ട്. അതാണ് നോർമൽ എന്ന തെറ്റായ ധാരണയിൽ. അതിനാൽ വീണ്ടും ചതിക്കപ്പെട്ടു എന്ന തോന്നൽ ആ ബന്ധത്തിൽ അവർക്ക് അനുഭവപ്പെടും
ഇതിൽ നിന്നും പുറത്തേക്കു വരാനുള്ള മാർഗ്ഗം എന്താണെന്ന് നോക്കാം. എന്തുകൊണ്ടാണ് താൻ ഇങ്ങനെയായത് എന്നതിനെപ്പറ്റി ആലോചിച്ചു കാരണങ്ങൾ കണ്ടെത്തുക എന്നതാണ് ആദ്യപടി. നടന്ന കാര്യങ്ങൾ ഒന്നും സ്വന്തം തെറ്റല്ല എന്ന സത്യത്തെ അംഗീകരിക്കാൻ ശ്രമിക്കണം. മറ്റാരെങ്കിലും കുറ്റപ്പെടുത്തി എങ്കിൽപ്പോലും അവർ അന്ന് പറഞ്ഞതൊന്നും ശരിയല്ല എന്നതിന്റെ കാരണങ്ങൾ കണ്ടെത്തുക. ഇതുവരെ ഉണ്ടായിരുന്ന ഭയങ്ങളെല്ലാം ഇങ്ങനെ ജീവിതാനുഭവം ഉണ്ടായ ആർക്കും ഉണ്ടാകാൻ സാധ്യതയുള്ളതാണ്. അതൊരു തെറ്റല്ല എന്ന് മനസ്സിലാക്കി സ്വയം കരുണയോടെ മനസ്സിൽ സംസാരിക്കാൻ ശ്രമിക്കണം.
നല്ല ഒരു സൗഹൃദം എന്താണ് എന്ന് മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കണം. എങ്ങനെ ഒരു വ്യക്തിയെ വിശ്വസിക്കാൻ കഴിയും എന്നും മനസ്സിലാക്കണം. പല വർഷങ്ങളായി നേരിടുന്ന ഒരു ഭയമാണ് ഇതെന്നതിനാൽ ആവശ്യമെങ്കിൽ മനഃശാസ്ത്ര ചികിത്സതേടാൻ മടിക്കരുത്.
(തിരുവല്ലായിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസാണ് ലേഖിക. ഫോൺ നമ്പർ : 8281933323)
പുതുവർഷത്തിലെടുക്കാം ആറ് പുത്തന്‍ തീരുമാനങ്ങൾ