കുറച്ച് നാളുകള്‍ക്ക് ശേഷമാണ് തനിക്ക് വീണ്ടും മുഖക്കുരു വന്നതെന്നും ഒരു ഷോയ്ക്ക് വേണ്ടി ഹൈദരാബാദ് പോയതിന് ശേഷം അവിടത്തെ ഭക്ഷണവും തിരക്ക് പിടിച്ച ജോലിയും കാരണം ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ശില്‍പ പുതിയ വീഡിയോയില്‍ പറയുന്നു.
മുഖക്കുരു ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. അത് ചിലരില്‍ വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകള്‍ക്കും കാരണമാകാറുണ്ട്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ ഒരു പരിധി വരെ നേരിടാം. ഇനി മുഖക്കുരു മാറിയാലോ, അവയുണ്ടാക്കിയ കറുത്ത പാടുകളാകാം അടുത്ത പ്രശ്നം.
എന്തായാലും മുഖക്കുരു അകറ്റാന്‍ വീട്ടില്‍ ലഭ്യമായ രണ്ട് വസ്തുക്കള്‍ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന ഒരു ഫേസ് പാക്ക് പങ്കുവയ്ക്കുകയാണ് നടിയും അവതാരകയുമായ ശില്‍പ ബാല. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് ശില്‍പ വീഡിയോ പങ്കുവച്ചത്. മുമ്പും താരം എങ്ങനെയായിരുന്നു മുഖക്കുരു തനിക്ക് വലിയൊരു പ്രശ്‌നമായതെന്നും, അത് എങ്ങനെയാണ് ഒരു സര്‍ജറിയിലൂടെ മറികടന്നത് എന്നും പറഞ്ഞിട്ടുണ്ട്.
'ആദ്യമായി മുഖക്കുരു വന്നപ്പോള്‍ കരുതിയത്, പ്രായത്തിന്‍റെ ഭാഗമായി എല്ലാവര്‍ക്കും വരുന്നതുപോലെ വന്നതാണെന്നാണ്. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ കുറച്ച് അധികമായി വരാന്‍ തുടങ്ങി. ആ സമയത്ത് ദുബൈയില്‍ ചില ഷോകള്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ക്യാമറയില്‍ കുരു കിട്ടാതിരിക്കാന്‍ കൂടുതല്‍ മേക്കപ്പ് ചെയ്യേണ്ടിവന്നു. അങ്ങനെയങ്ങനെ ആത്മവിശ്വാസം ഏറക്കുറെ മുഴുവനായും നഷ്ടമായി. മാനസികമായും ചില പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായി വന്നു. അങ്ങനെയാണ് ഡോക്ടറെ കാണുന്നതും ട്രീറ്റ്‌മെന്‍റുകള്‍ എടുക്കുന്നതും. പ്രശ്‌നങ്ങള്‍ ഏറെക്കുറെ ശരിയായി വന്നു. പക്ഷെ അതിന്റെയെല്ലാം ഭാഗമായി മറ്റ് സ്‌കിന്‍ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു സര്‍ജറിയിലേക്കെത്തുന്നത്' - ശില്‍പ അന്ന് പറഞ്ഞത് ഇങ്ങനെ.
എന്തായാലും കുറച്ച് നാളുകള്‍ക്ക് ശേഷമാണ് തനിക്ക് വീണ്ടും മുഖക്കുരു വന്നതെന്നും ഒരു ഷോയ്ക്ക് വേണ്ടി ഹൈദരാബാദ് പോയതിന് ശേഷം അവിടത്തെ ഭക്ഷണവും തിരക്ക് പിടിച്ച ജോലിയും കാരണം ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ശില്‍പ പുതിയ വീഡിയോയില്‍ പറയുന്നു. എന്തായാലും കഴിഞ്ഞ മൂന്ന് ആഴ്ചയായി ഒരു ഫേസ് പാക്ക് താന്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കുന്നുണ്ടെന്നും അത് തന്നെ മുഖക്കുരുവിനെ തുരത്താന്‍ സഹായിച്ചു എന്നുമാണ് ശില്‍പ പറയുന്നത്.
ഏറ്റവും എളുപ്പത്തില്‍ വീട്ടില്‍ വച്ച് തയ്യാറാക്കാവുന്ന ഒരു ഫേസ് പാക്കാണ് ഇതെന്നും താരം പറയുന്നു. ഇതിനായി വേണ്ടി വരുന്നത് രണ്ട് വസ്തുക്കള്‍ മാത്രമാണ്.
1. ഗ്രീന്‍ ടീ
ആരോഗ്യം മാത്രമല്ല സൗന്ദര്യം വർധിപ്പിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. വിറ്റാമിൻ ഇ അടങ്ങിയ ഗ്രീന്‍ ടീ ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ഗ്രീന്‍ ടീയിലുള്ള കാറ്റെക്കിന്‍സ് എന്ന ഘടകം ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ മുഖക്കുരുവിനെ തുരത്താനും സഹായിക്കും. കൂടാതെ ഗ്രീന്‍ ടീ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും സൂര്യാഘാതം മൂലമുണ്ടാകുന്ന കറുത്ത പാടുകൾ, മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകള്‍ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.
2. കറ്റാര്‍വാഴ ജെല്‍
ചർമ്മപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നു. കറ്റാർവാഴയിലുള്ള പോളിസാക്രറൈഡുകളും ഗിബ്ബെറെല്ലിനുകളും മുഖക്കുരു, ചുവന്ന തടിപ്പുകൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ സൂര്യാതാപം ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽനിന്ന് ഇതൊരു പരിഹാരമാർഗമാണ്. കൂടാതെ കറ്റാർവാഴ ജെൽ ഒന്നാന്തരമൊരു മോയിസ്ചറൈസർ ആണ്. കറ്റാർവാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റ- കരോട്ടിൻ എന്നിവ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഒഴിവാക്കി ചെറുപ്പം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.
ശില്‍പ സ്പെഷ്യല്‍ ഫേസ് പാക്ക് തയ്യാറാക്കേണ്ട വിധം:
ആദ്യം വെള്ളം ചൂടാക്കാന്‍ വയ്ക്കുക. ശേഷം അതിലേയ്ക്ക് ഗ്രീന്‍ ടീ ബാഗ് പൊട്ടിച്ച് ഇടുക. ഫ്ലേവറുകള്‍ ചേരാത്ത ഗ്രീന്‍ ടീ ആണെങ്കില്‍ അത്രയും നല്ലതെന്നും ശില്‍പ പറയുന്നു. ഇനി തിളപ്പിച്ച ഗ്രീന്‍ ടീ മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക. ശേഷം ഇത് തണുക്കാനായി കുറച്ച് സമയം വയ്ക്കുക. തണുത്തതിന് ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം സ്പ്രേ ബോട്ടലിലേയക്ക് മാറ്റാം. ശേഷം ഇവ മുഖത്ത് സ്പ്രേ ചെയ്യാം. മുഖക്കുരു ഉള്ള ഭാഗത്ത് കുറച്ച് കൂടുതല്‍ സ്പ്രേ ചെയ്യാം. 2- 3 മണിക്കൂറിന് ശേഷം മാത്രം കഴുകിയാല്‍ മതിയെന്നും താരം പറയുന്നു.
Also Read: മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ പത്ത് ഫേസ് പാക്കുകള്‍...