രണ്ടാമതൊരാള്‍ കൂടി വരുന്നുവെന്ന് ആദ്യകുഞ്ഞിനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ പലരും ഏറെ പാടുപെടാറുണ്ട്. കുഞ്ഞുങ്ങളെ ചെറുതിലേ തൊട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടുവരുന്നവരാണെങ്കില്‍ അവര്‍ക്ക് ഇക്കാര്യവും എളുപ്പമായിരിക്കും.
ആദ്യത്തെ കുഞ്ഞ് സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച് ഒരുപോലെ സവിശേഷമായ അനുഭവം തന്നെയാണ്.മിക്ക അമ്മമാര്‍ക്കും കുഞ്ഞുങ്ങളെ എങ്ങനെയാണ് നോക്കേണ്ടത് എന്നോ പരിപാലിക്കേണ്ടത് എന്നോ കൈകാര്യം ചെയ്യേണ്ടത് എന്നോ എല്ലാം അറിയണമെന്നില്ല. അച്ഛന്മാരുടെ കാര്യമാണെങ്കില്‍ ഇതിലും കഷ്ടമായിരിക്കും. എങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചും പരിശീലിച്ചും അവര്‍ കുഞ്ഞിനെ വളര്‍ത്തും.
ഏതായാലും രണ്ടാമതൊരു കുട്ടിയാകുമ്പോഴേക്ക് ഒരുപാട് കാര്യങ്ങളും അച്ഛനമ്മമാര്‍ പഠിക്കാറുണ്ട്. അതുകൊണ്ട് തന്നെ രണ്ടാത്തെ കുട്ടിയുടെ കാര്യത്തില്‍ മാനസിക സമ്മര്‍ദ്ദവും പൊതുവെ കുറയാറുണ്ട്.
എന്നാല്‍ രണ്ടാമതൊരാള്‍ കൂടി വരുന്നുവെന്ന് ആദ്യകുഞ്ഞിനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ പലരും ഏറെ പാടുപെടാറുണ്ട്. കുഞ്ഞുങ്ങളെ ചെറുതിലേ തൊട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടുവരുന്നവരാണെങ്കില്‍ അവര്‍ക്ക് ഇക്കാര്യവും എളുപ്പമായിരിക്കും. ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വാശിയും ദേഷ്യവും കുറയുകയും ചെയ്യും.
പുതിയ ആള്‍ വരുന്നുവെന്നതിനെ എല്ലായ്പോഴും ആദ്യകുഞ്ഞ് സന്തോഷപൂര്‍വം ഉള്‍ക്കൊള്ളണമെന്നില്ല. ഇത് മാതാപിതാക്കളുടെ കഴിവിന് അനുസരിച്ചിരിക്കും.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ഉണ്ട്. വീട്ടില്‍ പുതിയൊരു കുഞ്ഞ് കൂടി വരാൻ പോകുന്നുവെന്ന് അമ്മ മകളെ അറിയിക്കുന്ന രംഗമാണ് വീഡിയോയില്‍ കാണുന്നത്.
കഷ്ടി നാല് വയസ് പ്രായമൊക്കെയേ ഈ കൊച്ചുമിടുക്കിക്ക് കാണൂ. മോള് ചേച്ചിയാകാൻ പോകുന്നുവെന്നാണ് ആദ്യം അമ്മ ഇവളോട് പറയുന്നത്. താൻ നേരത്തെ തന്നെ ആര്‍ച്ചിക്ക് ചേച്ചിയാണല്ലോ എന്നാണ് കുഞ്ഞിന്‍റെ ആദ്യ മറുപടി. ആര്‍ച്ചി ഇവരുടെ വളര്‍ത്തുപട്ടിയാണ്. ഇതിനെയും വീഡിയോയില്‍ കാണാം.
അങ്ങനെയല്ല ശരിക്ക് മോള്‍ ചേച്ചിയാകാൻ പോകുന്നുവെന്നും പെണ്‍കുട്ടിയെ വേണോ ആണ്‍കുട്ടിയെ വേണോ എന്നും വീണ്ടും അമ്മ ചോദിക്കുന്നു. മിടുക്കിയായ കുഞ്ഞ് പെണ്‍കുഞ്ഞ് മതിയെന്ന് പറയുന്നു. കാരണം സഹോദരനായി അവള്‍ക്ക് ആര്‍ച്ചിയുണ്ടല്ലോ എന്ന്.
ശേഷം കുഞ്ഞിന് വേണ്ടി എന്തെല്ലാം ചെയ്യും, കുഞ്ഞ് വന്നാല്‍ എങ്ങനെയിരിക്കുമെന്നെല്ലാം വിശദീകരിക്കുകയാണിവള്‍. കുഞ്ഞിനൊപ്പം കളിക്കുമെന്നും ഭക്ഷണം കഴിക്കുമെന്നും കുഞ്ഞിന്‍റെ ഡയപര്‍ മാറ്റാൻ അമ്മയെ സഹായിക്കുമെന്ന് വരെ അവള്‍ വാക്ക് നല്‍കുന്നു.
ഇത് കേട്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ ചെറുപ്രായത്തില്‍ തന്നെ എത്ര ഉത്തരവാദിത്തോടെയാണ് അവള്‍ പെരുമാറുന്നത് എന്നാണ് ഏവരും പറയുന്നത്. കുഞ്ഞിന്‍റെ ഡയപര്‍ മാറ്റാൻ അമ്മയെ സഹായിക്കുമെന്ന് പറയണമെങ്കില്‍ അവളുടെ പക്വത എത്രയുണ്ടെന്ന് നമുക്ക് മനസിലാക്കാമെന്നും ഏവരും പറയുന്നു.
പതിനായിരക്കണക്കിന് പേരാണ് രസകരമായ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. ആദ്യ കുഞ്ഞിനോട് രണ്ടാമതൊരു കുഞ്ഞ് വരുന്ന കാര്യം പറയാൻ മടിക്കുന്ന അമ്മമാര്‍ക്കെല്ലാം മാതൃകയാക്കാം ഈ വീഡിയോ എന്നും ധാരാളം പേര്‍ പറയുന്നു.
Also Read:- മകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്ന അമ്മയുടെ പ്രതികരണം; വീഡിയോ...