ഈ ചിന്തകൾ നിങ്ങളുടെ മനസിനെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതറിയണം

By Priya Varghese  |  First Published May 19, 2022, 4:23 PM IST

എനിക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന് മറ്റുള്ളവർ അറിയുന്നതിലും ഭേദം മരിക്കുന്നതാണ് എന്നുപോലും മിക്ക ആളുകളും ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ജോലിസ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഒന്നും തന്നെ മാനസിക പ്രശ്നമുള്ളവരെ ചേർത്തുപിടിക്കുന്നതിനോ ആവശ്യമായ സഹകരണം നൽകുന്നതിനോ യാതൊരു പ്രാധാന്യവും ലഭിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. 


മറ്റുള്ളവർ എല്ലാം നല്ല മനുഷ്യർ ഞാൻ മാത്രം പരാജയം ഇതു പറഞ്ഞു കരഞ്ഞു കൊണ്ട് സൈക്കോളജിസ്‌റ്റിനെ കാണാൻ വരുന്ന വ്യക്തികൾ ജോലി നേടാൻ കഴിയാത്തവർ, കുറഞ്ഞ വിദ്യാഭ്യാസമുള്ളവർ, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, ബുദ്ധി കുറഞ്ഞവർ, ഭംഗി കുറഞ്ഞവർ എന്നെല്ലാമാണ് എന്ന് നാം കരുതുന്നുണ്ട് എങ്കിൽ നമുക്കു തെറ്റി.

മറ്റുള്ളവർ നോക്കുമ്പോൾ എല്ലാം നേടിയവർ എന്ന് തോന്നുന്ന വ്യക്തികൾ ആത്മഹത്യ ചെയ്തു എന്ന് കേട്ടാൽ നമുക്കു വിശ്വസിക്കാനാകുമോ? എല്ലാ സാമൂഹിക- സാമ്പത്തിക അവസ്ഥയിലും ഉള്ള, ഏതു പ്രായത്തിലും ഉള്ള ആളുകൾക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. അവരെ പരിഹസിക്കുക അല്ല വേണ്ടത്, അവരെ ചേർത്തു പിടിക്കുകയാണ്.

Latest Videos

ടെൻഷൻ തീരെ സഹിക്കാനാവുന്നില്ല, ജോലി ഭാരം, മനസ്സു തകർന്ന അവസ്ഥ- മനസ്സു ശാന്തമാകുംവരെ ജോലിയിൽ അവധിയെടുത്തു പ്രവേശിക്കാൻ അഭിപ്രായപ്പെടുമ്പോൾ, അതിനാവശ്യമായ സഹായം നൽകാം എന്നാവശ്യപ്പെടുമ്പോൾപോലും എല്ലാവർക്കും ഭയമാണ്. 

എനിക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന് മറ്റുള്ളവർ അറിയുന്നതിലും ഭേദം മരിക്കുന്നതാണ് എന്നുപോലും മിക്ക ആളുകളും ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ജോലിസ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഒന്നും തന്നെ മാനസിക പ്രശ്നമുള്ളവരെ ചേർത്തുപിടിക്കുന്നതിനോ ആവശ്യമായ സഹകരണം നൽകുന്നതിനോ യാതൊരു പ്രാധാന്യവും ലഭിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. 

എനിക്ക് ചുറ്റുമുള്ളവർ എല്ലാം പെർഫെക്റ്റ് ആണ് ഞാൻ മാത്രം ഒരു പരാജയമാണ് എന്ന തെറ്റായ ചിന്ത മനസ്സിൽ കയറി കൂടുന്നത് ആളുകളെ സ്വയം വിലയില്ലാതാകുന്ന, സ്വയം വെറുക്കുന്ന വ്യക്തികളാക്കിതീർക്കും. സ്വയം വിലയില്ലായ്മ അനുഭവപ്പെടുന്ന പെർഫെക്ഷൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ കുട്ടിക്കാലം പരിശോധിക്കുമ്പോൾ പലപ്പോഴും വളരെ ചെറിയ പ്രായം മുതലേ ആ വ്യക്തിയിൽ നിന്നും എല്ലാ കാര്യത്തിലും അങ്ങേയറ്റം മികവാഗ്രഹിക്കുന്ന മാതാപിതാക്കളോ അടുത്ത കുടുംബാംഗങ്ങളോ ഉള്ളതായി കാണാൻ കഴിയും. 

ചെറിയ പ്രായം മുതലേ ആ വ്യക്തിയെ ചെറിയ കാര്യങ്ങൾക്കുപോലും വലിയ ശിക്ഷ നൽകി, അങ്ങേയറ്റം സ്വയം നാണക്കേടു തോന്നിപ്പിക്കുന്ന അവസ്ഥയിൽ വളർത്തിക്കൊണ്ടു വരുന്ന ഒരു രീതി ഉണ്ടായിരുന്നതായി മനസ്സിലാക്കാൻ കഴിയും. 

കുട്ടിയായിരുന്ന സമയങ്ങളിൽ ചിലപ്പോൾ ശാരീരിക രോഗങ്ങളുടെ ലക്ഷണമായി മനസ്സിനെ സങ്കടത്തെ ആ വ്യക്തി പ്രകടമാക്കിയിട്ടുണ്ടാകാം. ചിലപ്പോൾ അധികം കൂട്ടുകാർ ഇല്ലാതെ ഉൾവലിഞ്ഞ സ്വഭാവം പ്രകടമാക്കാം. വലിയ ടെൻഷനോടുകൂടി പരീക്ഷ, ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തിട്ടുണ്ടാകും. എല്ലാ സാഹചര്യങ്ങളിലും ഞാൻ  ഒരു പരാജയമാണ് എന്ന ചിന്തയിൽ എല്ലാ കുഴപ്പങ്ങളുടെയും കാരണം ഞാനാണ് എന്ന വിശ്വാസംപോലെ അത് മാറിയിട്ടുണ്ടാകും.

മാതാപിതാക്കളുടെ ഭാഗത്തുനിന്നുമുള്ള വലിയ പ്രഷർ അനുഭവിക്കുന്ന കുട്ടികൾ ഉണ്ട്. കുട്ടിയുടെ ഇഷ്ടങ്ങൾക്കോ അഭിപ്രായങ്ങൾക്കോ വില നൽകാതെ പോകുന്നത് ഭാവിയിൽ പ്രശ്നങ്ങളെ നേരിടാനുള്ള കരുത്തു നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടാക്കും. 

പഠനം, ജോലി, വിവാഹം- ഇങ്ങനെ എല്ലാ കാര്യങ്ങളിലും പെർഫെക്ഷൻ വേണമെന്ന് വാശിപിടിക്കുന്ന ആളുകളാണ് നമ്മൾ ഭൂരിഭാഗവും. പരീക്ഷയ്ക്ക് മാർക്ക് നേടുകയാണ് ജീവിതവിജയം എന്ന് നമ്മൾ പലരും വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ വിജയം എന്നതിൽ പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം, സാമ്പത്തിക അച്ചടക്കം, മാനസികാരോഗ്യം എന്നിവയൊന്നും ഉള്ളതായി പലപ്പോഴും കണക്കാക്കപ്പെടുന്നില്ല. 

ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുക എന്നതാണ് നല്ല ഉദ്യോഗസ്ഥന്റെ ലക്ഷണം എന്ന് നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകുന്നതിന് പ്രാധാന്യം കൊടുക്കാതെ പോകുന്നു. ജോലി സ്ഥലങ്ങളിലും അതിനുള്ള പ്രാധാന്യം ലഭിക്കുന്നില്ല. 

വിവാഹം എന്നാൽ നൂറുശതമാനം പൊരുത്തവും, ഒരു പ്രശ്നങ്ങളും ഉണ്ടാകാതെ, നൂറുശതമാനം സഹന ശക്തി പ്രകടമാക്കാൻ കഴിയുക എന്നതാണ് എന്ന് കരുതുമ്പോൾ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള അവസരം കിട്ടാതെ പോകുന്നു. പരസ്പരം കുറ്റപ്പെടുത്തി ആർക്കും സമാധാനം കിട്ടാത്ത ഒരിടമായി കുടുംബങ്ങൾ മാറുന്നു. ഒരു പെർഫെക്റ്റ് ലൈഫ് സാധ്യമാണോ? ചിലതിൽ സാധ്യമാണ് എങ്കിലും എല്ലാ കാര്യങ്ങളിലും അതു സാധ്യമാണോ? അങ്ങനെ അല്ല എന്നത് നമ്മെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരവസരമായി കാണുന്നതല്ലേ വിഷാദത്തിൽ വീണുപോകാതെ നമ്മെ സഹായിക്കുന്നത്?

എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, തിരുവല്ല
For appointments call: 8921278461 

Read more മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ വഴക്ക് കൂടിയാൽ...
 

click me!