ലോക സുന്ദരികളില്‍ ഒരാള്‍, 26ആം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; കണ്ണീരണിഞ്ഞ് ബന്ധുക്കളും ആരാധകരും

By Web Team  |  First Published Oct 16, 2023, 2:42 PM IST

"എന്‍റെ കുഞ്ഞു സഹോദരീ, ഉയര്‍ന്നു പറക്കുക. എപ്പോഴും എന്നെന്നും" - എന്നാണ് സഹോദരൻ കുറിച്ചത്


മിസ് വേള്‍ഡ് മത്സരാര്‍ത്ഥിയായിരുന്ന ഷെറിക ഡി അർമാസ് അന്തരിച്ചു. 26 വയസ്സായിരുന്നു. കാന്‍സര്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2015 ലെ മിസ് വേൾഡ് മത്സരത്തിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ചാണ് ഷെറിക മത്സരിച്ചത്. ഗര്‍ഭാശയമുഖ അര്‍ബുദത്തിന് (സെര്‍വിക്കല്‍ ക്യാന്‍സര്‍) കീമോ തെറാപ്പി, റെഡിയോ തെറാപ്പി ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം,

 "എന്‍റെ കുഞ്ഞു സഹോദരീ, ഉയര്‍ന്നു പറക്കുക. എപ്പോഴും എന്നെന്നും" - എന്നാണ് സഹോദരൻ മെയ്ക് ഡി അർമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാൾ എന്നാണ് 2022ലെ മിസ് യൂണിവേഴ്സ് ഉറുഗ്വേയായി തെരഞ്ഞെടുക്കപ്പെട്ട കാർല റൊമേറോ അനുസ്മരിച്ചത്.

Latest Videos

undefined

"ഞാൻ നിന്നെ എപ്പോഴും ഓർക്കും. എന്‍റെ വളര്‍ച്ച കാണാന്‍ നീ ആഗ്രഹിച്ചു. നീ എനിക്ക് എല്ലാ പിന്തുണയും നല്‍കി"-  2021ല്‍ മിസ് ഉറുഗ്വേ കിരീടം ചൂടിയ  ലോല ഡി ലോസ് സാന്റോസ് പറഞ്ഞു. 

മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ 18 വയസ്സായിരുന്നു ഷെറികയുടെ പ്രായം. മോഡലായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അന്ന് ഷെറിക പറയുകയുണ്ടായി- "ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണെന്ന് ഞാൻ കരുതുന്നു. എനിക്കിവിടെ മത്സരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്."

ക്യാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന പെരസ് സ്‌ക്രീമിനി ഫൗണ്ടേഷനു വേണ്ടി ഷെറിക സമയം നീക്കിവച്ചിരുന്നു. ഷെയ് ഡി അർമാസ് സ്റ്റുഡിയോ എന്ന പേരില്‍ സൌന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വില്‍പ്പനയും നടത്തി. 

'ഇതെന്‍റെ അവസാനവീഡിയോ ആയിരിക്കും'; ഗാസയില്‍ നിന്നുള്ള നഴ്സിന്‍റെ വീഡിയോ...

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളിൽ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറാണ് സെര്‍വിക്കല്‍ ക്യാൻസർ. 2018 ലെ കണക്ക് പ്രകാരം ലോകമെമ്പാടും 5,70,000 സ്ത്രീകൾക്ക് ഗർഭാശയ അർബുദം ബാധിച്ചിട്ടുണ്ട്. ഏകദേശം 3,11,000 സ്ത്രീകൾ ഈ രോഗം മൂലം മരിച്ചു. രോഗം എത്രയും വേഗം കണ്ടെത്തി ചികിത്സ തേടുക എന്നതാണ് പ്രധാനമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!